Tuesday, October 03, 2006

ജ്യോതിശാസ്ത്രത്തിലെ കാറ്റലോഗുകള്‍-ഭാഗം ഒന്ന്

ഇത് നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട് എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്. നക്ഷത്രങ്ങളെയും മറ്റ് ഖഗോള വസ്തുക്കളേയും എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നും പല തരത്തില്‍ ഉള്ള നക്ഷത്രനാമകരണ സമ്പ്രദായങ്ങളും കാറ്റലോഗുകളും ഒക്കെ‍ ഏതൊക്കെയാണെന്നും പരിചയപ്പെടുത്തുക ആണ് നാല് പോസ്റ്റുകളിലൂടെ ഉദ്ദേശിക്കുന്നത്. ഈ സമ്പ്രദായങ്ങളേയും കാറ്റലോഗുകളേയും പരിചയപ്പെടുന്നത് വളരെ അത്യാവശ്യമാണ്, കാരണം ഇനി വരുന്ന പോസ്റ്റുകളില്‍ നക്ഷത്രങ്ങള്‍ക്കും മറ്റു ഖഗോള വസ്തുക്കള്‍ക്കും അതിന്റെ കാറ്റലോഗ്/നാമകരണ സമ്പ്രദായ പേരുകള്‍ ആയിരിക്കും പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണീ ഈ നാല് പോസ്റ്റുകള്‍.

പത്തൊന്‍പതാം നൂറ്റാണ്ടോടെ നമ്മള്‍ ഇതുവരെ വരെ പരിചയപ്പെട്ട നാമകരണ സമ്പ്രദായങ്ങള്‍ ശാസ്ത്രീയത കുറവായതിനാലും പുതിയ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്താന്‍ പറ്റാത്തതിനാലും ഉപയോഗശൂന്യമായി തുടങ്ങി. മെച്ചപ്പെട്ട ദൂരദര്‍ശിനികള്‍ നക്ഷത്ര നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് പുതിയ നക്ഷത്രങ്ങളെ കണ്ടെത്താന്‍ തുടങ്ങി. ഓരോ നക്ഷത്രവും എനിക്കൊരു പേരിടൂ എന്ന് പറഞ്ഞ് മുറവിളി തുടങ്ങി! ജ്യോതിശാസ്ത്രജ്ഞര്‍ പരിഭ്രാന്തരായി. അവരുടെ കൈയ്യിലുള്ള പേരൊക്കെ തീര്‍ന്നു. പേരിടാന്‍ അവര്‍ക്ക് പുതിയ വഴികള്‍ തേടേണ്ടി വന്നു. അങ്ങനെ നക്ഷത്ര കാറ്റലോഗുകള്‍ പിറന്നു. അങ്ങനെയുള്ള ചില കാറ്റലോഗുകളെ നമ്മള്‍ക്ക് ഈ പോസ്റ്റില്‍ പരിചയപ്പെടാം.

BD (Bonner Durchmusterung) catalog

ജര്‍മ്മനിയിലെ ബോണ്‍ ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായ F.W.A Argelander 1859-ല്‍ ഒബ്‌സര്‍വേറ്ററിയിലെ 3-inch ദൂരദര്‍ശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാന്‍ തുടങ്ങി. നഗ്ന നേത്രങ്ങള്‍ക്ക് ദൃശ്യകാന്തിമാനം +6 വരെയുള്ള നക്ഷത്രങ്ങളെ മാത്രം കാണാന്‍ കഴിയുമ്പോള്‍ ഈ ദൂരദര്‍ശിനി ഉപയോഗിച്ച് ദൃശ്യകാന്തിമാനം +10 വരെയുള്ള നക്ഷത്രങ്ങളെ കാണാന്‍ കഴിയുമായിരുന്നു. ഈ കാറ്റലോഗ് ഉണ്ടാക്കാന്‍ Argelander ആദ്യം ചെയതത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. എന്നിട്ട് ഖഗോളത്തെ 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷന്‍ ഭാഗങ്ങളായി വിഭജിച്ചു. പിന്നിട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും ഏണ്ണി. എണ്ണത്തിന്റെ തുടക്കം പൂര്‍വവിഷുവത്തില്‍ കൂടി കടന്നുപോകുന്ന റൈറ്റ് അസന്‍ഷനില്‍ നിന്നായിരുന്നു. 1855ലെ പൂര്‍വവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 epoch എന്നാണ് പറയുക) ആയിരുന്നു അദ്ദേഹം ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസന്‍ഷന് മാനദണ്ഡം ആയി എടുത്തത്. ഡെക്ലിനേഷനും റൈറ്റ് അസന്‍ഷനും എന്താണെന്ന് അറിയാന്‍ അതിനെകുറിച്ചുള്ള ഈ പോസ്റ്റ് കാണൂ.

