Wednesday, October 04, 2006

ജ്യോതിശാസ്ത്രത്തിലെ കാറ്റലോഗുകള്‍-ഭാഗം രണ്ട്

ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന കാറ്റലോഗുകള്‍-ഭാഗം രണ്ട്

ഇത് ജ്യോതിശാസ്ത്രത്തിലെ കാറ്റലോഗുകള്‍-ഭാഗം ഒന്ന് എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്. നക്ഷത്രങ്ങളെയും മറ്റ് ഖഗോള വസ്തുക്കളേയും എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നും പല തരത്തില്‍ ഉള്ള നക്ഷത്രനാമകരണ സമ്പ്രദായങ്ങളും കാറ്റലോഗുകളും ഒക്കെ‍ ഏതൊക്കെയാണെന്നും പരിചയപ്പെടുത്തുക ആണ് നാല് പോസ്റ്റുകളിലൂടെ ഉദ്ദേശിക്കുന്നത്. ഈ സമ്പ്രദായങ്ങളേയും കാറ്റലോഗുകളേയും പരിചയപ്പെടുന്നത് വളരെ അത്യാവശ്യമാണ്, കാരണം ഇനി വരുന്ന പോസ്റ്റുകളില്‍ നക്ഷത്രങ്ങള്‍ക്കും മറ്റു ഖഗോള വസ്തുക്കള്‍ക്കും അതിന്റെ കാറ്റലോഗ്/നാമകരണ സമ്പ്രദായ പേരുകള്‍ ആയിരിക്കും പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണീ ഈ നാല് പോസ്റ്റുകള്‍. ഈ പോസ്‌റ്റോടു കൂടി പ്രധാനപ്പെട്ട എല്ലാ കാറ്റലോഗുകളേയും നാമകരണ സമ്പ്രദായങ്ങളേയും നമ്മള്‍ പരിചയപ്പെടും. അതിനാല്‍ ഈ തുടരന്‍ ഈ പോസ്‌റ്റോടുകൂടി അവസാനിക്കുന്നു.

കഴിഞ്ഞ പോസ്റ്റില്‍ ചില നക്ഷത്രകാറ്റലോഗുകളെ നമ്മള്‍ പരിചയപ്പെട്ടു. ഈ പോസ്റ്റില്‍ ചില വിശേഷാല്‍ കാറ്റലോഗുകളെ പരിചയപ്പെടാം. വിശേഷാല്‍ കാറ്റലോഗുകളെ പരിചയപ്പെടുന്നതിനു മുന്‍പ് അതുമായും ബന്ധപ്പെട്ട ചില ഖഗോളവസ്തുക്കള്‍ എന്താണെന്ന് മനസ്സിലാക്കാം. വളരെ അടിസ്ഥാനപരമായ നിര്‍വചനം മാത്രമേ ഇപ്പോള്‍ കൊടുക്കുന്നുള്ളൂ. പോസ്റ്റ് മുന്നേറുന്ന മുറയ്ക്ക് ഈ ഖഗോള വസ്തുക്കളെ വിശദമായി പരിചയപ്പെടുത്താം.

ചില നിര്‍വചനങ്ങള്‍

ചര നക്ഷത്രങ്ങള്‍ (variable stars): ഒരു ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അത്തരം നക്ഷത്രങ്ങളെ ചര നക്ഷത്രങ്ങള്‍ എന്നു വിളിക്കുന്നു. പ്രഭയുടെ അളവില്‍ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കില്‍ ആ നക്ഷത്രത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം.

നെബുല (Nebula): മേഘം എന്നര്‍ത്ഥം ഉള്ള നെബുല എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ പേര് ഉണ്ടായത്. നക്ഷത്രങ്ങളുടെ ഇടയ്ക്കുള്ള വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന സമൂഹം എന്നതാണ് നെബുലയുടെ ഏറ്റവും ലളിതമായ നിര്‍വചനം.

