Monday, August 07, 2006

വിഷുവങ്ങളുടെ പുരസ്സരണം (Precession of the Equinoxes)

എന്താണ് പുരസ്സരണം?
വിഷുവങ്ങള്‍ (Equinoxes)എന്താണ് എന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ നിന്ന്‌ മനസ്സിലാക്കിയല്ലോ. വിഷുവങ്ങളുടെ പുരസ്സര‍ണത്തെ കുറിച്ചും പുരസ്സരണം കാരണം വിഷുവങ്ങളുടെ സ്ഥാനത്തിന് വര്‍ഷം തോറും 50.26'' ആര്‍ക് സെക്കന്റ്‌ മാറ്റം ഉണ്ടാകുന്നു എന്നും‌ കഴിഞ്ഞ ലേഖനത്തില്‍ സൂച്ചിപ്പിച്ചിരുന്നുവല്ലോ. എന്താണ് പുരസ്സരണം എന്നും എന്തൊക്കെയാണ് അതിന്റെ അനന്തര ഫലങ്ങള്‍ എന്നും ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നു.

കുറിപ്പ്‌:
ആര്‍ക് സെക്കന്റ്‌ കോണിന്റെ അളവാണ്. അതിന് സമയവുമായി ബന്ധമില്ല. ഒരു ഡിഗ്രിയെ 60 ഭാഗമായി തിരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ഭാഗത്തിന് ഒരു മിനിട്ട്‌ എന്ന്‌ പറയുന്നു. ഈ ഒരു മിനിട്ടിനെ 60 ഭാഗമായി ഭാഗിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ഭാഗത്തിനാണ് ഒരു ആര്‍ക് സെക്കന്റ്‌ എന്ന് പറയുന്നത്‌.

ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം (Equatorial Diameter) അതിന്റെ തെക്ക്‌ വടക്ക്‌ ധ്രുവങ്ങളില്‍ നിന്നുള്ള വ്യാസത്തേക്കാള്‍ അല്പം കൂടുതല്‍ ആണ്. (ഭൂമി ആരം(radius) തുല്യമായ ഒരു ഗോളം അല്ല എന്ന്‌ അര്‍ത്ഥം.) ഭൂമധ്യരേഖാരേഖാ വ്യാസം തെക്ക്‌ വടക്ക്‌ ധ്രുവങ്ങളില്‍ നിന്നുള്ള വ്യാസത്തേക്കാള്‍ ഏകദേശം 43 കിലോമീറ്റര്‍ അധികമാണ്. അതായത്‌ ഭൂമധ്യ ഭാഗം കുറച്ച്‌ വീര്‍ത്താണ് ഇരിക്കുന്നത്‌ എന്ന്‌ സാരം. ഈ വീര്‍ത്ത ഭാഗത്ത്‌ സൂര്യനും ചന്ദ്രനും ചെലുത്തുന്ന ഗുരുത്വ ബലം മൂലം ഭൂമിയുടെ അച്ചുതണ്ടിന്റെ വിന്യാസത്തിന് ക്രമേണ മാറ്റം വന്ന്‌ കൊണ്ടിരിക്കുന്നു.

സൂര്യ ചന്ദ്രന്മാരുടെ ഭൂമിക്കു മേലെ ഉള്ള ഗുരുത്വ വലിവ്‌

സൂര്യചന്ദ്രന്മാരുടെ ഈ ഗുരുത്വ ആകര്‍ഷണം മൂലം ഭൂമി ഒരു കറങ്ങുന്ന പമ്പരത്തെ പോലെ പെരുമാറുന്നു. താഴെ കാണുന്ന ചിത്രം ശ്രദ്ധിയ്ക്കുക്ക.

