Friday, December 15, 2006

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം I - ആമുഖം

ഇനിയുള്ള കുറച്ചു പോസ്റ്റുകളില്‍ നക്ഷത്രപരിണാമം അഥവാ നക്ഷത്രങ്ങളുടെ ജീവചരിത്രം ആണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്. പോപ്പുലര്‍ അസ്ട്രോണമി പുസ്തകങ്ങള്‍ പലപ്പോഴും നക്ഷത്രപരിണാമം തമോഗര്‍ത്തം (Black hole) എന്ന ഒരൊറ്റ വസ്തുവില്‍ കേന്ദ്രീകരിച്ച് പിന്നെ അതുമായി ബന്ധപ്പെട്ട കുറച്ച് ത്വത്വശാസ്ത്രവും പറഞ്ഞ് ഈ വിഷയത്തെ വഴിതിരിച്ചുവിടുകയാണ് പതിവ്. പൊതുവെ നക്ഷത്രപരിണാമത്തിന്റെ എല്ലാ ദശകളും ലളിതമായി വിവരിക്കുന്ന പുസ്തകങ്ങളും കുറവാണ്. ഉള്ളവ തന്നെ നക്ഷത്രത്തിന്റെ അന്ത്യദശയില്‍ കേന്ദ്രീകരിച്ച് ഒടുവില്‍ Black hole-ലേക്ക് വഴുതി വീണ് ഈ പ്രക്രിയകളുടെ പുറകിലുള്ള ശാസ്ത്രം പഠിപ്പിക്കാന്‍ വിട്ടുപോവുകയും ചെയ്യുന്നു.

എന്റെ ഉദ്ദേശം അതല്ല. നക്ഷത്രത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള ശാസ്ത്രം കുറച്ച് വിശദമായി കൈകാര്യം ചെയ്യാനാണ് എന്റെ എളിയ ശ്രമം.

അതിനു സഹായകരമായ ചില ഉപാധികള്‍ ആണ് കഴിഞ്ഞ 20 ഓളം പോസ്റ്റുകളില്‍ നമ്മള്‍ പരിചയപ്പെട്ടത്. പ്രത്യേകിച്ച് കഴിഞ്ഞ നാലഞ്ച് പോസ്റ്റുകളില്‍ പരിചയപ്പെട്ട HR ആരേഖവും നക്ഷത്രങ്ങളുടെ സ്‌പെക്ട്രല്‍ വര്‍ഗ്ഗികരണവും ഒക്കെ ഇനി നമുക്ക് ഇടയ്ക്കിടക്ക് പരാമര്‍ശിക്കേണ്ടി വരും. അതിനാല്‍ അത് വായിച്ചിട്ടില്ലാത്തവര്‍ അത് വായിച്ചിട്ട് നക്ഷത്രപരിണാമത്തിന്റെ ഈ ലേഖനപരമ്പരയിലേക്ക് വരാന്‍ അപേക്ഷ.

ബ്ലോഗ് ആയതു കൊണ്ട് നമുക്ക് പുസ്തകങ്ങള്‍ക്ക് ഇല്ലാത്ത പല സൌകര്യവും ഈ വിഷയം പഠിക്കുമ്പോള്‍ ഉണ്ട്. നമുക്ക് സമയമോ സ്ഥലമോ സൌകര്യമോ വായനക്കാരുടെ എണ്ണമോ ഒന്നും ഒരു പ്രശ്നമല്ല. മാത്രമല്ല ധാരാളം ചിത്രങ്ങളും അനിമേഷനുകളും മറ്റും ഉപയോഗിക്കാമെന്ന സൌകര്യവും ഇവിടെ ഉണ്ട്. സംശയം കമെന്റുകള്‍ ആയി ചോദിക്കുവാന്‍ ഉള്ള സൌകര്യം ഉണ്ട്. ലേഖനത്തില്‍ തെറ്റു വന്നാല്‍ അത് തിരുത്തി പുനഃ‍പ്രസിദ്ധീകരിക്കുവാന്‍ ഉള്ള സൌകര്യം ഉണ്ട്. മാത്രമല്ല പിന്നിട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണം എന്നു തോന്നിയാല്‍ അതിനുള്ള സൌകര്യവും ഉണ്ട്. അതിനാല്‍ തന്നെ നക്ഷത്രപരിണാമത്തിന്റെ എല്ലാ ദശകളും സാമാന്യം വിശദമായി എന്നാല്‍ ഗണിതം ഉപയോഗിക്കാതെ (കഴിയുന്നതും) ലളിതമായി വിവരിക്കുവാന്‍ ആണ് എന്റെ എളിയ ശ്രമം. അതിനാല്‍ തന്നെ “നക്ഷത്ര പരിണാമത്തിന്റെ” ഈ പോസ്റ്റുകള്‍ ഏഴോളം ഭാഗം വരുന്ന തുടരന്‍ ആയിരിക്കും (എത്ര പോസ്റ്റ് കൊണ്ട് ഈ വിഷയം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ പറ്റും എന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ എനിക്കാവുന്നില്ല. എങ്കിലും ഒരു ഏഴു പോസ്റ്റുകൊണ്ട് തീര്‍ക്കാന്‍ പറ്റും എന്നാണ് എന്റെ അനുമാനം.)

