Thursday, September 04, 2008

അന്യഗ്രഹ ജീവികള്‍ക്കു വേണ്ടിയുള്ള തെരച്ചിലും ഡ്രേക്ക് സമവാക്യവും

ഭൂമിയിലെ ജീവന്റെ പരിണാമം ശാസ്ത്രീയമായി പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ഗാലക്സിയിലെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ചിലതിനെങ്കിലും, ഭൂമിക്കു സാമാനമായ അന്തരീക്ഷം ഉണ്ടാകുവാനും, എല്ലാ സാഹചര്യവും ഒത്തു വന്നാല്‍ അവിടെ ജീവനുണ്ടാകുവാനും ഉള്ള സാദ്ധ്യത തള്ളികളയാനാവില്ല. ഈ സാദ്ധ്യതയാ‍ണു ഭൂമിക്കു പുറത്തു വേറൊരു ജീവന്‍ തുടിക്കുന്ന സ്ഥലം ഉണ്ടോ എന്നു തെരയുവാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതു. അന്വേഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു സമവാക്യത്തെക്കുറിച്ചും, അതിനെചുറ്റിപറ്റിയുള്ള വിവാദങ്ങളെ കുറിച്ചുമാണു ഈ പോസ്റ്റ്.

നമ്മുടെ നിലവിലുള്ള സാങ്കേതികത ഉപയോഗിച്ച് ഒരു ബഹിരാകാശവാഹനം തൊട്ടടുത്ത നക്ഷത്രത്തിലേക്കു വിട്ടാല്‍ പോലും അവിടെ എത്താന്‍ വേണ്ടി വരുന്ന യാത്രാസമയം പതിനായിരക്കണക്കിനു കൊല്ലങ്ങളായിരിക്കും. അതിനാല്‍ തന്നെ ഒരു ബഹിരാകാശവാഹത്തില്‍ പോയി മറ്റു നക്ഷത്രങ്ങളുടെ ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളില്‍ പോയി പഠനം നടത്തുന്നതു മനുഷ്യനു അപ്രാപ്യമാണു. അപ്പോള്‍ പിന്നെ ശാസ്ത്രജ്ഞന്മാര്‍ക്കു ചെയ്യാനുള്ളതു ബഹിരാകാശത്തു നിന്നു വരുന്ന വിദ്യുത്കാന്തികതരംഗങ്ങളെ പഠിക്കുക എന്നതു മാത്രമാണു. വിദ്യുത് കാന്തികതതരംഗങ്ങളിള്‍ റേഡിയോ തരംഗങ്ങള്‍ക്കാണു ഇത്തരം പഠനത്തില്‍ ഏറ്റവും പ്രാധാന്യം. അതിന്റെ കാരണം നക്ഷത്രാന്തരീയ മാദ്ധ്യമത്തിലെ വിവിധതടസ്സങ്ങളെ മറി കടന്നു ഭൂമിയിലെത്താനുള്ള റേഡിയോ തരംങ്ങളുടെ കഴിവാണു (ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാകാന്‍ വിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവും എന്ന പോസ്റ്റ് കാണുക).