ഗോളീയ താര വ്യൂഹം (Globular clustor): ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തിനാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍ എന്നു പറയുന്നത്. ഈ താരവ്യൂഹം ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ ഗാലക്സിയായ ആകാശ ഗംഗയില്‍ ഏതാണ്ട് 120-ഓളം ഗോളീയ താര വ്യൂഹത്തെ കണ്ടെത്തിയിട്ടുണ്ട്.

മുകളില്‍ കൊടുത്തിരിക്കുന്നതിനൊക്കെ കൂടുതല്‍ വ്യക്തമായ നിര്‍വചനം വിശദീകരണ സഹിതം പോസ്റ്റുകള്‍ മുന്നേറുന്ന മുറയ്ക്ക് ഇടാം.

ചര നക്ഷത്ര കാറ്റലോഗ് (Variable star catalog)


ചരനക്ഷത്രങ്ങള്‍ക്ക് പ്രത്യേക കാറ്റലോഗ് ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത് നമ്മള്‍ കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ട ബോണ്‍ ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായ F.W.A Argelander (BD കാറ്റലോഗ് ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍) ആണ്.

നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത് എങ്ങനെ എന്ന പോസ്റ്റില്‍ ബെയെര്‍ തന്റെ നാമകരണ സമ്പ്രദായത്തില്‍ നക്ഷത്രങ്ങള്‍ക്ക് പേരിടാന്‍ ആദ്യം ഗ്രീക്ക് അക്ഷരങ്ങളും, അതു തീര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും അതും തീര്‍ന്നപ്പോള്‍ ഇംഗ്ലീഷ് വലിയ അക്ഷരവും ആണ് ഉപയോഗിച്ചത് എന്ന് നമ്മള്‍ മനസ്സിലാക്കി. ഇങ്ങനെ ഇംഗ്ലീഷ് വലിയ അക്ഷരം ഉപയോഗിച്ച രാശിയില്‍ ബെയര്‍ ഏറ്റവും അവസാനമായി ഉപയോഗിച്ചത് Q എന്ന അക്ഷരം ആയിരുന്നു. പിന്നിട് ചരനക്ഷത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേക കാറ്റലോഗ് ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ Argelander ബെയര്‍ നിര്‍ത്തിയടത്തു നിന്നും തുടങ്ങി.അതായത് ആദ്യത്തെ ചരനക്ഷത്രത്തിന് R-(പിന്നെ നക്ഷത്രരാശിയുടെ Latin Genetive നാമം) കൊടുത്തു. ഉദാ R-Lyrae, S-Lyrae എന്നിങ്ങനെ. അങ്ങനെ Z വരെ ആയപ്പോള്‍ തിരിച്ചുവന്ന് RR, RS,.....RZ. അതും തീര്‍ന്നപ്പോള്‍ SS,ST....അങ്ങനെ ZZ വരെ. എന്നിട്ടും പ്രശ്നം തീര്‍ന്നില്ല പിന്നേയും പുതിയ ചരനക്ഷത്രങ്ങളെ കണ്ടെത്തികൊണ്ടിരുന്നു. അതിനാല്‍ ജ്യോതിശാസ്ത്രഞര്‍ പിന്നെ AA, AB, ...., എന്നിങ്ങനെ ഏണ്ണി അവസാനം QZ വരെ യുള്ള എല്ലാ കോമ്പിനേഷനും ഉപയോഗിച്ചു. അങ്ങനെ ഈ രീതിയില്‍ കൂടിയാല്‍ 334 നക്ഷത്രങ്ങള്‍ക്ക് മാത്രമേ പേരിടാന്‍ പറ്റൂ. ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ ഒരു ഉപായം കണ്ടെത്തി ഈ 334 ചരനക്ഷത്രങ്ങള്‍ക്ക് ശേഷം കണ്ടെത്തുന്ന ചരനക്ഷത്രങ്ങള്‍ക്ക് അറബിക്ക് സംഖ്യകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല സംഖ്യയ്ക്ക് മുന്‍പ് V എന്ന അക്ഷരവും ഇടാന്‍ തീരുമാനിച്ചു. അതായത് ഉദാഹരണത്തിന് Sagittarius രാശിയിലെ QZ-Sagittarrii എന്ന ചരനക്ഷത്രത്തിനുശേഷം കണ്ടുപിടിച്ച ചരനക്ഷത്രത്തെ V335-Sagittarrii എന്നു വിളിച്ചു. ഇതു വളരെ ബുദ്ധിപൂര്‍വമായ ഒരു തീരുമാനം ആയിരുന്നു. കാരണം പിന്നീട് പല രാശിയിലും ആയിരക്കണക്കിന് ചരനക്ഷത്രങ്ങളെ കണ്ടെത്തി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഏറ്റവും വലിയ ചരനക്ഷത്രസംഖ്യ ലഭിച്ചത് Sagittarius രാശിയിലെ V5112-Sagittarrii എന്ന ചരനക്ഷത്രത്തിനാണ്.