പമ്പരത്തിന്റെ അച്ചുതണ്ടിന്റെ പുരസ്സരണം

പമ്പരം കറങ്ങുന്നില്ലെങ്കില്‍ ഗുരുത്വബലം അതിനെ താഴേക്ക്‌ വലിച്ചിടും. പമ്പരം കറങ്ങുമ്പോള്‍ അതിന്റെ സ്വാഭാവിക കറക്കത്തിനു പുറമേ ഗുരുത്വബലം മൂലം അതിന്റെ അച്ചുതണ്ട്‌ അന്തരീക്ഷത്തില്‍ ഒരു വൃത്തം രചിച്ച് കൊണ്ട്‌ കറങ്ങും. ഈ രണ്ടാമത്‌ പറഞ്ഞ കറക്കത്തിനാണ് പുരസ്സരണം അഥവാ Precission എന്ന്‌ പറയുന്നത്‌. പുരസ്സരണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ ബഹിരാകാശത്ത്‌ ഒരു വൃത്തവും വരച്ച്‌ കൊണ്ട്‌ കറങ്ങുന്നു. ഈ കറക്കത്തിനിടയിലും അച്ചുതണ്ട്‌ ലംബത്തില്‍ നിന്ന്‌ 23.5 ഡിഗ്രി (ഇത്‌ സ്ഥിരമാണ്) ചരിഞ്ഞു കൊണ്ട്‌ തന്നെയാണ് കറങ്ങുന്നത്‌. ഒരു വര്‍ഷം ഏകദേശം 50.26 ആര്‍ക്ക് സെക്കന്റ്‌ ആണ് ഭൂമിയുടെ അച്ചുതണ്ട് ഈ പുരസ്സര കറക്കത്തിലൂടെ സഞ്ചരിക്കുന്നത്‌. അതിനാല്‍ ഭൂമിയുടെ അച്ചുതണ്ടിന് ഒരു പുരസ്സരകറക്കം പൂര്‍ത്തിയാക്കാന്‍ 26,000 വര്‍ഷങ്ങള്‍ വേണം.

ഭൌമ അച്ചുതണ്ടിന്റെ പുരസ്സരണം

പുരസ്സര കറക്കത്തിന്റെ ഫലങ്ങള്‍

ഇനി ഈ കറക്കത്തിന്റെ ഫലങ്ങള്‍ എന്തൊക്കെ ആണെന്ന്‌ നോക്കാം.

1. വിഷുവങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനം

ഭൂമധ്യ രേഖ ഖഗോളവുമായി ഛേദിക്കുമ്പോള്‍ ലഭിക്കുന്ന മഹാവൃത്തമാണ് ഘടികാമാണ്ഡലം (Celestial equator) എന്ന്‌ കഴിഞ്ഞ ലേഖത്തില്‍ പറഞ്ഞിരുന്നുവല്ലോ. പുരസ്സരണം കാരണം ഈ വൃത്തത്തിന്റെ വിന്യാസത്തില്‍ മാറ്റം വരും. അപ്പോള്‍ അതിന്റെ അര്‍ഥം ഈ വൃത്തം ക്രാന്തിവൃത്തവുമായി (ecliptic) മുട്ടുന്ന ബിന്ദുക്കള്‍ക്കും മാറ്റം ഉണ്ടാകും എന്നാണല്ലോ. ഘടികാമാണ്ഡലം ക്രാന്തിവൃത്തവുമായി കൂട്ടിമുട്ടുന്ന ബിന്ദുക്കളാണ് വിഷുവങ്ങള്‍ (Equinox) എന്ന്‌ നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ നിന്ന്‌ മനസ്സിലാക്കി. അപ്പോള്‍ വിഷുവങ്ങള്‍ അതിന്റെ സ്ഥാനം ക്രമേണ മാറുന്നു എന്ന്‌ അര്‍ത്ഥം. ഒരു വര്‍ഷം ഏതാണ്ട്‌ 50.26'' ആര്‍ക് സെക്കന്റ്‌ വ്യത്യാസം ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ഭൂമിയുടെ അച്ചു തണ്ടിനുണ്ടാകുന്ന പുരസ്സരണത്തെ നമ്മള്‍ വിഷുവ പുരസ്സരണം എന്ന്‌ പറയുന്നത്‌. (യഥാര്‍ത്ഥത്തില്‍ ഇത്‌ അച്ചു തണ്ടിനുണ്ടാകുന്ന പുരസ്സരണം ആണ്).