അന്യഗ്രഹങ്ങളിലെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഓരോ സാങ്കേകിതയും വികസിച്ചു വരുന്നതിനു ഒപ്പം തന്നെ തുടങ്ങുന്നു. റേഡിയോ ജ്യോതിശാസ്ത്രം ശക്തിപ്രാപിച്ച 1950-കളുടെ ശേഷമാണു അതു അന്യഗ്രഹങ്ങളിലെ ജീവന്‍ തെരയാന്‍ ഉപയോഗിച്ചു തുടങ്ങിയത്. അതിനു ശേഷം കഴിഞ്ഞ കുറച്ചു ദശകങ്ങളായി അന്യഗ്രഹങ്ങളില്‍ നിന്നുള്ള റേഡിയോ പ്രസരണങ്ങള്‍ തെരഞ്ഞുപിടിച്ചു പഠിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണു. അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയയിലെ നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്ക് 1961-ല്‍, റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചു സൂര്യനോടു സാദൃശ്യമുള്ള രണ്ടു നക്ഷത്രങ്ങളായ Tau Ceti, Epsilon Eridani (നക്ഷത്രങ്ങള്‍ ഈ വിധത്തില്‍ പേരിടുന്നതു എങ്ങനെയെന്നു മനസ്സിലാക്കാന്‍ നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന്, നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട് എന്നീ പോസ്റ്റുകള്‍ വായിക്കുക) എന്നീ നക്ഷത്രങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സൂക്ഷമമായി പഠിക്കുന്നതാണു ഈ മേഖലയിലെ ആദ്യത്തെ പ്രധാന ചുവടുവെപ്പു്. പക്ഷെ പ്രതീക്ഷിച്ച ഫലം അതിനു കിട്ടിയില്ല. അതിനു ശേഷം കഴിഞ്ഞ കുറേ ദശകങ്ങളായി നിരവധി നിരീക്ഷണപഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ഈ മേഖലയില്‍ നിലവില്‍ ഏറ്റവും ഗൌരവത്തിലുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നതു SETI Institute-ന്റെ പഠനങ്ങളില്‍ ആണു. ഇതിനകം നമ്മുടെ ഗാലക്സിയില്‍, സൂര്യനെപ്പോലുള്ള 1000ത്തോളം നക്ഷത്രങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ ഇവര്‍ പഠനങ്ങള്‍ക്കു വിധേയമാക്കി. പക്ഷെ ഇതു വരെയുള്ള പരീക്ഷണങ്ങളില്‍ സന്തോഷസൂചകമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ഈ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പരാജയത്തില്‍ മനംമടുത്ത് ഈ മേഖലയിലെ പഠനം ശാസ്ത്രജ്ഞര്‍ ഉപേക്ഷിക്കണമോ? അനന്തമായി പരന്നുകിടക്കുന്ന ബഹിരാകാശത്തു നിന്നു റേഡിയോ തരംഗങ്ങളെ പഠിക്കുന്ന ഒരു ജ്യോതിശാസ്ത്രജ്ഞനു ഒരു അന്യഗ്രഹത്തില്‍ നിന്നുള്ള റേഡിയോ തരംഗം കിട്ടാനുള്ള സാദ്ധ്യത എത്രത്തോളം ഉണ്ട്? എത്ര നക്ഷത്രങ്ങളെ പഠിച്ചുകഴിഞ്ഞാല്‍ പ്രതീക്ഷയുടെ ചെറുകണികയെങ്കിലും തരുന്ന വിധത്തില്‍ ഉള്ള റേഡിയോ തരംഗങ്ങള്‍ കിട്ടും? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ജ്യോതിശാസ്ത്രജ്ഞര്‍ അഭിമുഖീകരിച്ചു. ഈ ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കാനുള്ള ഉദ്യമം ആദ്യം നടത്തിയത് ഇപ്പോള്‍ കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയിലെ അസ്ട്രോണമി പ്രൊഫസര്‍ ആയ ഫ്രാങ്ക് ഡ്രേക്ക് ആയിരുന്നു. ഒരു ഗാലക്സിയിലെ, സാങ്കേതികമായി മുന്നേറ്റം ഉണ്ടാക്കിയ സംസ്ക്കാരങ്ങളുടെ എണ്ണം, ലളിതമായ ഒരു സമവാക്യം ഉപയോഗിച്ചു കണ്ടെത്താം എന്ന അഭിപ്രായം ഫ്രാങ്ക് ഡ്രേക്ക് മുന്നോട്ടു വെച്ചു. ആ സമവാക്യം ആണു ഇന്നു Drake equation (ഡ്രേക്ക് സമവാക്യം) എന്ന പേരില്‍ വളരെ പ്രശസ്തമായ സമവാക്യം. ഡ്രേക്ക് സമവാക്യം താഴെ പറയുന്ന വിധമാണു.

N= R* fp ne fl fi fc L

ഈ സമവാക്യത്തിലെ വിവിധ ഗണങ്ങളുടെ വിശദീകരണം താഴെ പറയുന്ന വിധമാണു.