ഇനി കൂടുതല്‍ നക്ഷത്രകാറ്റലോഗുകളെ കുറിച്ച് പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കുന്നില്ല. കാറ്റലോഗുകള്‍ നൂറുകണക്കിനായതുകൊണ്ട് എല്ലാത്തിനേയും പരിചയപ്പെടുന്നതില്‍ അര്‍ത്ഥവുമില്ല. നമ്മള്‍ ഇനി മറ്റു ഖഗോള വസ്തുക്കളുടെ വളരെ പ്രധാനപ്പെട്ട രണ്ട് കാറ്റലോഗുക്കളെ മാത്രം പരിചയപ്പെട്ട് ഈ ലേഖനം അവസാനിപ്പിക്കാം. പിന്നിട് ആവശ്യം വരുന്ന മുറയ്ക്ക് ഏതെങ്കിലും കാറ്റലോഗിനെയോ നാമകരണ സമ്പ്രദായങ്ങളേയോ പരിചയപ്പെടുത്താം.

Deep sky Object cataloges

Deep sky object എന്നത് കൊണ്ട് ജ്യോതിശാസ്ത്രത്തില്‍ ഉദ്ദേശിക്കുന്നത് സൌരയൂഥത്തിന് പുറത്തുള്ളതും എന്നാല്‍ നക്ഷത്രം അല്ലാത്തതായ ഖഗോള വസ്തുക്കള്‍ ആണ്. ഉദാഹരണത്തിന് ഗാലക്സികള്‍, നെബുലകള്‍, ഗ്ലോബുലാര്‍ ക്ലസ്റ്ററുകള്‍ മുതലായവ. ഈ ഖഗോളവസ്തുക്കളെ സംബന്ധിച്ച രണ്ട് പ്രധാന കാറ്റലോഗുകളെ പരിചയപ്പെടാം.

മെസ്സിയര്‍ കാറ്റലോഗ് (Meisser Catalog)


ഫ്രഞ്ചുകാരനായ വാല്‍ നക്ഷത്ര നിരിക്ഷകന്‍ ചാള്‍സ് മെസ്സിയര്‍ ആണ് ഈ കാറ്റലോഗിന്റെ ഉപജ്ഞാതാവ്. വാല്‍ നക്ഷത്രങ്ങളെ തിരയുന്നതിനിടെ വാല്‍നക്ഷത്രത്തോട് സാദൃശ്യമുള്ളതായ കുറച്ച് ഖഗോള വസ്തുക്കള്‍ മെസ്സിയറിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇങ്ങനെയുള്ള ഖഗോളവസ്തുക്കള്‍ വാല്‍നക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാന്‍ മെസ്സിയര്‍ ഇവയ്ക്കെല്ലാം ഒരു സംഖ്യ കൊടുത്ത് ഒരു കാറ്റലോഗ് ഉണ്ടാക്കി.

