Tuesday, August 15, 2006

പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ

അന്താരാഷ്ട്ര ജ്യോതിശാസ്ത്രയൂണിയന്റെ (International astronomical Union (IAU) ) 26-ആം അന്താരാഷ്ട്ര സമ്മേളനം ഇന്ന്‌ (ആഗസ്റ്റ്‌ 15) മുതല്‍ ആഗസ്റ്റ്‌ 25 വരെ ചെക്ക്‌ റിപബ്ലിക്കിന്റെ തലസ്‌ഥാനമായ പ്രാഗില്‍ നടക്കുന്നു. മറ്റ്‌ പ്രധാന വിഷയങ്ങളോടൊപ്പം ഗ്രഹങ്ങള്‍ക്ക്‌ ഒരു നിര്‍വചനം കൊടുക്കുക എന്നതാണ് സമ്മേളനത്തിലെ ഒരു പ്രധാന അജണ്ട. ഇതോടുകൂടി സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒന്നുകില്‍ എട്ടായി ചുരുങ്ങും. അല്ലെങ്കില്‍ പത്തായി ഉയരും. നമ്മള്‍ പഠിച്ചതൊക്കെ ഒന്ന്‌ തിരുത്തണം എന്ന്‌ സാരം.
നമ്മള്‍ക്ക്‌ ഇന്ന്‌ അറിയുന്ന സൌരയൂഥത്തിലെ നവഗ്രഹങ്ങള്‍ താഴെ പറയുന്നവ ആണ്.
1. Mercury
2. Venus
3. Earth
4. Mars
5. Jupiter
6. Saturn
7. Uranus
8. Neptune
9. Pluto

ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം ജൂലായില്‍ (2005 ജൂലായ്) California Institute of Technology യിലെ ജ്യോതിശാസ്ത്രഞ്ജനായ മൈക്കല്‍ ബ്രൌണ്‍ പ്ലൂട്ടോയ്ക്ക്‌ അപ്പുറം വേറൊരു ഗ്രഹത്തേകൂടി കണ്ടെത്തിയതായി പ്രഖ്യാപിച്ചു. Xena എന്നാണ് മൈക്കല്‍ ബ്രൌണ്‍ അതിന് കൊടുത്ത പേര്. ജ്യോതിശാസ്ത്രഞ്ജന്മാര്‍ അതിന് 2003 UB313 എന്നാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്ന താല്‍ക്കാലിക നാമം. (ഖഗോള വസ്തുക്കളെ എങ്ങനെയാണ് നാമകരണം ചെയ്യുന്നത്‌ എന്ന്‌ മറ്റൊരു പോസ്റ്റില്‍ വിവരിക്കാം.) പ്ലൂട്ടോയെ പോലെ ഈ പത്താമനും Kuiper Belt ലെ ഒരു അംഗമാണ്.

കുറിപ്പ്‌: Kuiper Belt നെപ്‌‌റ്റ്യൂണിനപ്പുറം വ്യാപിച്ച് കിടക്കുന്ന സൌരയൂഥത്തിലെ ഒരു ഭാഗമാണ്. ധൂമ കേതുക്കളും, കൂറ്റന്‍ ഉല്‍ക്കകളും, വാതക പടലങ്ങളും ഒക്കെ നിറഞ്ഞ Kuiper Belt സൌരയൂഥത്തിന്റെ അതിര്‍ത്തിയാണെന്ന്‌ പറയപ്പെടുന്നു. ഹാലി വാല്‍നക്ഷത്രം ഒക്കെ Kuiper Belt ന്റെ ഭാഗം ആണെന്ന്‌ പറയപ്പെടുന്നു. (Kuiper Belt നെ കുറിച്ച്‌ മറ്റൊരിക്കല്‍ വിശദീകരിക്കാം. ഇപ്പോള്‍ കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ വിക്കിയിലെ ഈ ലേഖനം കാണുക. ‌ ‌

മൈക്കല്‍ ബ്രൌണ്‍ കണ്ടെത്തിയിരിക്കുന്ന ഈ Kuiper Belt ലെ വസ്തുവിന് പ്ലൂട്ടോയേക്കാള്‍ എതാണ്ട്‌ നൂറ്‌‌ കീലോമീറ്ററില്‍‍ അധികം വ്യാസം ഉണ്ട്‌. ചില ജ്യോതിശാസ്ത്രഞ്ജന്മാരുടെ അഭിപ്രായം പ്ലൂട്ടോയെ ഒരു ഗ്രഹമായി കണക്കാക്കാം എങ്കില്‍ തീര്‍ച്ചയായും ഇതിനേയും കണക്കാക്കാം എന്നാണ്.

തര്‍ക്കം മുറുകിയതോട്‌‌ കൂടി അന്താരാഷ്ട്ര ജ്യോതിശാസ്ത്രയൂണിയന്‍ സൌരയൂഥത്തിലെ ഒരു വസ്തുവിനെ ഒരു ഗ്രഹമായി പരിഗണിക്കണം എങ്കില്‍ അത്‌ എന്തൊക്കെ മാനദണ്ഡങ്ങള്‍ പലിക്കണം എന്ന്‌ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കാന്‍ ഉള്ള യോജിപ്പിലെത്തി. ഈ സമ്മേളനത്തില്‍ ഒരു ഗ്രഹം എന്താണ് എന്നതിന് ശാസ്ത്രഞ്ജ്ന്മാര്‍ വ്യക്തമായ ഒരു നിര്‍വചനം കൊടുക്കും. അതോടു കൂടി ഒന്നുകില്‍ പ്ലൂട്ടോ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന്‌ പുറത്താകും. അല്ലെങ്കില്‍ നമുക്ക്‌ പത്താമതൊരു ഗ്രഹം കൂടി ലഭിക്കും. ഇതില്‍ കൂടുതലും ആദ്യപറഞ്ഞതിനാണ് സാധ്യത. അതായത്‌ പ്ലൂട്ടോ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന്‌ പുറത്താകും. അതായത്‌ നമ്മള്‍ക്ക്‌ ഇനി മുതല്‍ അഷ്ടഗ്രഹങ്ങള്‍ എന്ന്‌ തിരുത്തി പറയേണ്ടി വരുമെന്ന്‌ സാരം.

കൂടുതല്‍ വിവരത്തിന് ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

1. ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിന്റെ വെബ്‌സൈറ്റ്‌
2. അന്താരാഷ്ട്ര ജ്യോതിശാസ്ത്രയൂണിയന്റെ വെബ്‌സൈറ്റ്‌
3. മൈക്കല്‍ ബ്രൌണിന്റെ വെബ്‌സൈറ്റ്‌
4. ഇതിനെപറ്റി ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത
5. ഇതിനെപറ്റി കേരളാ കൌമദിയില്‍ വന്ന വാര്‍ത്ത (വക്കാരി, ഈ വിവരത്തിന് നന്ദി)

അനുബന്ധം

ജ്യോതിഷത്തിലെ നവഗ്രഹങ്ങളും ജ്യോതിശാസ്ത്രത്തിലെ നവഗ്രഹങ്ങളും തമ്മില്‍ മാറിപ്പോകരുത്‌.
ജ്യോതിഷത്തിലെ നവ ഗ്രഹങ്ങള്‍ താഴെ പറയുന്നവ ആണ്‌.
1. സൂര്യന്‍ (Sun)
2. ചന്ദ്രന്‍ (Moon)
3. ചൊവ്വ (Mars)
4. ബുധന്‍ (Mercury)
5. ഗുരു (Jupiter)
6. ശുക്രന്‍ (Venus)
7. ശനി (Saturn)
8. രാഹു
9. കേതു
ജ്യോതിഷക്കാരുടെ പട്ടികയിലുള്ള സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇപ്പോള്‍ ഗ്രഹങ്ങള്‍ അല്ല എന്ന്‌ നമുക്കറിയാം. രാഹുവും കേതുവും സൂര്യന്റേയും ചന്ദ്രന്റേയും പഥങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന രണ്ട്‌ ബിന്ദുക്കള്‍ മാത്രമാണ്‌. അങ്ങനെ രണ്ട്‌ ഗ്രഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല. രാഹുവും കേതുവും എന്താണെന്ന്‌ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വായിക്കൂ.

അതിനാല്‍ ഇന്ന്‌ നമുക്കറിയുന്ന നവഗ്രഹങ്ങളും ജ്യോതിഷത്തിലെ നവഗ്രഹങ്ങള്‍ ഒന്നല്ല.
അതിനാല്‍ തന്നെ ‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്രയൂണിയന്റെ തീരുമാനം എന്തുതന്നെ ആയാലും അത് ജ്യോതിഷവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ഇനി ഒരു 10 ഗ്രഹങ്ങള്‍ കൂടി അധികം കണ്ടു പിടിച്ചാലും അതിനെ ജ്യോതിഷവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല.

4 comments:

myexperimentsandme said...

വളരെ വിജ്ഞാനപ്രദം ഷിജൂ. ഇന്നത്തെ കേരള കൌമുദിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഷിജുവിന്റെ ഇത്തരം കാര്യങ്ങളിലെ അറിവും അത് ലളിതമായി വിവരിക്കാനുള്ള കഴിവും അപാ‍രം തന്നെ.

myexperimentsandme said...

ഗ്രഹത്തിന് ഗ്രഹപ്പിഴ! അത് കൊള്ളാം :)

Shiju said...

വക്കാരിയുടെ കമെന്റ്കണ്ടപ്പോഴാ ഓര്‍ത്തത്‌ എന്ത്‌ കൊണ്ട്‌ പോസ്റ്റിന്റെ പേരും “പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ" എന്ന്‌ ആക്കിക്കൂടാ എന്ന്‌. അതിനാല്‍ അങ്ങനെ മാറ്റിയിരിക്കുന്നു. വക്കാരി നന്ദി.

Anonymous said...

Ithil pluto enna grahathe patty kodi kooduthal ulkollikkamo....