N = ഒരു ഗാലക്സിയില്‍ ജീവനുണ്ടാവാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം.
R* = ഗാലക്സിയില്‍ പുതുനക്ഷത്രങ്ങള്‍ പിറക്കുന്നതിന്റെ തോത്. (പ്രതിവര്‍ഷത്തില്‍ എത്ര നക്ഷത്രം എന്ന തോതില്‍)
fp = ഗ്രഹങ്ങള്ള നക്ഷത്രങ്ങളുടെ ശതമാനം
ne = ഒരു നക്ഷത്രത്തില്‍, ഭൂമിയെപോലെ ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
fl = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉടലെടുത്തതിന്റെ ശതമാനം
fi = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ ശതമാനം
fc = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിക്കുകയും മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ചെയ്ത ഗ്രഹങ്ങളുടെ എണ്ണം
L = മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ആ ആശയം വിനിമയം നിലനിക്ക്കുകയും ചെയ്യുന്ന പരമാവധി ദൈര്‍ഘ്യം(വര്‍ഷത്തില്‍)

ഡ്രേക്ക് സമവാക്യത്തിന്റെ പ്രത്യേകത ഒരു ഗാലക്സിയില്‍ ഭൂമിയേ പോലെ ഉള്ള ഗ്രഹങ്ങളുടെ എണ്ണത്തിന്റെ ഒരു അനുമാനക്കണക്ക് കൂട്ടിയെടുക്കാന്‍ അതു സഹായിക്കുന്നു എന്നതാണു. ഈ സമവാക്യത്തിലെ ചില ഗണങ്ങളുടെ ഉത്തരം നമുക്കു നക്ഷത്രങ്ങളുടെ പരിണാമത്തെ കുറിച്ചുള്ള പഠനത്തിലൂടെ എളുപ്പം കണ്ടെത്താവുന്നതാണു. ഉദാഹരണത്തിനു R* fp എന്നീ ഗണങ്ങള്‍.

ഡ്രേക്ക് സമവാക്യം ഉപയോഗിച്ചുള്ള കണക്കുകൂട്ടല്‍

വിവിധ ലോജിക്കുകള്‍ ഉപയോഗിച്ചു ഈ സമവാക്യം നിര്‍ദ്ധാരണം ചെയ്യാന്‍ നമുക്കൊന്നു ശ്രമിക്കാം.

R* എന്ന ഗണം പരിഗണിക്കുമ്പോള്‍ നമ്മള്‍ സൂര്യന്റെ പിണ്ഡത്തിന്റെ 1.5 ഇരട്ടിയില്‍ കൂടുതലുള്ള നക്ഷത്രങ്ങളെ ഒക്കെ ഒഴിവാക്കാം . കാരണം നക്ഷത്രത്തിന്റെ പിണ്ഡം കൂടും തോറും അതിന്റെ ജീവിതദൈര്‍ഘ്യം കുറഞ്ഞു വരും. അതിനാല്‍ പിണ്ഡം കൂടുതലുള്ള നക്ഷത്രങ്ങളീല്‍ ജീവന്‍ ഉടലെടുക്കാനുള്ള സാദ്ധ്യത തീര്‍ത്തും ഇല്ലാതാകും. അതേ പോലെ സൂര്യന്റെ പിണ്ഡത്തിനു താഴെ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ പ്രകാശം വളരെ കമ്മിയായിരിക്കും. അതിനാല്‍ അതിനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഭൌമസമാനമായ അന്തരീക്ഷത്തിനു സാദ്ധ്യത ഇല്ല. ചുരുക്കത്തില്‍ സൂര്യന്റെ പിണ്ഡത്തിന്റെ ഒന്നു മുതല്‍ 1.5 ഇരട്ടി പിണ്ഡം വരെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിലാണു ജീവന്‍ ഉടലെടുക്കാനുള്ള സാദ്ധ്യത ഉള്ളതു. വിശദമായി നടത്തിയ സൈദ്ധാന്തിക പഠനങ്ങളിലൂടെ ഒരു വര്‍ഷം ഒരു ഗാലക്സിയില്‍ പരമാവധി 1 നക്ഷത്രം അത്തരത്തില്‍ പിറവിയെടുക്കും എന്നു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയെടുത്തു. ഇതേ പോലെയുള്ള യുക്തി ഉപയോഗിച്ച് fp യുടെ മൂല്യവും 1 തന്നെയാണെന്നു കണക്കുകൂട്ടിയെടുക്കാവുതാണു.

പക്ഷെ ഡ്രേക്ക് സമവാക്യത്തിലെ ബാക്കിയുള്ള ഗണങ്ങളുടെ മൂല്യം ഇതു പോലെ എളുപ്പത്തില്‍ കണക്കുകൂട്ടിയെടുക്കാന്‍ പറ്റില്ല. അതിനാല്‍ ചില അനുമാനങ്ങള്‍ വച്ച് ബാക്കിയുള്ള ഗണങ്ങളുടെ മൂല്യം കണക്കാക്കി ഡ്രേക്ക് സമവാക്യത്തിന്റെ ഉത്തരത്തില്‍ എത്താന്‍ നോക്കാം.