ഈ കാറ്റലോഗില്‍ ഉള്ള കൂടുതല്‍ ഖഗോള വസ്തുക്കളും ഗ്ലോബുലാര്‍ ക്ലസ്റ്ററുകളോ, ഗാലക്സികളോ, നെബുലകളോ ആണ്. M1, M2,...എന്നിങ്ങനെയാണ് മെസ്സിയര്‍ ഇവയെ നാമകരണം ചെയ്തത്. ഉദാഹരണത്തിന് ആന്‍ഡ്രോമിഡ ഗാലക്സിയുടെ ഈ കാറ്റലോഗ് പ്രകാരം ഉള്ള പേര് ‍M31 എന്നാണ്. ആകെ 110 ഖഗോള വസ്തുക്കളാണ് ഈ കാറ്റലോഗില്‍ ഉള്ളത്. 1781-ല്‍ ആണ് ഈ കാറ്റലോഗ് അതിന്റെ ഇന്നത്തെ രൂപത്തില്‍ പുറത്തിറങ്ങിയത്. മെസ്സിയര്‍ ജീവിച്ചത് ഫ്രാന്‍സിലായത് കൊണ്ട് ദക്ഷിണാര്‍ദ്ധഗോളത്തിലെ പല പ്രധാന ഖഗോളവസ്തുക്കളേയും ഈ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

New General Catalog (NGC catalog)

ഇതാണ് Deep sky Objects നെ ഒരു മാതിരി നന്നായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു കാറ്റലോഗ്. ഏതാണ്ട് 8000-ത്തോളം സൌരയൂഥയേതര-നക്ഷത്രേതര ഖഗോള വസ്തുക്കള്‍ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുന്നു. 1887 ല്‍ ആണ് ഇത് ആദ്യമായി പുറത്തുവന്നത്. ആദ്യമായി പുറത്തുവന്നപ്പോള്‍ ഉത്തരാര്‍ദ്ധ ഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോള വസ്തുക്കളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് വീക്ഷിക്കാവുന്ന ഖഗോള വസ്തുക്കളെ കൂടി ഉള്‍പ്പെടുത്തി 1895ലും 1907ലും Index catalog (IC) എന്ന പേരില്‍ ഇതിന്റെ രണ്ട് സപ്ലിമെന്റുകളും പുറത്തുവന്നു. NGC എന്ന അക്ഷരങ്ങളും പിന്നീട് ഒരു സംഖ്യയും ഉപയോഗിച്ചാണ് ഈ കാറ്റലോഗില്‍ ഖഗോളവസ്തുക്കളെ സൂചിപ്പിക്കുന്നത്. അപൂര്‍വ്വമായി IC എന്നും ഉപയോഗിക്കാറുണ്ട്. NGC കാറ്റലോഗ് പ്രകാരം ആന്‍ഡ്രോമിഡ ഗാലക്സിയുടെ പേര് ‍NGC 224 എന്നാണ്. ഗാലക്സികളെ ഒക്കെ സാധാരണ അതിന്റെ NGC സംഖ്യ ഉപയോഗിച്ചാണ് പറയുന്നത്. ചില ആകാശ മാപ്പുകളില്‍ ഈ കാറ്റലോഗുപ്രകാരം ഉള്ള ഖഗോള വസ്തുക്കളെ ‍NGC എന്നൊന്നും കൂടെ ചേര്‍ക്കാതെ വെറുമൊരു നാലക്ക സംഖ്യ കൊണ്ടും സൂചിപ്പിക്കാറുണ്ട്.

ആകാശമാപ്പ്

പത്രങ്ങളില്‍ ഒക്കെ വരുന്ന ആകാശ മാപ്പിന്റെ ഒരു ചെറിയ ഭാഗത്തിന്റെ ചിത്രം താഴെകൊടുക്കുന്നു.