ഇനി ഈ രീതിയില്‍ ഉള്ള നക്ഷത്രനാമകരണം എങ്ങനെയാണെന്ന് നോക്കാം. ഉദാഹരണത്തിന് തിരുവാതിര നക്ഷത്രത്തിന്റെ BD catalogue പ്രകാരം ഉള്ള നാമം BD +7 1055 എന്നാണ്. അതിന്റെ അര്‍ഥം തിരുവാതിര നക്ഷത്രം ഡെക്ലിനേഷന്‍ +7 ഡിഗ്രിക്കും +8 ഡിഗ്രിക്കും ഇടയില്‍ ഉള്ള 1055 മത്തെ നക്ഷത്രമാണെന്നാണ്.

ജര്‍മ്മനി ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഉള്ള ഒരു സ്ഥലം ആയതു കൊണ്ട് സ്വാഭാവികമായും ഈ കാറ്റലോഗില്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്താന്‍ Argelander-ന് ആയില്ല. ദക്ഷിണാര്‍ദ്ധ ഗോളം -2 ഡിഗ്രി വരെ ഡെക്ലിനേഷന്‍ ഉള്ള നക്ഷത്രങ്ങളേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുന്നുള്ളൂ. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ബാക്കി നക്ഷത്രങ്ങളെ എല്ലാം ഉള്‍പ്പെടുത്തി C D (Cordoba Durchmusterung) catalogue, CPD (Cape Photographic Durchmusterung) catalog ഇങ്ങനെ മൂന്ന് നാല് കാറ്റലോഗ് കൂടി പുറത്തിറങ്ങി. എല്ലാത്തിലും നാമകരണം മുകളില്‍ പറഞ്ഞതു പോലെ തന്നെ. ഈ കാറ്റലോഗുകളേയും എല്ലാം ബന്ധിപ്പിച്ച് ചിലപ്പോള്‍ DM cataloge എന്നും പറയാറുണ്ട്. അപ്പോള്‍ BD, CD, CPD, DM എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേര്‍ തുടങ്ങുന്നുണ്ടെങ്കില്‍ അത് ഈ കാറ്റലോഗ് പ്രകാരം ഉള്ള നക്ഷത്രനാമകരണം ആണെന്ന് മനസ്സിലാക്കിയാല്‍ മതി. BD, DM എന്നിവയാണ് കൂടുതലും നക്ഷത്രങ്ങളുടെ പേരില്‍ ഉണ്ടാവുക.ഈ കാറ്റലോഗുകള്‍ എല്ലാം കൂടി ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങള്‍ക്ക് പേരിട്ടു.

കുറിപ്പ്

റൈറ്റ് അസന്‍ഷന്‍ മാനദണ്ഡമാക്കി ഉണ്ടാക്കിയ ഒരു നക്ഷത്ര കാറ്റലോഗിലെ നക്ഷത്രങ്ങളുടെ നാമത്തിന്റെ കൃത്യതയ്ക്ക് ആ കാറ്റലോഗ് ഉണ്ടാക്കിയ epoch അറിഞ്ഞിരിക്കണം. വിഷുവങ്ങളുടെ പുരസ്സരണം കാരണം നക്ഷത്രങ്ങളുടെ റൈറ്റ് അസന്‍ഷന് വ്യത്യാസം വരുന്നു എന്നതു കൊണ്ടാണ് ഇത്.

GSC (Guide star catalog)

