ഈ ബ്ലൊഗ്ഗിലെ ആദ്യത്തെ പോസ്റ്റില്‍ ഖഗോള മദ്ധ്യരേഖ എന്നാല്‍ എന്താണ് പരിചയപ്പെടുത്തിയിരുന്നല്ലോ. (ഭൂമദ്ധ്യരേഖയുടെ തലം ഖഗോളത്തില്‍ കൂട്ടിമുട്ടുന്ന രേഖയാണ് ഖഗോള മദ്ധ്യരേഖ. കൂടുതല്‍ വ്യക്തതയ്ക്ക് ആ പോസ്റ്റിലെ ചിത്രം കാണുക.).
ധ്രുവരേഖ
നാം നില്ക്കുന്ന സ്ഥലത്തിന് നേരെ മുകളില്‍ ഖഗോളത്തില്‍ വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന് പറയുന്നു. നേരെ താഴെയുള്ളതിനു അധോബിന്ദു (Nadir) എന്നും പറയുന്നു.
ഖഗോളധ്രുവങ്ങളില് കൂടെയും ശിരോ-അധോബിന്ദുക്കളില്‍ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിന് ധ്രുവരേഖ (Meridian) എന്നും പറയുന്നു. ചിത്രം കാണുക. ഈ വൃത്തത്തിന് നക്ഷത്രനിരീക്ഷണത്തില്‍ പ്രാധാന്യം ഉണ്ട്. അത് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാം.
ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഖഗോള ഉത്തരധ്രുവത്തിന്റെ സ്ഥാനം നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാംശം (latitude) അനുസരിച്ച് മാറും. ഉദാഹരണത്തിന് മദ്ധ്യകേരളത്തിന്റെ അക്ഷാംശം 10° ആണ്. അപ്പോള്‍ അവിടെ ഖഗോള ഉത്തരധ്രുവത്തിന്റെ സ്ഥാനം (അതായത് ധ്രുവനക്ഷത്രത്തിന്റെ) വടക്കേ ചക്രവാളത്തില്‍ നിന്ന് 10 ഡിഗ്രി ഉയര്‍ന്നായിരിക്കും. ഇക്കാരണം കൊണ്ട് തന്നെ മലകളാല്‍ ചുറ്റപെട്ട എന്റെ ജന്മസ്ഥലമായ കരിമ്പയില്‍ നിന്നൊന്നും ഞാന്‍ ധ്രുവനക്ഷത്തെ കണ്ടിട്ടേ ഇല്ല. തെക്കോട്ട് പോകുമ്പോള്‍ പിന്നേയും വിഷമമാണ്. കാരണം അങ്ങോട്ട് പിന്നെയും അക്ഷാംശം കുറഞ്ഞുവരികയാണല്ലോ.
ഡെക്ലിനേഷന്‍
നമ്മള് ഭൂമദ്ധ്യരേഖയ്ക്ക് സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെ അക്ഷാംശം (latitude) എന്നാണല്ലോ പറയുന്നത്. ഇതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക് സമാന്തരമായി വടക്കോട്ടും തെക്കോട്ടും ഉള്ള രേഖകളെയാണ് ഡെക്ലിനേഷനന്‍ എന്ന് പറയുന്നത്.
നമ്മള് ഭൂമദ്ധ്യരേഖയ്ക്ക് വടക്കോട്ടുള്ള അക്ഷാംശത്തെ + ചിഹ്നം കൊണ്ടോ N എന്ന വാക്കുകൊണ്ടോ സൂചിപ്പിക്കുന്നു. തെക്കോട്ടുള്ളവയെ - ചിഹ്നം കൊണ്ടോ S എന്ന വാക്കുകൊണ്ടും സൂചിപ്പിക്കുന്നു. അതേ പോലെ ഖഗോള മദ്ധ്യരേഖയ്ക്ക് വടക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം + ചിഹ്നവും ഖഗോള മദ്ധ്യരേഖയ്ക്ക് തെക്കോട്ടുള്ള ഡെക്ലിനേഷനോടൊപ്പം - ചിഹ്നവും വയ്ക്കുന്നു. ഇത് പ്രകാരം ഖഗോളത്തിലെ ഉത്തരധ്രുവത്തിന്റെ ഡെക്ലിനേഷനന്‍ +90 യും ദക്ഷിണ ധ്രുവത്തിന്റെ ഡെക്ലിനേഷന്‍ -90 യും ആകുന്നു. + ആയാലും - ആയാലും ഡെക്ലിനേഷന്‍ പറയുമ്പോള്‍ അതിന്റെ ഒപ്പം ചിഹ്നം നിര്‍ബന്ധമായിട്ടും ചേര്‍ക്കണം. ഡെക്ലിനേഷനെ α (ആല്‍ഫാ) എന്ന ഗ്രീക്ക് ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്. Dec എന്നും എഴുതാറുണ്ട്.