ഇതിനു മുന്‍പുള്ള നിയമങ്ങള്‍ ഒക്കെ പാലിക്കുന്ന ഒരു നക്ഷത്രയൂഥത്തില്‍ ജീവനു അനുയോജ്യമായ എത്ര ഗ്രഹങ്ങള്‍ ഉണ്ടാകും എന്നതു നമുക്കു ഇന്നത്തെ അറിവു വെച്ച് ഊഹിക്കാന്‍ പറ്റില്ല. നമ്മുടെ സൗരയൂഥം ഉദാഹരണം ആയി എടുത്താല്‍, ഇത്തരം നക്ഷത്രയൂഥത്തില്‍ ne യുടെ മൂല്യം 1 ആണെന്നു വരും.പക്ഷെ നമുക്കു കുറച്ചു കൂടി റെസ്ട്രിക്റ്റീവ് ആകാം. ഇത്തരം നക്ഷത്രങ്ങളില്‍ പത്തിലൊന്നിനേ ജീവനു അനുയോജ്യമായ ഗ്രഹങ്ങള്‍ നിലനിര്‍ത്താനുള്ള ശേഷി ഉള്ളൂ എനു കരുതുക. അപ്പോള്‍ ne യുടെ മൂല്യം 0.1 ആണെന്നു വരുന്നു.

നമ്മള്‍ തെരഞ്ഞെടുത്ത ഇത്തരം ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളില്‍ എല്ലാം ഭൂമിയിലേതു പോലെ ജീവന്‍ പരിണമിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകും എന്നു കരുതുക. അതായതു fl ന്റെ മൂല്യം 1 ആണെന്നു വരുന്നു. ഈ കണക്കുകൂട്ടല്‍ സത്യത്തില്‍ ജീവശാസ്ത്രജ്ഞന്മാര്‍ക്കു പ്രിയപ്പെട്ട ഒരു മേഖലയാണു.

ഇതേ ലോജിക്കുകള്‍ ഉപയോഗിച്ച്, ഭൂമി ഉദാഹരണം ആയി എടുത്ത് fi ന്റെ മൂല്യം 1 ആണെന്നു വയ്ക്കുക. ഇത്തരം അനുമാനം വലിയ തെറ്റില്ലാതെ നടത്താവുന്ന വിധത്തില്‍ നക്ഷത്രങ്ങളുടെ എണ്ണം നമ്മള്‍ R* എന്ന ഗണത്തിലൂടെ നമ്മള്‍ കുറച്ച് കൊണ്ടു വന്നിട്ടുണ്ട്.

ശാസ്ത്രീയമായി നിരീക്ഷിച്ചാല്‍ ഒരു സംസ്കാരം ഉയര്‍ന്നു വരികയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും തങ്ങളുടെ ഗ്രഹത്തിനു പുറത്തേക്കു ആശയവിനിമയം നടത്താനുള്ള സാങ്കേതിക ജ്ഞാനം നേടിയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ fc യുടെ മൂല്യവും 1 ആണെനു വരുന്നു.

അവസാനത്തെ ഗണമായ L ആണു ഊഹിക്കാന്‍ ഏറ്റവും ബുദ്ധിമൂട്ടുള്ളത്. അന്തരീക്ഷവും സമുദ്രവും ഒക്കെ മലീമസമാവുകയും, അണ്വായുധങ്ങള്‍ ഒക്കെ ഉപയോഗിച്ച് അന്യോന്യം നശിപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഭൂമിയെ ഉദാഹരണം ആയി എടുത്താല്‍ L എന്നതു 100 വര്‍ഷം ആണെന്നു സങ്കല്‍പ്പിക്കാം.

ഇനി മുകളില്‍ ഊഹിച്ചെടുത്ത മൂല്യങ്ങള്‍ എല്ലാം കൂടി സമവാക്യത്തില്‍ കൊടുത്താല്‍ കിട്ടുന്ന ഉത്തരം എന്താണെണെന്നു നോക്കാം.


N= R* fp ne fl fi fc = 1 X 0.1 X 1 X 1 X 1 X 100 = 10

അതായത് N= 10.