അച്ചുതണ്ടിന്റെ പുരസ്സരണം

വിഷുവങ്ങളുടെ ഈ പുരസ്സരണം ആദ്യമായി മനസ്സിലാക്കിയത്‌ ഗ്രീക്ക്‌ ജ്യോതിശാസ്ത്രഞ്ജനായ ഹിപ്പാര്‍ക്കസ്‌ ആണ് (BC രണ്ടാം നൂറ്റാണ്ടില്‍). 2000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മേഷാദി (Vernal Equinox) മേടം രാശിയില്‍ ആയിരുന്നു. ഇപ്പോള്‍ മീനത്തില്‍ ആണ്. A.D 2600 നോടടുത്ത്‌ അത്‌ കുംഭത്തിലേക്ക്‌ മാറും.

2. ധ്രുവ നക്ഷത്രത്തിനുണ്ടാകുന്ന സ്ഥാനചലനം

പുരസ്സരണം കാരണം വിഷുവങ്ങള്‍ക്ക്‌ മാത്രമല്ല ധ്രുവനക്ഷത്രത്തിനും വ്യത്യാസം ഉണ്ടാകുന്നുണ്ട്‌.
ഭൂമിയുടെ അച്ചുതണ്ട്‌ ഏത്‌ നക്ഷത്രത്തിന് നേരെയാണോ ചൂണ്ടിയിരിക്കുന്നത്‌ അതിനെയാണല്ലോ നമ്മള്‍ ധ്രുവനക്ഷത്രം എന്ന്‌ പറയുന്നത്‌. അപ്പോള്‍ അച്ചുതണ്ട്‌ പുരസ്സരണം ചെയ്യുമ്പോള്‍ ധ്രുവനക്ഷത്രത്തിനും വ്യത്യാസം വരും. ഇപ്പോള്‍ അച്ചുതണ്ട്‌ Ursa Minor (ലഘു ബാലു) എന്ന നക്ഷത്രരാശിയില്‍ ഉള്ള പോളാരിസ് (Polaris) എന്ന നക്ഷത്രത്തിന് നേരെയാണ് ഇരിക്കുന്നത്‌. അതിനാല്‍ അതാണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. BC 3000ത്തില്‍ അത്‌ Draco (വ്യാളം) എന്ന നക്ഷത്രരാശിയില്‍ ഉള്ള Thuban എന്ന നക്ഷത്രത്തെ ആയിരുന്നു അച്ചുതണ്ട്‌ അഭിമുഖീകരിച്ചിരുന്നത്‌. അന്ന്‌ അതായിരുന്നു ധ്രുവ നക്ഷത്രം. AD 7500 നോടടുത്ത്‌ Cepheus (കൈകവസ്‌ ) എന്ന നക്ഷത്രരാശിയില്‍ ഉള്ള Aderamin എന്ന നക്ഷത്രം ആയിരിക്കും ധ്രുവനക്ഷത്രം.

താഴെ കാണുന്ന പടത്തില്‍ അച്ചുതണ്ടിന്റെ പുരസ്സരണം കാരണം ധ്രുവനക്ഷത്രത്തിനുണ്ടാകുന്ന മാറ്റം ചിത്രീകരിച്ചിരിക്കുന്നു.

ധ്രുവ നക്ഷത്രത്തിനുണ്ടാകുന്ന സ്ഥാനചലനം

ധ്രുവനക്ഷത്രത്തെകുറിച്ച്‌ കുറച്ച്‌ കാര്യങ്ങള്‍ സന്തോഷേട്ടന്റെ ഈ ലേഖനത്തില്‍ നിന്ന്‌ വായിക്കാം.

15 comments:

സിദ്ധാര്‍ത്ഥന്‍ said...

സുവര്‍ണ നാലപ്പാട്ടിന്റെ ഒരു പുസ്തകം വായിച്ചു്‌ 'മിഴുങ്ങസ്യ'യായി നിന്ന ഒരുത്തന്റെ നന്ദി ചൂടോടെ. തുടരനെ വായിക്കുന്നുണ്ടു്‌. ചില സാധനങ്ങള്‍ എന്താണെന്നോര്‍ത്തു വെക്കാന്‍ ബുദ്ധിമുട്ടുന്നു. പോകെ പോകെ ശരിയായി വരുമെന്നു വിചാരിക്കുന്നു.

qwerty: പണ്ടു്‌ സയന്‍സിലും മറ്റും ഓരോ സംഗതികള്‍ ആംഗലേയത്തില്‍ പഠിക്കുമ്പോള്‍ eg. perpetual motion ഇതൊക്കെ മലയാളത്തിലയിരുന്നെങ്കില്‍ എന്തെളുപ്പമായിരുന്നേനെ എന്നു തോന്നിയിരുന്നു. ഈ 'ക്രാന്തിമണ്ഡല'മൊക്കെ കണ്ടപ്പോള്‍ അങ്ങനെ തോന്നിയതില്‍ പശ്ചാത്തപിച്ചു.

Santhosh said...

വായിച്ചു, നന്നായിട്ടുണ്ട്.

സു | Su said...

വായിച്ചു. ഇതൊക്കെ എന്ന് മനസ്സിലാകുമോ ആവോ.

Shiju said...

ഈ ബ്ലൊഗ്ഗിലെ പോസ്റ്റുകള്‍ ഇതിനു മുന്‍പ്‌ വന്ന പോസ്റ്റുകളുടെ തുടര്‍ച്ച ആണ്. കഴിയുന്നതും കാര്യങ്ങള്‍ ലഘൂകരിച്ച്‌ പറയാന്‍ ശ്രമിക്കുന്നുണ്ട്‌.
ഏറ്റവും അടിസ്ഥനപരമായ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്‌. നമ്മള്‍ സ്കൂളുകളില്‍ പഠിച്ച കാര്യങ്ങള്‍ ഒന്ന്‌ റിഫ്രെഷ്
ചെയ്യുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്‌.

മനസ്സിലാകാന്‍ ബുദ്ധിമുട്ട്‌ ഉണ്ടെങ്കില്‍ അതത്‌ ലേഖ്നനങ്ങളില്‍ നിന്ന്‌ അതിന് മുന്‍പ്‌ വന്ന ലേഖനങ്ങളിലേക്ക്‌ കൊടുത്ത ലിങ്കുകള്‍ വായിക്കുക. എന്തെങ്കിലും മനസ്സിലാകാത്തതോ ബുദ്ധിമുട്ടോ ആയി തോന്നുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഇമെയില്‍ അയക്കുകയോ അതത്‌ ലേഖങ്ങളില്‍ കമെന്റ് ഇടുകയോ ചെയ്യുക.

Shiju said...

സിദ്ധാര്‍ത്ഥന്‍ ചേട്ടാ പല വാക്കുകളും ബുദ്ധിമുട്ടായി തോന്നാന്‍ കാര്യം അതിന് സമാനമായ മലയാളം പദം ഇല്ല അന്നത്‌ കൊണ്ടാണ്. മലയാള ജ്യോതിശാസ്ത്ര ലേഖനങ്ങളില്‍ ഇതു പോലുള്ള പദങ്ങള്‍ക്ക്‌ മിക്കവാറും ഉപയോഗിച്ചിരിക്കുന്നത്‌ സംസ്‌കൃത പദങ്ങളാണ്. അതിനാല്‍ തന്നെ ഇങ്ങനുള്ള മിക്കവാരും പദങ്ങളുടെ ഒപ്പം അതിന്റെ ഇംഗ്ലീഷ് വാക്കുകളും കൊടുത്തിട്ടുണ്ട്‌.

പരസ്പരം said...

പതിവു പോലെ വിജ്ഞാനപ്രദം.ക്ലാസ്സ് മുറിയിലിരിക്കുന്നതു പോലെ തോന്നി.എങ്കിലും ഇതൊക്കെ നമ്മള്‍ സ്ക്കൂളില്‍ പഠിച്ചതാണോ?ഞാനൊന്നും ഓര്‍ക്കുന്നില്ല.ഈ NS വ്യാസത്തേക്കാട്ടിലും കൂടുതലാണ് EW വ്യാസമെന്നുള്ളത് എനിക്ക് പുതിയ അറിവാണ്.ഷിജുസാറിന്റെ അടുത്ത ക്ലാസ്സിനായി കാത്തിരിയ്ക്കുന്നു.പണ്ട് എങ്ങനെ ക്ലാസ്സില്‍ കയറാതിരിക്കാം എന്നതായിരുന്നു വിഷയം, ഇപ്പോള്‍ എങ്ങനെ കയറാം എന്നത്.എന്തൊരു മാറ്റം എന്റെ ബ്ലോഗ് മുത്തപ്പാ‍!

myexperimentsandme said...

വളരെ നന്നായിരിക്കുന്നു ഷിജൂ. ആദ്യം തന്നെ വായിച്ചിരുന്നു. ഒറ്റ വായനയില്‍ എല്ലാം മനസ്സിലായില്ല. പലതും പുതിയ അറിവു പോലെ. സ്കൂളിലൊക്കെ പഠിച്ചിരുന്നോ ആവോ?

ഭൂമി ശരിക്കും ഉരുണ്ടതല്ല എന്നു പോലും ഇപ്പോഴാണ് മനസ്സിലായത്-അതിന്റെ കാരണവും. ഇതും ഇതിനു മുന്നിലത്തേതും ചേര്‍ത്ത് ഒന്നുകൂടി വായിക്കണം.

നല്ല ഉദ്യമം. തീര്‍ച്ചയായും തുടരണം.

Shiju said...

വക്കാരിമഷ്ടാ said...
ഭൂമി ശരിക്കും ഉരുണ്ടതല്ല എന്നു പോലും ഇപ്പോഴാണ് മനസ്സിലായത്-അതിന്റെ കാരണവും.


വക്കാരി ഭൂമി ശരിക്കും ഒരു ഗോളം ആകാതിരിന്നതിന്റെ കാരണം ഞാന്‍ പോസ്റ്റില്‍ വിശദീകരിച്ചിട്ടില്ല. അങ്ങനെ ഒരു പൂര്‍ണ്ണ ഗോളം അല്ലാത്തത്‌ കൊണ്ട്‌ സൂര്യനും ചന്ദ്രനും ചെലുത്തുന്ന വലിവിനെ കുറിച്ചേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഒരു പൂര്‍ണ്ണ ഗോളം ആകാതിരിന്നതിന്റെ കാരണം അടുത്ത പോസ്റ്റില്‍ ഇടാം. centrifugal force നെ (ഇതിന്റെ ഒക്കെ മലയാളം എന്താണോ)കുറിച്ചൊക്കെ പഠിച്ചിട്ടുണ്ടല്ലോ. അതാണ് ഒരു കാരണം.

ഇനി ഭൌതിക ശാസ്ത്രത്തിനും കൂടി ഒരു ബ്ലോഗ്ഗ് തുടങ്ങേണ്ടി വരുമോ?

എന്തായാലും ഇത്‌ താമസിയാതെ വിശദീകരിക്കാം.


പരസ്പരം, വക്കാരി പോസ്റ്റ് വായിച്ച്‌ അഭിപ്രായം അറിയച്ച്തിന് നന്ദി.

myexperimentsandme said...

ഞാന്‍ ഒരു കാര്യം എങ്ങിനെയാണ് മനസ്സിലാക്കുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി :)

സൂര്യനും ചന്ദ്രനും പിടിച്ചു വലിക്കുന്നതുകൊണ്ടാണ് ഭൂമി മേക്കോ എന്നായിപ്പോയതെന്നായിരുന്നു ഞാനോര്‍ത്തത്!

തിരുത്തി തന്നതിന് വളരെ നന്ദി ഷിജൂ.

SEEYES said...

പുരസ്സരണം മൂലം ഋതുക്കള്‍ ഉണ്ടാകുന്നു എന്നാണ് ഇത്രയും കാലം ധരിച്ച് വച്ചിരുന്നത്. അങ്ങനെ അല്ലെന്ന് ഇപ്പോള്‍ മനസ്സിലയായി.

ചില അണുകേന്ദ്രങ്ങള്‍ക്കും കാന്തത്തിനു മുന്നില്‍ പെട്ടാല്‍ പുരസ്സരണം സംഭവിക്കും. സ്വതവേ മേക്കോ എന്നു പമ്പരം ചുറ്റുന്ന ഇവ ഒരു കാന്ത വലയത്തില്‍ പെട്ടാല്‍ കാന്തത്തെ പിണക്കാതെ അതിനനുകൂലമായി ചുറ്റലും പുരസ്സരണവും തുടങ്ങും. ചെറിയ ഒരു ഊര്‍ജ്ജം ലഭിച്ചാല്‍ ഇവര്‍ കാന്തത്തെ എതിര്‍ത്ത് ചുറ്റാന്‍ തുടങ്ങും. ആകാശവാണിയില്‍ നിന്ന് വരുന്ന റേഡിയോ തരംഗങ്ങള്‍ മതി ഇതിന് ഊര്‍ജ്ജമായി. ഈ പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രികളില്‍ ഉപയോഗിക്കുന്ന MRI യന്ത്രം പ്രവര്‍ത്തിക്കുന്നത്.

Shiju said...

സീയെസ്സ് പറഞ്ഞു
പുരസ്സരണം മൂലം ഋതുക്കള്‍ ഉണ്ടാകുന്നു എന്നാണ് ഇത്രയും കാലം ധരിച്ച് വച്ചിരുന്നത്. അങ്ങനെ അല്ലെന്ന് ഇപ്പോള്‍ മനസ്സിലായി.

സീയെസ്സ് ചേട്ടാ ബ്ലോഗ്ഗ് സന്ദര്‍ശ്ശിച്ച്തിന് നന്ദി. ഋതുക്കള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ഭൂമിയുടെ അച്ചുതണ്ടിനുള്ള ചരിവാണ് (23.5).

മറ്റൊരവസര‍ത്തില്‍ അതിനെ കൂറിച്ച്‌ വിശദമായി എഴുതാം.

സീയെസ്സ് ചേട്ടന്‍ നാനോടെക്നോളജിയിലാണോ പരിപാടി.താങ്കളുടെ ശാസ്ത്രലോകം എന്ന ബ്ലോഗ്ഗ് ഞാന്‍ വായിക്കാറുണ്ട്‌. അനലോഗ്ഗ് ഡിജിറ്റലിനെകുറിച്ചുള്ള ലേഖനം വളരെ നന്നായിരുന്നു.

ഇപ്പോള്‍ അതില്‍ ലേഖനങ്ങള്‍ ഒന്നും വരാറില്ലല്ലോ.

Vssun said...

Shiju, I have started reading your blog from our pluto.. Now I started reading from the beginning.. Its very interesting..

One question: vishuvangalude maattam, ethu raasi muthal ethu raasi vare aanu??

Shiju said...

Sunil said...
Shiju, I have started reading your blog from our pluto.. Now I started reading from the beginning.. Its very interesting..

One question: vishuvangalude maattam, ethu raasi muthal ethu raasi vare aanu??


സുനില്‍ വിഷുവങ്ങളുടെ പുരസ്സരണം എന്ന പോസ്റ്റില്‍ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. ചോദ്യം. വിഷുവങ്ങളുടെ മാ‍റ്റം എതു രാശിമുതല്‍ ഏതു രാശി വരെ ആണ്?

സുനില്‍, ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്നത് പോലെ ഭൂമിയുടെ അച്ചുതണ്ട്‌ ഒരു പുരസ്സരണ കറക്കം പൂര്‍ത്തിയാക്കാന്‍ 26,000 വര്‍ഷം എടുക്കം. അപ്പോള്‍ ഇതിന്റെ ഫലമായി വിഷുവങ്ങളും രാശിചക്രത്തിലൂടെ (12 constellations of zodiac) 26,000 വര്‍ഷം കൊണ്ട് ഒരു പ്രാവശ്യം കറങ്ങി വരും. അതിനു ശേഷവും അത് തുടര്‍ന്നുകൊണ്ടേ ഇരിക്കും. ഭൂമിയുടെ അച്ചുതണ്ട്‌ പുരസ്സരണ കറക്കം തുടര്‍ന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം വിഷുവങ്ങളും ഈ 12 രാശികളില്‍ കൂടെ കറങ്ങി കൊണ്ടിരിക്കും. അല്ലാതെ അത്‌ ഏതെങ്കിലും ഒരു രാശിയില്‍ തുടങ്ങി വേറൊരു രാശിയില്‍ അവസാനിക്കുന്നില്ല.

tekno said...

ശരിക്കും (പൂര്‍ണ്ണമായും സമമിതമായ ഒരു ഗോളമാണെന്കില്) പുരസ്സരണമുണ്ടാകുമോ. എന്കില് അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്താണ്
tekno

Anonymous said...

മറ്റു ഗോളങ്ങളും ഭൂമിയെ സ്വാധീനിക്കുന്നുണ്ട്. അതും പുരസ്സാരണകാരണമാണ്.