രാശിചക്രത്തിലൂടെ സൂര്യന് സഞ്ചരിക്കുന്ന പാത (സൂര്യപഥം) ഖഗോളം നക്ഷത്രരാശികള്‍ എന്ന പോസ്റ്റില്‍ ഉള്ള ചിത്രത്തില്‍ കാണിച്ചിരുന്നുവല്ലോ. ചന്ദ്രനും രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നത് എങ്കിലും സൂര്യന് സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രന് ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളില്‍ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മള് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. ചിത്രം ശ്രദ്ധിക്കുക.

ചന്ദ്രന് തെക്ക് നിന്ന് വടക്കോട്ട് സൂര്യപഥത്തെ മുറിച്ച് കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂര്‍വ്വികര്‍ രാഹു എന്ന് വിളിച്ചു. ഇംഗ്ലീഷില്‍ Ascending Node . ഇതിന്റെ നേരെ എതിര്‍വശത്ത് ചന്ദ്രന് വടക്ക് നിന്ന് തെക്കോട്ട് സൂര്യപഥത്തെ മുറിച്ച് കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂര്‍വ്വികര്‍ കേതു എന്ന് വിളിച്ചു. ഇംഗ്ലീഷില്‍ Descending Node.
വിഷുവങ്ങളുടെ പുരസ്സരണം എന്ന പോസ്റ്റില്‍ സൂര്യനും ചന്ദ്രനും ഭൂമിക്ക് മേലെ നടത്തുന്ന ഗുരുത്വ വലിവ് മൂലം ഭൂമിയുടെ അച്ചുതണ്ട് പുരസ്സരണം ചെയ്യുന്നതായും തന്മൂലം വിഷുവങ്ങളുടെ സ്ഥാനം മാറുന്നതായും നമ്മള് കണ്ടുവല്ലോ. ഏതാണ്ട് സമാനമായ ഒരു കറക്കം ചന്ദ്രന്റെ പഥവും കറങ്ങുണ്ട്. (പക്ഷെ ഇത് പുരസ്സരണം മൂലം അല്ല. അതിനെകുറിച്ച് അടുത്തപോസ്റ്റില്‍). ഈ കറക്കത്തിന് Regression of Moon's Orbit എന്ന് പറയുന്നു. ഇത്തരം ഒരു കറക്കം പൂര്‍ത്തിയാകാന്‍ ചന്ദ്രന്റെ പഥം 18.6 വര്‍ഷം എടുക്കും. അതായത് ഒരു വര്‍ഷം ഏതാണ്ട് 19 ഡിഗ്രി കറങ്ങും. ഈ ഒരു കാരണം കൊണ്ട് ആയിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ ഈ ബിന്ദുക്കളെ ഗ്രഹങ്ങളായി കരുതിയത്.
ഈ ബിന്ദുക്കളും ചന്ദ്രപഥത്തിന്റെ 5 ഡിഗ്രി ചെരിവും വളരെയധികം പ്രാധാന്യം ഉള്ളതാണ്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എല്ലാം ഈ ബിന്ദുക്കളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്. അതെല്ലാം തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിശദീകരിക്കാം.
13 comments:
പ്ലൂട്ടോയ്ക്ക് ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ രാഹുവും കേതുവും ഗ്രഹങ്ങളല്ല എന്ന് പറഞ്ഞിരുന്നുല്ലോ. എന്താണ് രാഹു കേതുക്കള്‍ എന്ന് ഈ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു.
അപ്പൊ രാഹുകാലം മോശമാണെന്ന് പൊതുവെ പറയപ്പെടുന്നില്ലെ? അപ്പോ കേതു നല്ലകാലമാണൊ?
വായിച്ചു ഷിജൂ. കുറച്ച് സംശയങ്ങളുണ്ട്. അത് സംശയങ്ങള്‍ തന്നെയാണോ, ഒന്നുകൂടി വായിച്ചാല്‍ തീരുന്നതേ ഉള്ളോ (അതുപോലെ പഴയതൊക്കെ ഒന്നുകൂടി വായിക്കണം) എന്ന സംശയം കാരണം ഒന്നുകൂടി എല്ലാം വായിച്ചിട്ട് ചോദിക്കാം.