ഈ ചിത്രത്തില്‍ നോക്കി കഴിഞ്ഞ നാല് പോസ്റ്റില്‍ നിന്ന് നേടിയ അറിവ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ ചിത്രത്തിലുള്ളത് എന്തിക്കെയാണ് എന്നു തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ എന്നു നോക്കൂ. ഉണ്ടെങ്കില്‍ ഇക്കഴിഞ്ഞ നാല് പോസ്റ്റുകള്‍ അതിന്റെ ലക്ഷ്യം നേടി.

ഇനി ഇതാ താഴെ ഒക്ടോബര്‍ മാസത്തിലെ ആകാശത്തിന്റെ മാപ്പ് (മാതൃഭൂമി പത്രത്തില്‍ വന്നത്) കൊടുത്തിരിക്കുന്നു. മദ്ധ്യകേരളത്തിലെ അക്ഷാംശം കണക്കാക്കിയാണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ഇന്നു തന്നെ നക്ഷത്രനിരീക്ഷണം നടത്തി ഈ ഖഗോള വസ്തുക്കളെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ എന്നു നോക്കൂ.

ഈ ആകാശ മാപ്പിന്റെ പൂര്‍ണ്ണ രൂപം വീശദീകരണം അടക്കം കാണാന്‍ മാതൃഭൂമി പത്രത്തിന്റെ വെബ് സൈറ്റിലെ ഈ പേജ് സന്ദര്‍ശിക്കൂ.

അക്ഷാംശവും രേഖാംശവും രേഖപ്പെടുത്താന്‍ അറിയുമെങ്കില്‍ ആകാശമാപ്പ് നിങ്ങള്‍ക്ക് തന്നെ ഈ ജ്യോതിശാസ്ത്ര വെബ് സൈറ്റില്‍ നിന്ന് ഉണ്ടാക്കാം.

ഉപസംഹാരം

ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നാമകരണ രീതികളേയും കാറ്റലോഗുകളേയും നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞു. ഈ വിഷയത്തിലുള്ള പോസ്റ്റുകള്‍ ഇവിടെ അവസാനിക്കുന്നു. ഇനി ആവശ്യം വരുന്ന മുറയ്ക്ക് ഏതെങ്കിലും കാറ്റലോഗിനെയോ പുതിയ നാമകരണ സമ്പ്രദായങ്ങളേയോ പരിചയപ്പെടുത്താം. ഇനി നമുക്ക് കുറച്ചു കൂടി പ്രാധാന്യമുള്ള മറ്റു വിഷയങ്ങളിലേക്ക് കടക്കാം.

വിഭാഗം: ശാസ്ത്രം

8 comments:

Anonymous said...

എന്താമാഷേ ബ്ലൊഗ്ഗ് ആരും വായിക്കുന്നില്ലേ? കമെന്റ് ഒന്നും കാണുന്നില്ല.

Shiju said...

Anonymous said...
എന്താമാഷേ ബ്ലൊഗ്ഗ് ആരും വായിക്കുന്നില്ലേ? കമെന്റ് ഒന്നും കാണുന്നില്ല.


അതിനു കമെന്റ് കിട്ടാന്‍ വേണ്ടി അല്ലല്ലോ മാഷെ ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ലേഖനത്തെ കുറിച്ചുള്ള അഭിപ്രായം എഴുതൂ.

വിശ്വപ്രഭ viswaprabha said...

നല്ല അസ്സല്‍ ഉരുളക്കുപ്പേരിയായി ഷിജൂ, ആ കമന്റ്!

കയ്യടിച്ചു!

ഒരു കാര്യം കൂടി,
Occultationsനെ ക്കുറിച്ച് ഒന്ന് വേഗം എഴുതാമോ? ഈയാഴ്ച്ച കാര്‍ത്തികയ്ക്കു മുന്നില്‍ ചന്ദ്രാജിയുടെ ഒരു നല്ല തിരനോട്ടം ഉണ്ട്. നാട്ടിലൊക്കെ തെളിഞ്ഞുകാണാം എന്നു തോന്നുന്നു!