റൈറ്റ് അസന്‍ഷന്‍
ഡെക്ലിനേഷന്റെ നിര്‍വചനത്തില്‍ നിന്ന് റൈറ്റ് അസന്‍ഷന്‍ എന്താണ് എന്ന് നിങ്ങള്‍ ഊഹിച്ചു കാണും. അതായത് നമ്മടെ രേഖാശത്തിന്റെ (longitude) ഖഗോള equivalent. മലയാളത്തില്‍ ഇതിനെ വിഷുവാശം എന്ന് വിളിക്കുന്നു. റൈറ്റ് അസന്‍ഷന്‍ സാധാരണ മണിക്കൂര്‍(h), മിനിറ്റ്(m), സെകന്റ് (s)കണക്കിലാണ് പറയുന്നത്.
ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച് എന്ന സ്ഥലത്തെ ഒരു Reference point ആയി എടുത്ത് അവിടുത്തെ രേഖാംശം പൂജ്യം ഡിഗ്രിയായി സങ്കല്പ്പിച്ചാണല്ലോ നമ്മള് രേഖാംശം അടയാളപ്പെടുത്തുന്നത്. അപ്പോള്‍ ഖഗോളത്തില്‍ ഒരു Reference point ഉണ്ടെങ്കില്‍ നമുക്ക് നമുക്ക് റൈറ്റ് അസന്‍ഷന്‍ രേഖപ്പെടുത്താം. പക്ഷെ എവിടെ നിന്ന് തുടങ്ങും. നമ്മള് വിഷുവങ്ങള്‍ എന്ന പോസ്റ്റില്‍ നിന്ന് ക്രാന്തിവൃത്തവും ഖഗോളമദ്ധ്യവൃത്തവും തമ്മില്‍ രണ്ട് ബിന്ദുക്കളില്‍ മാത്രമേ കൂട്ടിമുട്ടുന്നു ഉള്ളൂ എന്നും ഇവയാണ് വിഷുവങ്ങള്‍ എന്നും മനസ്സിലാക്കി. ജ്യോതിശാസ്ത്രജ്ഞര്‍ ഇതിലെ മേഷാദിയെ (Vernal Equinox) Reference point ആയി എടുത്ത് അതിന്റെ റൈറ്റ് അസന്‍ഷന്‍ 0h 0m 0s ആയി സങ്കല്പിച്ച് അവിടെ നിന്ന് കിഴക്കോട്ട് എണ്ണി. അപ്പോള്‍ തുലാവിഷുവത്തിന്റെ റൈറ്റ് അസന്‍ഷന്‍ (Autumnal Equinox) 12h 0m 0s ആയിരിക്കും. റൈറ്റ് അസന്‍ഷനനെ δ (ഡെല്‍റ്റ) എന്ന ഗ്രീക്ക് ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്. RA എന്നും എഴുതാറുണ്ട്.
ഉദാഹരണത്തിന് തിരുവാതിര നക്ഷത്രത്തിന്റെ ഖഗോള നിര്‍ദേശാങ്കം (Celestial cordinates) α 7° 24‘; δ 5h 52m 0s ആണെന്ന് പറയുന്നു. ഡെക്ലിനേഷനും റൈറ്റ് അസന്‍ഷനും തന്നാല്‍ അവ ഉപയോഗിച്ച് നക്ഷത്രങ്ങളെ എങ്ങനെ കണ്ടുപ്പിടിക്കാമെന്ന് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിവരിക്കാം.
6 comments:
ഡെക്ലിനേഷനും റൈറ്റ് അസന്‍ഷനും എന്താണെന്ന് ഈ പോസ്റ്റില്‍ വിവരിച്ചിരിക്കുന്നു. ഒപ്പം ധ്രുവരേഖയേയും, ശിരോബിന്ദുവിനേയും, അധോബിന്ദുവിനേയും പരിചയപ്പെടുത്തുന്നു.
ഓ:ടോ:
തിരുവനതപുരത്തുനിന്നുള്ള ബ്ലോഗ്ഗര്‍ന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ shijualex@hotmail.com എന്ന ഇ-മെയില്‍ എന്നെ ഒന്ന് contact ചെയ്യാമോ. ഒരു ചെറിയ സഹായം വേണം.
ഷിജൂ,
നന്നായി. എനിക്കിനി ചില ലേഖനങ്ങള്‍ എഴുതിയിട്ടു് നിര്വ്വചനങ്ങള്ക്കു് ഇങ്ങോട്ടു ലിങ്ക് കൊടുക്കാമല്ലോ. ദിവസമാനത്തെപ്പറ്റിയുള്ള ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ അറിവിനെപ്പറ്റി പറയുമ്പോള്‍ ഇങ്ങനെയുള്ള തിയറി പറയാതെ നിവൃത്തിയില്ല. പടം വരയ്ക്കാനും വിശദീകരിക്കാനും വലിയ മടിയും.