ചുരുക്കത്തില്‍ നമ്മുടെ ഗാലക്സിയില്‍ കോടി കോടികണക്കിനു നക്ഷത്രങ്ങളുണ്ടെങ്കിലും, അത്രയും നക്ഷത്രങ്ങളില്‍ വെറും പത്തെണ്ണത്തില്‍ മാത്രമേ ജീവന്റെ കണിക ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങള്‍ ഉണ്ടാവൂ. ഈ നക്ഷ്ത്രസാഗരത്തില്‍ നിന്നു ജീവന്‍ നിലനില്ക്കുന്ന ഗ്രഹങ്ങള്‍ ഉള്ള നക്ഷത്രങ്ങളെ തേടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നു അനുമാനിക്കാവുന്നതേ ഉള്ളൂ. ഡ്രേക്ക് സമവാക്യം ശരിയാണെന്നു വന്നാല്‍ ഈ ഒരു കാരണം കൊണ്ടു തന്നെയാണു വിജയതീരത്തടുക്കാന്‍ പ്രയാസവും.

ഡ്രേക്ക് സമവാക്യത്തിലെ ഗണങ്ങള്‍ക്ക് വിവിധതരത്തിലുള്ള മൂല്യങ്ങള്‍ ഉപയോഗിച്ച് പല ശാസ്ത്രജ്ഞര്‍ പല വിധ സംഖ്യകള്‍ നിര്‍ധാരണം ചെയ്തെടുത്തു. ഒരു ഗാലക്സിയില്‍ ഒരു നക്ഷത്രയൂഥത്തിനു മാത്രമേ ഭൂമിയെപ്പോലെയുള്ള നിലകൈവരിക്കാന്‍ പറ്റൂ എന്നും, ആകാശഗംഗാ ഗാലക്സിയില്‍ അതു നമ്മളായതു കൊണ്ട് ഇനി നമ്മുടെ ഗാലക്സിയില്‍ തെരയുന്നതില്‍ കാര്യമില്ല എന്നും വാദിക്കുന്ന ചില ശാസ്ത്രജ്നമാര്‍ ഉണ്ട്. അവരുടെ അഭിപ്രായത്തില്‍ നമ്മുടെ ഗാലക്സിക്കു പുറത്താണു ഇതിനുള്ള അന്വേഷണം നടത്തേണ്ടതു. മറ്റു ഗാലക്സികളിലെ നക്ഷത്രങ്ങളെ പഠിക്കുക എന്നതു അതീവ പ്രയാസകരമായ കാര്യമാണു. ചുരുക്കത്തില്‍ അന്യഗ്രഹജീവികളെ തേടിയുള്ള നമ്മുടെ യാത്ര ഇപ്പോഴും തുടരുകയാണു.

വിമര്‍ശനങ്ങള്‍

ഈ സമവാക്യം ഉപയോഗിച്ച് വിവിധ ലോജിക്കുകള്‍ ഉപയോഗിച്ച് പല ഉത്തരങ്ങളില്‍ എത്തിച്ചേരാം . അതു കൊണ്ടു തന്നെ ഇതു ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവരുണ്ട്. SETI Institute-ന്റെ പഠനങ്ങളും ഡ്രേക് സമവാക്യവും എല്ലാം കപട ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരുടെ സ്രൃഷ്ടിയാണെന്നും വാദിക്കുന്നവര്‍ ഉണ്ട്.

The Drake equation cannot be tested and therefore SETI is not science. SETI is unquestionably a religion.

എന്നാണു പ്രശസ്ത്നായ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടതു.


പക്ഷെ പൊതുധാരയില്‍ നിന്നു വേറിട്ടു ചിന്തിക്കുന്ന ചിലരാണു പല പ്രധാന ശാസ്ത്രകണ്ടെത്തലുകളൂടേയും പിറകില്‍ എന്നത് ആലോചിക്കുമ്പോള്‍ വേറൊരു സാദ്ധ്യത മുന്നോട്ടു വയ്ക്കുന്നതു വരെ SETI Institute-പോലുള്ള സ്ഥാപനങ്ങളുടെ പഠനങ്ങളും, ഡ്രേക് സമവാക്യവും ഒക്കെ സജീവമായി ഇവിടെത്തന്നെ കാണും.

13 comments:

joy said...

a+b+c-a-b-c=0

Nishedhi said...

ഒന്നുകൂടി ചുരുക്കി എഴുതിയാല്‍ നന്നായിരുന്നു. ആശംസകള്‍!