രാഹുകാലം നോക്കുന്നവരെപ്പറ്റി തോമസ് ജേക്കബ്ബ് ഈയാഴ്ചത്തെ കഥക്കൂട്ടില്‍ എഴുതിയിട്ടുണ്ട്.
അപ്പോ ഇതാണല്ലെ രാഹുവും കേതുവും...
രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്തിലും നിലവിലുണ്ടോ?
Sunil said...
രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്തിലും നിലവിലുണ്ടോ?
ഉമേഷേട്ടാ ഇതിന്റെ ഉത്തരം അറിയാമോ. നമ്മുടെ ജ്യോതിഷം തന്നെ ശരിക്കറിയാത്ത എനിക്ക് ഇതിന്റെ ഉത്തരം ഒട്ടും അറിയില്ല.
ഷിജു, രാഹു കാലം മോശം സമയമാണന്നു പറയാന്‍ കാരണമെന്താണ്?
അന്ധവിശ്വാസം, ചക്കരേ.
ചില പാശ്ചാത്യജ്യോതിഷപുസ്തകങ്ങളിലും രാഹുകേതുക്കളെ കണ്ടിട്ടുണ്ടു്. യഥാക്രമം Dragon Head, Dragon Tail എന്നു വിളിക്കുന്നു.
ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ആദ്യം കിട്ടിയതു്: http://www.astrologycom.com/nodes.html
@Umesh
Then what are the nine planets in Western Astrology?
കൊള്ളാം. രാഹുകേതുക്കളേക്കുറിച്ച് വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.
പാശ്ചാത്യ ജ്യോതിഷത്തില്‍ അവയെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ഫലപ്രവചനത്തിന് രാഹുകേതുക്കളേ കൂടുതല്‍ ആശ്രയിക്കുന്നത് കേരളീയ ശൈലിയിലാണ്.
ഈയുള്ളവന് ക്രോഡീകരിച്ച ഈ സൗജന്യ രാഹുകാലം കാല്‍ക്കുലേറ്റര്‍ (Rahukaalam Calculator) സ്പ്രെഡ്ഷീറ്റ് നിങ്ങളുടെ സ്ഥലത്തെ പ്രാദേശിക സൂര്യോദയവും സൂര്യാസ്തമയവും അനുസരിച്ചുള്ള ഓരോ ദിവസത്തെയും കൃത്യമായ രാഹുകാലം കണ്ടുപിടിക്കാന്‍ സഹായിക്കും.
പ്ലാനറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പരിഭാഷയായി ഗ്രഹം എന്ന വാക്ക് ഉപയോഗിച്ചപ്പോഴല്ലേ രാഹു ഗ്രഹമാണോ അല്ലയോ എന്ന പ്രശ്നമുണ്ടായത്.
രാഹു കേതുക്കളെ മനസ്സിലാക്കാനുള്ള എളുപ്പത്തില്‍ അവ പരസ്പരം വാലു തൊട്ടു വിഴുങ്ങുന്ന പാമ്പുകളെപ്പോലെയാണെന്നു പരാമര്‍ശിക്കാറുണ്ട്.
അങനെ പറ്യുന്നവറ്ക്കു വിവരമില്ലെന്നു വിവക്ഷിക്കേണ്ടി വരുന്നതു ഉപമ മനസ്സിലാക്കാന്‍ സാധിക്കാതെ രാഹുവിനു വിഷ്മുണ്ടോ എന്നന്വേഷിക്കാന്‍ നടക്കുന്നവരാണ്- “രാഹു എന്ന സര്‍പ്പം സൂര്യനെ തിന്നുന്നതാണു സൂര്യഗ്രഹണമെന്നു കരുതിയ താടിക്കാ“രെ ആക്ഷേപിച്ച സത്യവാന് നായര്‍മാരും ഈ കൂട്ടത്തില്ത്തന്നെ.
ithil paranja prakaaram,sooryan boomiye aano chuttunnathu..
Post a Comment