മനുഷ്യന്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും ബൃഹത്തും സമഗ്രവും ക്രമാനുഗതവുമായ കാറ്റലോഗ് ഹബ്ബിള്‍ സ്പേസ് ടെലിസ്‌കോപ്പിന്റെ സഹായത്താല്‍ ഉണ്ടാക്കിയ GSC (Guide Star catalog) ആണ്. ആകാശത്തെ ഏതാണ്ട് 10,000 ത്തോളം ചെറിയ ഭാഗങ്ങളായി വിഭജിക്കുക ആണ് ഈ കാറ്റലോഗ് ഉണ്ടാക്കാന്‍ ആദ്യം ചെയ്തത്. എന്നിട്ട് ഒരോ ഭാഗത്തേയും ഖഗോളവസ്തുക്കളേയും ക്രമമായി എണ്ണി. ഈ കാറ്റലോഗ് പ്രകാരം GSC 0129 1873 എന്നാണ് തിരുവാതിര നക്ഷത്രത്തിന്റെ പേര്. GSC എന്നത് കാറ്റലോഗിന്റെ പേരിനെ സൂചിപ്പിക്കുന്നു. 0129 എന്നത് ആകാശത്തിലെ ഏത് ഭാഗത്തെയാണ് എന്ന് സൂചിപ്പിക്കുന്നു. 1873 എന്നത് നക്ഷത്രത്തിന്റെ ക്രമസംഖ്യയും. ഏതാണ്ട് 1,88,19,291 (ഒരു കോടി 88 ലക്ഷം!!) ഖഗോള വസ്തുക്കള്‍ ഇപ്പോള്‍ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏതാണ്ട് 1,50,00,000 (ഒരു കോടി 50 ലക്ഷം!!) എണ്ണവും നക്ഷത്രങ്ങളാണ്. ഈ ദൂരദര്‍ശിനിയുടെ സഹായത്താല്‍ മനുഷ്യന് ഭൂമിയില്‍ നിന്ന് ഒരിക്കലും നിരീക്ഷിക്കാന്‍ പറ്റാത്ത പല വസ്തുക്കളേയും കണ്ടു. ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനെ കുറിച്ച് താമസിയാതെ ഒരു പോസ്റ്റ് ഇടാം.

കുറിപ്പ്

ഇനി മുന്നോട്ട് പോകുന്നതിന് മുന്‍പ് ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം. രാത്രിയില്‍ നമ്മള്‍ ആകാശത്ത് കാണുന്നത് നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയിലെ നക്ഷത്രങ്ങളെ മാത്രമാണ്. മറ്റുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളെ കാണാന്‍ മാത്രം നമ്മുടെ നിരീക്ഷണ സംവിധാനം വികസിച്ചിട്ടില്ല. ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്താല്‍ ചില സമീപ ഗാലക്സിയിലെ (ഉദാ: ആന്‍ഡ്രോമിഡ) കുറച്ച് നക്ഷത്രങ്ങളെ കാണാന്‍ ശാസ്ത്രജ്ഞര്‍ക്ക് പറ്റിയിട്ടുണ്ട്. നമ്മുടെ ഗാലക്സിയില്‍ തന്നെ ഏതാണ്ട് 10,000 കോടി നക്ഷത്രങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂടി കണ്ടുപിടിച്ചിരിക്കുന്നു. അതിന്റെ വളരെ വളരെ ചെറിയൊരു ശതമാനത്തെ മാത്രമേ നമ്മള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഭൂരിഭാഗത്തേയും നമ്മള്‍ക്ക് ഒരിക്കലും നിരീക്ഷിക്കാനും പറ്റില്ല. വിശദാശംങ്ങള്‍ പോസ്റ്റ് മുന്നേറുന്ന മുറക്ക് ഇടാം. അപ്പോള്‍ ഓരോ നക്ഷത്രത്തിനും പേരിടാന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാണ്.

പുതിയ പുതിയ നക്ഷത്രങ്ങള്‍ നക്ഷത്രങ്ങളെ ഓരോ ദിവസവും കണ്ടെത്തികൊണ്ടിരുന്നതിനാല്‍ എല്ലാ നക്ഷത്രത്തേയും ഒരേ മാനദണ്ഡം ഉപയോഗിച്ച് തരംതിരിക്കുന്നതിന്റെ അര്‍ത്ഥശൂന്യത 20-നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ബോധ്യമായി. അതിനാല്‍ ശാസ്ത്രജ്ഞന്മാര്‍ വിശേഷാല്‍ കാറ്റലോഗുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. അങ്ങനുള്ള ചില വിശേഷാല്‍ നക്ഷത്രകാറ്റലോഗുകളെകുറിച്ച് താഴെ.

