Wednesday, August 02, 2006

വിഷുവങ്ങള്‍‍

ഖഗോളവും നക്ഷത്രരാശികളും രാശിചക്രവും ഒക്കെ എന്താണെന്ന്‌ കഴിഞ്ഞ രണ്ട്‌ ലേഖനങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കി. ഈ ലേഖനത്തില്‍ വിഷുവങ്ങള്‍‍ എന്താണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോള്‍ ലഭിക്കുന്ന മഹാവൃത്തത്തിന്‌ ഘടികാമണ്ഡലം (celestial equator) അഥവാ ഖഗോളമധ്യ രേഖ എന്ന്‌ പറയുന്നു. രാശിചക്രത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവ്രത്തം (ecliptic) എന്നും പറയുന്നു.

ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ എന്ന്‌ നമ്മള്‍ക്ക്‌ അറിയാമല്ലോ. അപ്പോള്‍ ഘടികാമണ്ഡലവും ക്രാന്തിവൃത്തവും തമ്മില്‍ 23.5° യുടെ ചരിവ്‌ ഉണ്ട്‌. ഈ രണ്ട്‌ മഹാവൃത്തങ്ങള്‍ തമ്മില്‍ രണ്ട്‌ സ്ഥലത്ത്‌ കൂട്ടിമുട്ടുന്നുണ്ട്‌. ഈ രണ്ട്‌ ബിന്ദുക്കളെ വിഷുവം എന്ന്‍ വിളിക്കുന്നു. ഇംഗ്ലീഷില്‍ Equinox എന്ന്‍ വിളിക്കുന്നു.സൂര്യന്‍ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കിടക്കുന്ന ബിന്ദുവിനെ നമ്മള്‍ മഹാവിഷുവം അഥവാ മേഷാദി (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യന്‍ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ നമ്മള്‍ തുലാവിഷുവം അഥവാ തുലാദി (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മേഷാദി മാര്‍ച്ച്‌ 21-നും തുലാദി സെപ്റ്റമ്പര്‍ 23-നും ആണ്‌ സംഭവിക്കുന്നത്‌.

മുകളില്‍ വിവരിച്ചതിന്റെ രേഖാചിത്രം താഴെ കൊടുക്കുന്നു.


വിഷുവങ്ങളുടെ രേഖാചിത്രം
Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിന്‍ ഭാഷയില്‍ നിന്നുള്ള ഒരു വാക്കാണ്‌. Equal night എന്നാണ്‌ അതിന്റെ അര്‍ത്ഥം. സൂര്യന്‍ ഈ രണ്ട്‌ ബിന്ദുക്കളില്‍ ഉള്ളപ്പോള്‍ രാത്രിയും പകലും തുല്യമായിരിക്കും എന്നര്‍ത്ഥം.

സൂര്യചന്ദ്രന്മാര്‍ ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വ ആകര്‍ഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precession) എന്ന പേരില്‍ അറിയപ്പെടുന്നു. പമ്പരം കറങ്ങുമ്പോള്‍ നമുക്ക്‌ അതിന്റെ പുരസ്സരഭ്രമണവും കാണാവുന്നതാണ്‌.

(പുരസ്സരണത്തെ കുറിച്ചും അത്‌ നക്ഷത്രങ്ങളുടെ (ഉദാ: ധ്രുവ നക്ഷത്രം)സ്ഥാനത്തിനുണ്ടാക്കുന്ന മാറ്റത്തെകുറിച്ച്‌ താമസിയാതെ ഒരു പോസ്റ്റ്‌ ഇടാം.)

അപ്പോള്‍‍ ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതായത്‌ വര്‍ഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു എന്ന്‌ അര്‍ത്ഥം. ഏകദേശം 71 വര്‍ഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
പണ്ട്‌ (ഏതാണ്ട്‌ 1000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌) മേഷാദി മേടത്തില്‍ ആയിരുന്നു. സൂര്യന്‍ മേഷാദിയില്‍ വരുന്ന ദിവസം ആയിരുന്നു നമ്മള്‍ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയില്‍ ആണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തില്‍ ആണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയില്‍ ആണ്‌.

6 comments:

myexperimentsandme said...

വളരെ നല്ല ലേഖനം ഷിജൂ. ഇവിടെ രണ്ട് equinox കള്‍ക്കും പൊതു അവധി. സത്യം പറഞ്ഞാല്‍ ഇങ്ങിനെ ഒരു കാര്യം ഇവിടെ വന്നപ്പോഴാണ് ആദ്യമായി അറിഞ്ഞത്. എന്നോട് എന്റെ സഹപ്രവര്‍ത്തകന്‍ equinox നെപ്പറ്റി ചോദിച്ചപ്പോഴാണ് ഇതിനെപ്പറ്റി അറിയാന്‍ ശ്രമിച്ചത്. സ്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നിരിക്കണം.

ലളിതമായി വിവരിച്ചിരിക്കുന്നു. സന്തോഷിന്റെ ലേഖനവും വായിച്ചു.

ഉമേഷ്::Umesh said...

നല്ല ലേഖനം ഷിജൂ. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഭാരതീയരുടെ ഗണനം 23 ഡിഗ്രി ചരിഞ്ഞിരിക്കുന്നതിനാല്‍ vernal equinox-നെ മേഷാദി എന്നു് ഇപ്പോള്‍ വിളിക്കുന്നതു സത്യത്തില്‍ തെറ്റാണു്. മാര്‍ച്ച് 21-നു വരേണ്ട equinox-നെ നമ്മള്‍ ഏപ്രില്‍ 14-നു വിഷുവായും മേഷാദിയായും (മേടത്തിന്റെ ആദി) ആഘോഷിക്കുന്നു. ഈ പിശകു് ഞാനും ഒന്നിലധികം സ്ഥലത്തു സൂചിപ്പിച്ചിട്ടുണ്ടു്.