Shiju said...

വിശ്വപ്രഭ viswaprabha said..

Occultationsനെ ക്കുറിച്ച് ഒന്ന് വേഗം എഴുതാമോ? ഈയാഴ്ച്ച കാര്‍ത്തികയ്ക്കു മുന്നില്‍ ചന്ദ്രാജിയുടെ ഒരു നല്ല തിരനോട്ടം ഉണ്ട്. നാട്ടിലൊക്കെ തെളിഞ്ഞുകാണാം എന്നു തോന്നുന്നു!



Occultationsന്റെ മലയാളം അറിയാമോ വിശ്വേട്ടാ..

Vssun said...

ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തിനാണ് ഗ്ലോബുലാര്‍ ക്ലസ്റ്റര്‍ എന്നു പറയുന്നത്.

ഈ പരിവേഷ വലയം എന്താണെന്നു വ്യക്തമാക്കാമോ ഷിജു?

Shiju said...

Sunil said...
ഈ പരിവേഷ വലയം എന്താണെന്നു വ്യക്തമാക്കാമോ ഷിജു?


സുനില്‍,
ഞാന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു വിശേഷാല്‍ കാറ്റലോഗുകളെ പരിചയപ്പെടുന്നതിനു മുന്‍പ് അതുമായും ബന്ധപ്പെട്ട ചില ഖഗോളവസ്തുക്കള്‍ എന്താണെന്ന് മനസ്സിലാക്കാം. വളരെ അടിസ്ഥാനപരമായ നിര്‍വചനം മാത്രമേ ഇപ്പോള്‍ കൊടുക്കുന്നുള്ളൂ. പോസ്റ്റ് മുന്നേറുന്ന മുറയ്ക്ക് ഈ ഖഗോള വസ്തുക്കളെ വിശദമായി പരിചയപ്പെടുത്താം.

ഇതിനെകൂറിച്ചൊക്കെ വിശദമായ ലേഖനങ്ങള്‍ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം. ഇനി മുന്നോട്ട് പോകുമ്പോള്‍ നക്ഷത്രങ്ങളുടേയും, ഗാലക്സികളുടേയും അതേ പോലുള്ള മറ്റ് ഖഗോളവസ്തുക്കളുടേയും പേര് അതിന്റെ NGC, HD നമ്പര്‍ ഉപയോഗിച്ചാണ് പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണ് കഴിഞ്ഞ മൂന്ന് നാല് പോസ്റ്റുകള്‍ ഇട്ടത്. തല്‍ക്കാലം വിക്കിയിലെ ഈ ലേഖനം നോക്കൂ.

Shiju said...

ബ്ലോഗ്ഗറില്‍ mathematical equations ചേര്‍ക്കണം എങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ.ഇതിന് html commands ഉണ്ടോ. ഉണ്ടെങ്കില്‍ അത് തരാമോ. MathMLനെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ എന്താണെന്ന് അറിയില്ല. അത് വല്ലതും ഉപയോഗിക്കേണ്ടി വരുമോ.

ഉമേഷ്::Umesh said...

subscript, superscript ഒക്കെ HTML-ല്‍ പറ്റും-<sub></sub>, <sup></sup> ഉപയോഗിച്ചു്.

MathML Firefox-ല്‍ ഏതായാലും ഉണ്ടു്. പക്ഷേ, ഏതെങ്കിലും ടൂള്‍ ഇല്ലാതെ അതെഴുതുന്നതു പണി തന്നെ. ഒന്നോ രണ്ടോ ഫോര്‍മുലകളേ ഉള്ളൂ എങ്കില്‍ കുഴപ്പമില്ല.

ഒരു താത്കാലികവഴി ഞാന്‍ ഇ-മെയില്‍ അയച്ചിട്ടുണ്ടു്. ഉപയോഗിച്ചോളൂ.