സന്തോഷ് said...

വീണ്ടും എഴുതിത്തുടങ്ങിയതില്‍ സന്തോഷം!

മൂര്‍ത്തി said...

നന്ദി ഷിജു...

തഥാഗതന്‍ said...

ഷിജു

വെല്‍ക്കം ബാക്ക്

PIN said...

good and infermative..
Thank you...

പാര്‍ത്ഥന്‍ said...

ഷിജു അലക്സ്‌,
പ്രപഞ്ചസത്യങ്ങളെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന താങ്കളുടെ ഇത്തരം ശ്രമങ്ങള്‍ക്ക്‌ ആശംസകള്‍.

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന്‌ ഭൗതികവാദികളും ജ്യോതിശാസ്ത്രജ്ഞന്മാരും വെറുതെ ഊഹിക്കുന്നു. ഒരു സമവാക്യം ഉണ്ടാക്കുന്നു. അതുപോലെത്തന്നെയല്ലെ ദൈവം ഉണ്ട്‌ എന്നു പറയുന്ന അന്ധ/വിശ്വാസികളും. (ഇത്‌ വെറുതെ തമാശക്കു പറഞ്ഞതാണ്‌)

എന്റെ ചോദ്യം ഇതാണ്‌:
ഭൂമിയിലെ ജീവികളുടെ ആവാസവ്യവസ്ഥകള്‍ തന്നെ മറ്റുഗ്രഹങ്ങളില്‍ ഉണ്ടെങ്കില്‍ അവിടെയും ജീവന്‍ ഉണ്ടാകും എന്ന്‌ അനുമാനിക്കുന്നു. എന്തുകൊണ്ട്‌ ഈ പ്രകൃതിശക്തിക്ക്‌ വേറെ ഒരു ആവാസവ്യവസ്ഥയില്‍ ജീവനെ സൃഷ്ടിച്ചുകൂടാ. അവിടത്തെ മനുഷ്യന്റെ ശരീര ഊഷ്മാവ്‌ 50 ഡിഗ്രിയാണെങ്കിലോ. അന്തരീക്ഷമര്‍ദ്ദവും വേറെയാവാം. വെള്ളം തിളക്കാന്‍ ഇതിനെക്കാള്‍ കൂടിയ ചൂട്‌ വേണ്ടിവന്നേയ്ക്കാം. എന്തു പറയുന്നു?

ഷിജു അലക്സ്‌‌: :Shiju Alex said...

പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച ജോയ്, നിഷേധി, സന്തൊഷേട്ടന്‍, മൂര്ത്തിച്ചേട്ടന്‍, തഥാഗതന്‍ ചെട്ടന്‍, പിന്‍, പാര്‍ത്ഥന്‍ ബാക്കി വായിച്ചു അഭ്പ്രായം പറയാതെ പോയവര്‍ക്കും നന്ദി.

പാര്‍ത്ഥന്‍,

അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന്‌ ഭൗതികവാദികളും ജ്യോതിശാസ്ത്രജ്ഞന്മാരും വെറുതെ ഊഹിക്കുന്നു. ഒരു സമവാക്യം ഉണ്ടാക്കുന്നു. അതുപോലെത്തന്നെയല്ലെ ദൈവം ഉണ്ട്‌ എന്നു പറയുന്ന അന്ധ/വിശ്വാസികളും. (ഇത്‌ വെറുതെ തമാശക്കു പറഞ്ഞതാണ്‌)

ഈ സമവാക്യത്തെ അധികരിച്ചാണു താന്കള്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന്‌ ഭൗതികവാദികളും ജ്യോതിശാസ്ത്രജ്ഞന്മാരും വെറുതെ ഊഹിക്കുന്നു. ഒരു സമവാക്യം ഉണ്ടാക്കുന്നു. എന്നു പറഞ്ഞതെന്കില്‍, അതിനെക്കുറിച്ചു ഞാന്‍ ലേഖനത്തിന്റെ അവസാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ കാരണങ്ങള്‍ ഒക്കെ കൊണ്ടു തന്നെയാണു ഈ സമവാക്യത്തെ ശാസ്ത്രലോകം അംഗീകരിക്കാതിരിക്കുന്നതും ഇതു ഇത്രയും വിമര്‍ശനവും വിവാദവും സൃഷ്ടിച്ച സമവാക്യം ആകുന്നതും.