HD (Henry Draper) Catalog

ഹാര്‍വാര്‍ഡ് കോളേജ് ഒബ് സര്‍വേറ്ററിയിലെ ആനി ജെ. കാനന്‍ ആണ് ഈ കാറ്റലോഗിന് പിന്നില്‍. ഈ കാറ്റലോഗിന്റെ epoch 1900 ആണ്. ഈ കാറ്റലോഗില്‍ നക്ഷത്രങ്ങളെ അതിന്റെ റൈറ്റ് അസന്‍ഷന്‍ അനുസരിച്ച് എണ്ണുക ആണ് ചെയതത്. ഉദാഹരണത്തിന് തിരുവാതിര നക്ഷത്രത്തിന്റെ HD Catalog അനുസരിച്ചുള്ള പേര് HD 39801 എന്നാണ്. ആദ്യം പുറത്തിറക്കിയപ്പോള്‍ ഈ കാറ്റലോഗില്‍ ഏതാണ്ട് 2,25,000 നക്ഷത്രങ്ങള്‍ക്ക് പേരിട്ടു. പിന്നീട് 1949-ല്‍ ഇതു വിപുലീകരിച്ച് (Henry Draper Extension (HDE)) എതാണ്ട് 1,35,000 നക്ഷത്രങ്ങള്‍ക്ക് കൂടി പേരിട്ടു. ഈ നക്ഷത്രങ്ങളുടെ പേരു പറയുമ്പോള്‍ ചിലപ്പോള്‍ HDE എന്ന് ഉപയോഗിക്കാറുണ്ട്. പക്ഷെ ചിന്താകുഴപ്പം ഒഴിവാക്കാന്‍ കൂടുതലും HD എന്നാണ് ഉപയോഗിക്കുക. ഈ കാറ്റലോഗില്‍ ദൃശ്യകാന്തിമാനം +9 വരെയുള്ള നക്ഷത്രങ്ങളെ ആണ് ഉള്‍പ്പെടുത്തിയത്. നക്ഷത്രങ്ങളുടെ HD Catalog അനുസരിച്ചുള്ള പേര് പേര്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ കൂടുതലും ബെയര്‍ നാമവും ഫ്ലാംസ്റ്റീഡ് നാമവും ഇല്ലാത്ത ദൃശ്യകാന്തിമാനം +6നു മുകളില്‍ ഉള്ള നക്ഷത്രങ്ങള്‍ക്കു മാത്രമേ കൂടുതലും HD Catalog അനുസരിച്ചുള്ള പേര് ഉപയോഗിക്കാറുള്ളൂ. ഈ കാറ്റലോഗിന്റെ ഏറ്റവും വലിയ പ്രാധാന്യം നക്ഷത്രങ്ങളുടെ സ്‌പെക്‍ട്രല്‍ വര്‍ഗ്ഗികരണം ആദ്യമായായി നടത്തിയത് ഈ കാറ്റലോഗിലാണ് എന്നുള്ളതാണ്. ഇത് നക്ഷത്രങ്ങളുടെ പഠനത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. നക്ഷത്രങ്ങളുടെ സ്‌പെക്‍ട്രല്‍ വര്‍ഗ്ഗികരണത്തെകുറിച്ച് താമസിയാതെ ഒരു പോസ്റ്റ് ഇടാം.

SAO (Smithsonian Astrophysical Observatory) Catalog

ഇതിന്റെ epoch 1950 ആണ്. ഖഗോളത്തെ 10 ഡിഗ്രി വീതം ഉള്ള 18 നാടയായി വിഭജിച്ച് പിന്നിട് റൈറ്റ് അസന്‍ഷന്‍ അനുസരിച്ച് നക്ഷത്രങ്ങളെ എണ്ണുക ആണ് ഈ കാറ്റലോഗില്‍ ചെയതത്. കൃത്യമായ തനതുചലനം (proper motion) അറിയുന്ന ദൃശ്യകാന്തിമാനം +10 വരെയുള്ള നക്ഷത്രങ്ങളെ മാത്രമേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതിനാല്‍ തന്നെ ഈ കാറ്റലോഗില്‍ ഏതാണ്ട് 2,50,000 ത്തോളം നക്ഷത്രങ്ങളേ ഉള്ളൂ. തനതുചലനം കുറിച്ചുള്ള അറിവ് ആവശ്യമുള്ള ജ്യോതിശാസ്ത്രപഠനങ്ങളില്‍ ഈ കാറ്റലോഗിന് വളരെയധികം പ്രാധാന്യം ഉണ്ട്. തിരുവാതിര നക്ഷത്രത്തിന്റെ SAO Catalog അനുസരിച്ചുള്ള പേര് SAO 113271 എന്നാണ്.