ഇങ്ങനെയാണെങ്കിലും, ഷിജുവിന്റെ ലേഖനങ്ങള്‍ മനസ്സിലാക്കാന്‍ അല്പം ദുര്ഗ്രഹമല്ലേ എന്നൊരു സംശയം. കുറച്ചു പരിചയമുള്ളതുകൊണ്ടു് എനിക്കു മനസ്സിലാകുന്നുണ്ടു്. ഭൂരിപക്ഷത്തിന്റെ സ്ഥിതി അതാണോ എന്നു സംശയമുണ്ടു്.
ഇതുപോലെയുള്ള ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ഇട്ടിട്ടു് ബ്ലോഗില്‍ അതിലേക്കൊരു ലിങ്ക് കൊടുക്കുന്നതല്ലേ നല്ലതു് എന്നൊരു അഭിപ്രായം. ബ്ലോഗ് ലേഖനം അല്പം കൂടി സരളമാക്കാന്‍ ശ്രമിച്ചാലും കൊള്ളാം.
ഉമേഷേട്ടാ ഇനിയും ഇതിലും സരളമായി എങ്ങനെ പറയും എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല.
ഈ ബ്ലോഗ്ഗ് തുടക്കം മുതല്‍ വായിച്ചു പോകുന്നവര്‍ക്ക് എല്ലാം മനസ്സിലാകും എന്നാണ് എന്റെ അനുമാനം. മാത്രമല്ല ഇതില്‍ വരുന്ന എല്ലാ പോസ്റ്റുകളും ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു.
ലേഖനം കൂടുതല്‍ പേര്‍ക്ക് മനസ്സിലാകണം എന്ന ഉദ്ദേശത്തിലാണ് ഞാന്‍ ചിത്രങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.
ഇതുപോലെയുള്ള ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ഇട്ടിട്ടു് ബ്ലോഗില്‍ അതിലേക്കൊരു ലിങ്ക് കൊടുക്കുന്നതല്ലേ നല്ലതു് എന്നൊരു അഭിപ്രായം.
സത്യം പറഞ്ഞാല്‍ മലയാളം വിക്കിയില്‍ ഈ വിഷയത്തില്‍ ഉള്ള ലേഖങങ്ങള് ഇടുന്നതിനുള്ള ഒരു വേദിയായാണ് ഞാന്‍ ബ്ലോഗ്ഗിനെ ഉപയോഗിക്കുന്നത്. ഇവിടത്തെ ചര്‍ച്ചകളും വിശദീകരണങ്ങളും കഴിഞ്ഞു തെറ്റൊക്കെ തിരുത്തിയാല്‍ നേരെ എടുത്ത് വിക്കിയിലേക്കു ഇട്ടാല്‍ മതിയല്ലോ. വിക്കിയില്‍ നേരിട്ട് ഇട്ടാല്‍ ചര്‍ച്ചകള്‍ ഒന്നും ഉണ്ടാവില്ല.
ഇങ്ങനുള്ള നിര്‍വചനങ്ങള്‍ അടുത്ത രണ്ട് മൂന്ന് പോസ്റ്റോടുകൂടി അവസാനിക്കും. പിന്നീട് കുറച്ച് കൂടി സീരിയസ്സായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഉദ്ദേശം.
α 0°; δ 0h ഒരു പ്രത്യേക സമയത്ത് എവിടെ വരും എന്നു പറയാന്‍ സാധിക്കുമോ?
അത് എളുപ്പമല്ലേ സുനില്‍ . α 0°; δ 0h എന്നു പറഞ്ഞാല്‍ മേഷാദി (vernal equinox) ആണ്. അത് ഇപ്പോള്‍ എവിടെ ആണെന്ന് അറിഞ്ഞാല്‍ α 0°; δ 0h കണ്ടുപിടിക്കാം. vernal equinox ഇപ്പോള്‍ Pisces നക്ഷത്രരാശിയിലെ λ-Piscium എന്ന നക്ഷത്രത്തിനടുത്താണ്. അപ്പോള്‍ ആ ബിന്ദുകിട്ടി കഴിഞ്ഞാല്‍ α 0°; δ 0h യും കിട്ടി.
λ-Piscium എന്നൊക്കെ നക്ഷത്രങ്ങളെ എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നറിയാന്‍ നക്ഷത്രങ്ങളുടെ നാമകരണം- ഭാഗം ഒന്ന് എന്ന പോസ്റ്റ് കാണുക.
ഡിസംബർ 26 ന്റെ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് മാറ്റർ തിരയുമ്പോഴാണ് അങ്ങയുടെ കുറിപ്പ് കണ്ടത്.
നന്നായിരിക്കുന്നു...
ലളിതവുമാണ്.
ഗ്രീനിച്ച് കാണിക്കുന്ന ലോകമാപ്പ് കൂടി കാണിച്ചാൽ ഗംഭീരമായി..
നന്ദി..
Post a Comment