എന്തുകൊണ്ട്‌ ഈ പ്രകൃതിശക്തിക്ക്‌ വേറെ ഒരു ആവാസവ്യവസ്ഥയില്‍ ജീവനെ സൃഷ്ടിച്ചുകൂടാ. അവിടത്തെ മനുഷ്യന്റെ ശരീര ഊഷ്മാവ്‌ 50 ഡിഗ്രിയാണെങ്കിലോ. അന്തരീക്ഷമര്‍ദ്ദവും വേറെയാവാം.

അതിനുള്ള ഉത്തരമല്ലേ നമ്മള്‍ തേടി കൊണ്ടിരിക്കുന്നതു. പക്ഷെ നമ്മള്ക്കു ഇന്നറിയുന്ന പദാര്‍ത്ഥത്തില്‍ (മൂലകം) നിന്നൊക്കെയാണു ആ പറയുന്ന ആവാസവ്യവസ്ഥ ഉയിരിരെടുക്കുന്നതെന്കില്‍ ഇങ്ങനെ ഒരു ആവാസവ്യവസ്ഥക്കേ സാദ്ധ്യത ഉള്ളൂ. ഭൗതീക നിയമങ്ങള്‍ പ്രപഞ്ചത്തിന്റെ രണ്ടു ഇടങ്ങളില്‍ രണ്ടു തരത്തിലാവാന്‍ പറ്റില്ലല്ലോ. എല്ലായിടത്തും ഹൈഡ്രജന്‍ അണുക്കള്‍ ഫ്റ്റൂസ് ചെയ്തു തന്നെ വേണം ഹീലിയം അണു ഉണ്ടാവാന്‍.

പിന്നെ ആന്റി മാറ്റര്‍ / ഡാര്‍ക്ക് മാറ്റര്‍ തുടങ്ങിയ സംഗതികളുടെ കാര്യം എനിക്കറിയില്ലേ. എന്തായാലും ഇതിനൊക്കെ ഉത്തരം തേടലാണല്ലോ മനുഷ്യജീവിതം. ഉത്തരം മുട്ടുമ്പോള്‍ എല്ലാം അജ്ഞാനനായ ഒരു ദൈവത്തിനു വിട്ടു കൊടുത്തു് അടിമയേ പോലെ ജീവിക്കലല്ലല്ലോ ജീവിതം.

വെള്ളം തിളക്കാന്‍ ഇതിനെക്കാള്‍ കൂടിയ ചൂട്‌ വേണ്ടിവന്നേയ്ക്കാം. എന്തു പറയുന്നു?

വെള്ളം തിളക്കുന്ന താപനില വ്യത്യാസപ്പെടുത്താന്‍ അന്തരീക്ഷമര്ദ്ദം വ്യത്യാസം വന്നാല്‍ മതി. അതിനു വേറെ ഒരു ആവാസവ്യവസ്ഥ ഒന്നും വേണ്ട. മര്ദ്ദം വ്യത്യാസപ്പെടുത്തുമ്പ്പോള്‍ വെള്ളത്തിന്റെ തിളനില മാറുന്നതിനെക്കുറിച്ചു നമ്മല്‍ സ്കൂളില്‍ പഠിക്കുന്നുണ്ട് എന്നാണു എന്റെ ഓര്‍മ്മ.

ടോട്ടോചാന്‍ (edukeralam) said...

പണ്ടെങ്ങോ കേട്ടിട്ടുണ്ടായിരുന്നു ഇത്തരം ഒരു സമവാക്യത്തെക്കുറിച്ച്. വിവരങ്ങള്‍ പ്രയോജനപ്പെടും.നന്ദി ഷിജു,

പിന്നെ പാര്‍ത്ഥന്‍,
ഈ സമവാക്യത്തെ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടില്ല. പിന്നെ തെളിവുകള്‍ ലഭിക്കാതെ (പരീക്ഷണ യോഗ്യമായ തെളിവുകള്‍) അംഗീകരിക്കുകയുമില്ല.

ഭൂമിയുടേതുപോലെ ഒരു ഗ്രഹത്തിലേ ജീവന്‍ എന്ന പ്രതിഭാസം ഉണ്ടാകാവൂ എന്ന് നിര്‍ബന്ധമില്ല. അതി ശൈത്യത്തിലും അതി താപത്തിലും മര്‍ദ്ദത്തിലും ജീവിക്കുന്ന ജീവികള്‍ ഉണ്ട്. അനിയറോബിക് തരത്തിലുള്ള ബാക്റ്റീരിയകള്‍ ഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിവുള്ളവയാണ്.