The Hipparcos Catalog

യൂറോപ്യന്‍ സ് പേസ് ഏജന്‍സി 1989-ല്‍ ജ്യോതിശാസ്ത്ര സംബന്ധിയായ പഠനങ്ങള്‍ക്ക് വേണ്ടി വിക്ഷേപിച്ച ഉപഗ്രഹമായ Hipparcosല്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ ഒരു കാറ്റലോഗ് ആണിത്. 1993 വരെ ഈ ഉപഗ്രഹം ബഹിരാകാശത്ത് പഠനം നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. അതില്‍ നിന്ന് ഏതാണ്ട് 1,18,218 നക്ഷത്രങ്ങളുടെ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ ക്രോഡീകരിച്ച് 1997 ജൂണില്‍ ഈ കാറ്റലോഗ് പുറത്തിറക്കി. കൃത്യമായ പാരലക്സ് അറിയുന്ന നക്ഷത്രങ്ങളെ മാത്രമേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഈ കാറ്റലോഗ് പ്രകാരം തിരുവാതിര നക്ഷത്രത്തിന്റെ പേര് HP 27989 എന്നാണ്.

സംഗ്രഹം

ഇങ്ങനെ കാറ്റലോഗിനെ കുറിച്ച് പറഞ്ഞു പോകാനാണെങ്കില്‍ നൂറുകണക്കിന് കാറ്റലോഗുകള്‍ ഉണ്ട്. ഇത്തരം വിശേഷാല്‍ നക്ഷത്രകാറ്റലോഗുകള്‍ ഗവേഷണം ചെയ്യുന്നവര്‍ക്കാണ് ഉപകാരപ്പെടുക. ഒരു സാധാരണക്കാരന് നക്ഷത്രനിരീക്ഷണത്തിന് ഇതൊന്നും ആവശ്യമില്ല. നമ്മള്‍ കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ പരിചയപ്പെട്ട നാമകരണ സമ്പ്രദായങ്ങള്‍ അറിയാമെങ്കില്‍ നക്ഷത്രനിരീക്ഷണത്തിന് ധാരാളം ആയി. പിന്നിട് ചെറിയ ടെലിസ്‌കോപ്പ് ഒക്കെ ഉപയോഗിച്ച് നിരിക്ഷണം നടത്തുന്നവര്‍ക്ക് നമ്മള്‍ ഈ പോസ്റ്റില്‍ പരിചയപ്പെട്ട BD കാറ്റലോഗും ഉപയോഗപ്പെടും. ബാക്കി കാറ്റലോഗുകള്‍ ഒക്കെയും ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ക്കാണ് പ്രയോജനപ്പെടുക.

ആകാശത്ത് നക്ഷത്രങ്ങള്‍ മാത്രമല്ലല്ലോ; ഗാലക്സികള്‍‍, ഉല്‍ക്കകള്‍‍, വാല്‍നക്ഷത്രങ്ങള്‍ ഇവയൊക്കെയുണ്ടല്ലോ. ഇതിനൊക്കെ എങ്ങനെയാണ് പേര് ഇടുന്നത് എന്ന് നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുണ്ടാകും . നിങ്ങളുടെ ഊഹം ശരിയാണ്. ഇവയ്‌ക്കൊക്കെ പേരുണ്ട്. മാത്രമല്ല നക്ഷത്രങ്ങള്‍ തന്നെ പല തരത്തില്‍ ഉണ്ട്. അവയ്ക്ക് ഓരോന്നിനും വെവ്വേറെ കാറ്റലോഗുകള്‍ ഉണ്ട്. അങ്ങനെയുള്ള ചില പ്രധാനപ്പെട്ട വിശേഷാല്‍ കാറ്റലോഗുകളെകുറിച്ച് അടുത്ത പോസ്റ്റില്‍. വളരെ പ്രധാനപ്പെട്ട കാറ്റലോഗുകളെ മാത്രമേ പരിചയപ്പെടുത്തുന്നുള്ളൂ. നക്ഷത്രചാര്‍ട്ടുകളിലും മറ്റും വരുന്ന ചില സംഖ്യകള്‍ കാണുമ്പോള്‍ നിങ്ങള്‍ ഇത് എന്താണെന്ന് അത്ഭുതപ്പെടാതെ എന്താണ് കാര്യം എന്ന് മനസ്സിലാക്കണം എന്നാണ് എന്റെ ആഗ്രഹം. അതിനു കഴിഞ്ഞാല്‍ ഈ വിഷയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ അതിന്റെ ലക്ഷ്യം നേടി. അടുത്ത ഒരു പോസ്‌റ്റോടെ ഇതിനെകുറിച്ചുള്ള എല്ലാ പ്രധാന വിവരങ്ങളും നമ്മള്‍ കൈകാര്യം ചെയ്തിരിക്കും.

No comments: