Wednesday, August 02, 2006

വിഷുവങ്ങള്‍‍

ഖഗോളവും നക്ഷത്രരാശികളും രാശിചക്രവും ഒക്കെ എന്താണെന്ന്‌ കഴിഞ്ഞ രണ്ട്‌ ലേഖനങ്ങളിലൂടെ നമ്മള്‍ മനസ്സിലാക്കി. ഈ ലേഖനത്തില്‍ വിഷുവങ്ങള്‍‍ എന്താണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.

ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോള്‍ ലഭിക്കുന്ന മഹാവൃത്തത്തിന്‌ ഘടികാമണ്ഡലം (celestial equator) അഥവാ ഖഗോളമധ്യ രേഖ എന്ന്‌ പറയുന്നു. രാശിചക്രത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവ്രത്തം (ecliptic) എന്നും പറയുന്നു.

ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ എന്ന്‌ നമ്മള്‍ക്ക്‌ അറിയാമല്ലോ. അപ്പോള്‍ ഘടികാമണ്ഡലവും ക്രാന്തിവൃത്തവും തമ്മില്‍ 23.5° യുടെ ചരിവ്‌ ഉണ്ട്‌. ഈ രണ്ട്‌ മഹാവൃത്തങ്ങള്‍ തമ്മില്‍ രണ്ട്‌ സ്ഥലത്ത്‌ കൂട്ടിമുട്ടുന്നുണ്ട്‌. ഈ രണ്ട്‌ ബിന്ദുക്കളെ വിഷുവം എന്ന്‍ വിളിക്കുന്നു. ഇംഗ്ലീഷില്‍ Equinox എന്ന്‍ വിളിക്കുന്നു.സൂര്യന്‍ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കിടക്കുന്ന ബിന്ദുവിനെ നമ്മള്‍ മഹാവിഷുവം അഥവാ മേഷാദി (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യന്‍ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ നമ്മള്‍ തുലാവിഷുവം അഥവാ തുലാദി (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മേഷാദി മാര്‍ച്ച്‌ 21-നും തുലാദി സെപ്റ്റമ്പര്‍ 23-നും ആണ്‌ സംഭവിക്കുന്നത്‌.

മുകളില്‍ വിവരിച്ചതിന്റെ രേഖാചിത്രം താഴെ കൊടുക്കുന്നു.


വിഷുവങ്ങളുടെ രേഖാചിത്രം
Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിന്‍ ഭാഷയില്‍ നിന്നുള്ള ഒരു വാക്കാണ്‌. Equal night എന്നാണ്‌ അതിന്റെ അര്‍ത്ഥം. സൂര്യന്‍ ഈ രണ്ട്‌ ബിന്ദുക്കളില്‍ ഉള്ളപ്പോള്‍ രാത്രിയും പകലും തുല്യമായിരിക്കും എന്നര്‍ത്ഥം.

സൂര്യചന്ദ്രന്മാര്‍ ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വ ആകര്‍ഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precession) എന്ന പേരില്‍ അറിയപ്പെടുന്നു. പമ്പരം കറങ്ങുമ്പോള്‍ നമുക്ക്‌ അതിന്റെ പുരസ്സരഭ്രമണവും കാണാവുന്നതാണ്‌.

(പുരസ്സരണത്തെ കുറിച്ചും അത്‌ നക്ഷത്രങ്ങളുടെ (ഉദാ: ധ്രുവ നക്ഷത്രം)സ്ഥാനത്തിനുണ്ടാക്കുന്ന മാറ്റത്തെകുറിച്ച്‌ താമസിയാതെ ഒരു പോസ്റ്റ്‌ ഇടാം.)

അപ്പോള്‍‍ ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതായത്‌ വര്‍ഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു എന്ന്‌ അര്‍ത്ഥം. ഏകദേശം 71 വര്‍ഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
പണ്ട്‌ (ഏതാണ്ട്‌ 1000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌) മേഷാദി മേടത്തില്‍ ആയിരുന്നു. സൂര്യന്‍ മേഷാദിയില്‍ വരുന്ന ദിവസം ആയിരുന്നു നമ്മള്‍ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാല്‍ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോള്‍ മീനം രാശിയില്‍ ആണ്‌. എന്നിട്ടും നമ്മള്‍ വിഷു ആഘോഷിക്കുന്നത്‌ മേടത്തില്‍ ആണ്. ഇതേ പോലെ തുലാദി ഇപ്പോള്‍ കന്നി രാശിയില്‍ ആണ്‌.