പിന്നെ ജീവന്‍ എന്നാല്‍ ജൈവികമായ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. പക്ഷേ ബോധം, ബുദ്ധി തുടങ്ങിയ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ജൈവികമായ ഒന്നു തന്നെ വേണമെന്നില്ല. (കംമ്പ്യൂട്ടറുകള്‍ തന്നെ ഉദാ.)
ഏതു പരിതസ്ഥിതിയിലും ബോധമണ്ഡലം രൂപപ്പെടാം.

പാര്‍ത്ഥന്‍ said...

ഷിജുവിന്റെയും ടോട്ടോച്ചണിന്റെയും മറുപടിയിൽ നിന്നും വേണമെങ്കിൽ വേറൊരു ആവാസ വ്യവസ്ഥയിലും ജീവൻ ഉണ്ടാവാം എന്നാണ് മനസ്സിലായത്. “ആവാസ വ്യവസ്ഥ” എന്നുള്ളതിന്, ഈ ഭൌമോപരിതലത്തിലെ എന്നു മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ആ വാക്കിന് അതിൽ കൂടുതൽ അർത്ഥവ്യാപ്തിയുണ്ടെങ്കിൽ അത് എന്റ്റെ അറിവിന്റെ പരിമിതിയാണ്.
അന്റാർട്ടിക്കയിൽ പോയി അവിടെ ആഴത്തിൽ ഡ്രില്ല് ചെയ്തു കിട്ടിയ ഐസ്സ് ക്യൂബിൽ ജീവന്റെ ആദ്യരൂപം കണ്ടെത്തിയിരുന്നതായി ഒരു റിപ്പോർട്ട് വായിച്ചിരുന്നു. അതുപോലെ ആഴക്കടലിലെ മത്സ്യങ്ങളെ മുകളിലേയ്ക്ക് കൊണ്ടുവരുമ്പോഴേയ്ക്കും മർദ്ദവ്യത്യാസം കൊണ്ട് പൊട്ടിത്തകരും എന്നും എല്ലാവർക്കും അറിയാമല്ലൊ. ഇതുമാത്രമാണ് എന്റ്റെ ചോദ്യത്തിന് പ്രേരകമായത്‌.
രണ്ടുപേരുടെയുംവിശദീകരണത്തിനു നന്ദി.

salimclt said...

മലയാളത്തില്‍ വായിക്കാന്‍ ഒരുപാടാഗ്രതിച്ച് വിഷയങ്ങള്‍
thanx a lot. UFO കളെ പറ്റിയുള്ള കുറെ topic കല്‍ wikipediayil നിന്ന് വായിച്ചിരുന്നു.(http://en.wikipedia.org/wiki/Ufo) എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍..
സമവാക്യങ്ങള്‍ തെറ്റില്ലന്നു തെന്നെ വിചാരിക്കാം..
കുരങ്ങില്‍ നിന്ന് മനുഷ്യനുണ്ടാവുമെന്നു ശാസ്ത്രത്തിനു തെളിയിച്ചു കളയമെങ്കില്‍..
എക കോശ ജീവിയില്‍ നിന്ന് ഇന്ന് കാണുന്ന പരകോടി ജീവ ജാലങ്ങള്‍ പരിനമിച്ചുണ്ടയെന്നു സമവാക്യങ്ങള്‍ വെച്ച് തെളിയിക്കമെങ്ങില്‍ ഇതും ആവാമല്ലോ ശാസ്ത്രത്തിനു..

Unknown said...

ഞാാൻ ആദ്യമാായാാണ് താാങ്കളുടെ അറിവുകളുടെ ലേഖനംം വാായിക്കുന്നത് , ഒരുപാാട് നന്ദി , വീണ്ടുംം ഇത്തരംം എഴുത്തുകൾ ഉണ്ടാാവുമല്ലോോ ,,, ആശംംസകർ ,,,,

Unknown said...

ഞാാൻ ആദ്യമാായാാണ് താാങ്കളുടെ അറിവുകളുടെ ലേഖനംം വാായിക്കുന്നത് , ഒരുപാാട് നന്ദി , വീണ്ടുംം ഇത്തരംം എഴുത്തുകൾ ഉണ്ടാാവുമല്ലോോ ,,, ആശംംസകർ ,,,,