സ്കൂളിലൊന്നും ഇതു പഠിപ്പിക്കുന്നില്ല വക്കാരീ. Equinox എന്നൊക്കെ ഭൂമിശാസ്ത്രപുസ്തകത്തിലുണ്ടു്. എന്റെ അനുഭവത്തില്‍ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകരായിരുന്നു വിഷയത്തില്‍ ഏറ്റവും കുറച്ചു വിവരമുണ്ടായിരുന്നവര്‍. പത്താം ക്ലാസ്സില്‍ Map projections പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞു: “ഇതു വായിച്ചിട്ടു് എനിക്കൊന്നും മനസ്സിലായില്ല പിള്ളാരേ. നിങ്ങള്‍ വായിച്ചിട്ടു് എന്താ മനസ്സിലായതെന്നു വെച്ചാലെഴുതിക്കോ”. മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ പഠിപ്പിക്കുന്ന അദ്ധ്യാപകരെക്കാ‍ള്‍ എത്രയോ ഭേദമായിരുന്നു അവര്‍!

Santhosh said...

നല്ല, വിജ്ഞാനപ്രദമായ ലേഖനം. ഞാന്‍ ഇതിലേയ്ക്ക് ലിങ്കിയിട്ടുണ്ട്. വായിക്കുമ്പോള്‍ മനസ്സിലാവുമെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കാന്‍ പലവായന വേണ്ടി വരുന്നു! ടീച്ചറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല:)

Shiju said...

വിഷുവങ്ങള്‍ എന്താണെന്ന്‌ ലളിതമായി പറയുക എന്നാണ്‌ ഞാന്‍ ഈ ലേഖനം കൊണ്ട്‌ ഉദ്ദേശിച്ചത്‌. പക്ഷേ പബ്ലിഷ്‌ ചെയ്ത സമയത്ത്‌ ബ്ലോഗ്ഗര്‍ പണിമുടക്കിയ കാരണം ഒപ്പമുണ്ടായിരുന്ന ചിത്രം അപ്‌ലോഡ്‌ ചെയ്യാന്‍ പറ്റിയില്ല. അതിനാല്‍ ആദ്യം വായിച്ച പലര്‍ക്കും ലേഖനം മനസ്സിലാക്കാന്‍ ബുദ്ധിമൂട്ടു തോന്നി കാനും. ഇങ്ങനെ ഒരു അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു.


ജ്യോതിശാസ്ത്ര ലേഖനങ്ങള്‍ക്ക്‌ ചിത്രങ്ങള്‍ എത്ര അത്യാവശ്യമാണ്‌ എന്ന്‌ ഈ സംഭവം എന്നെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു.പോസ്റ്റ്‌ വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയ വക്കാരിക്കും, ഉമേഷ്ജിക്കും, സന്തോഷേട്ടനും നന്ദി.

വിഷുവങ്ങള്‍ നമുക്ക്‌ കലണ്ടറുകള്‍ ഉണ്ടാക്കുന്നതിനും വിശേഷദിവസങ്ങള്‍ കണ്ട്‌ പിടിക്കുന്നതിനും ഉപകാരപ്പെടുന്ന ഒന്നാണ്‌.

ഇതിനെ കുറിച്ച്‌ ചിലതെല്ലാം ഉമേഷ്ജിയുടെപോസ്റ്റുകളില്‍ പറയുന്നുണ്ട്‌.

ഭാവിയില്‍ കലണ്ടറുകളെ കുറിച്ച്‌ പൊതുവായ ഒരു ലേഖനം എഴുതണം എന്ന്‌ വിചാരിക്കുന്നു. അപ്പോള്‍ അതെല്ലാം പറയാം. ഉമേഷ്ജി ചെയ്യുന്നത്‌ പോലെ ഗഹനമായി അതിന്റെ എല്ലാ കണക്ക്‌ കൂട്ടലൊന്നും ചെയ്യാന്‍ എനിക്ക്‌ അറിയില്ല. എങ്കിലും വളരെ ബേസിക്‌ ലെവലില്‍ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിക്കാം. കലണ്ടറുകളെ കുറിച്ച്‌ കൂടുത്ല്‍ ഗഹനമായ ലേഖനങ്ങ്ള്‍ ഉമേഷ്ജിയുടെ പോസ്റ്റുകളില്‍ ഉണ്ട്‌.

Anonymous said...

ഷിജൂ, വളരെ ലളിതമായി പറഞ്ഞിരിക്കുന്നു ഈ അതി കഠിനമായ വിഷയത്തെ. എനിക്ക് ഇക്കാര്യത്തില്‍ വിവരക്കേട് വിളിച്ചു പറയാനുള്ള വിവരം പോലുമില്ല. ആകാശത്തേക്കു നോക്കി “അനന്തമജ്ഞാതമവര്‍ണ്ണനീയം” എന്നൊക്കെ അത്ഭുതപ്പെടാറുണ്ടെങ്കിലും. എങ്കിലും അവസാനത്തെ ബഞ്ചില്‍ ഇരുന്ന് നോട്ട് ഒക്കെ എഴുതി പഠിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. സിലബസ് ഇങ്ങനങ്ങു തുടരട്ടെ.

Shiju said...

കൂമന്‍ ചേട്ടാ ബ്ലോഗ്ഗ് സന്ദര്‍ശിച്ച്തിന് നന്ദി. വിഷുവങ്ങളുടെ പുരസ്സരണത്തെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പറഞ്ഞിരിക്കുന്നു.

വായിച്ച്‌ അഭിപ്രായമറിയിക്കുമല്ലോ.