ആമുഖം

ഒരു നക്ഷത്രം എങ്ങനെ ജനിക്കുന്നു. അത് എങ്ങനെ ജീവിക്കുന്നു? അതിന്റെ അവസാനം എങ്ങനെ? നക്ഷത്രത്തിന്റെ ജീവിതകഥകളിലേക്ക് ഒരു എത്തി നോട്ടമാണ് ഇനിയുള്ള കുറച്ചു ലേഖനങ്ങള്‍.

ജീവിതകഥകളോ? അതേ നക്ഷത്രങ്ങളുടെ ജീവിത കഥ അതിന്റെ ദ്രവ്യമാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ഒരേ ജീവിത കഥയല്ല പറയാനുള്ളത്.

നക്ഷത്രങ്ങളെകുറിച്ചുള്ള പഠനത്തില്‍ ഏറ്റവും രസകരമായത് അവയുടെ പരിണാമത്തെ കുറിച്ചുള്ള പഠനമാണ്. ഒരു നക്ഷത്രത്തെ മാത്രം പഠിച്ച് നക്ഷത്രങ്ങളുടെ ജീവചരിത്രം ഉണ്ടാക്കാന്‍ നമുക്ക് പറ്റില്ല. കാരണം നക്ഷത്രത്തിന്റെ ജീവിത ദൈര്‍ഘ്യം മനുഷ്യവര്‍ഗ്ഗത്തിന്റേയോ നമ്മുടെ ഭൂമിയുടെ തന്നെയോ പ്രായത്തേക്കാള്‍ എത്ര എത്രയോ ഇരട്ടിയാണ്. അതിനാല്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ വിവിധ ജീവിത ഘട്ടങ്ങളില്‍ ഉള്ള പല പല നക്ഷത്രങ്ങളുടെ ജീവിതം പഠിച്ച് ഈ പഠനങ്ങള്‍ ക്രോഡീകരിച്ചാണ് അവയുടെ ജീവിത കഥ മെനഞ്ഞെടുത്തത്.

ആദ്യം നക്ഷത്രങ്ങള്‍ക്ക് എങ്ങനെയാണ് നമ്മളെപോലെ ജനനവും ജീവിതവും മരണവും ഉണ്ടെന്നും, പല തരം നക്ഷത്രങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത് എന്നും നോക്കാം. ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഒരു അന്യഗ്രഹ ജീവി ഭൂമിയില്‍ സന്ദര്‍ശനത്തിനു വന്നു എന്നിരിക്കട്ടെ. അവര്‍ ആദ്യം കുറച്ച് ഇരു കാലികളെ ആവും കാണുക. രൂപത്തിലും ഭാവത്തിലും എല്ലാം ഒരേ പോലെ ഇരിക്കുന്നവര്‍. (സിനിമകളില്‍ അന്യഗ്രഹ ജീവികള്‍ക്കു ഒരേ രൂപവും ഭാവവും ഉള്ളതു പോലെ.) എന്നാല്‍ കുറച്ച് ശ്രദ്ധിച്ചു പഠിക്കുമ്പോള്‍ ഈ ഇരുകാലികള്‍ രണ്ട് തരം ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലാകുന്നു. ആണും പെണ്ണും. പിന്നീട് അവരില്‍ കറുത്തവരും വെളുത്തവരും ഉണ്ടെന്നു മനസ്സിലാകുന്നു. കുറച്ച് കൂടി ശ്രദ്ധിച്ചു പഠിക്കുമ്പോള്‍ ഇവരില്‍ വിവിധ പ്രായത്തില്‍ ഉള്ളവര്‍ ഉണ്ടെന്ന് മനസ്സിലാകുന്നു. കുഞ്ഞുങ്ങള്‍, ബാലര്‍, കൌമാരക്കാര്‍, യൌവനക്കാര്‍, മദ്ധ്യവയസ്കര്‍, വൃദ്ധര്‍ എന്നിങ്ങനെ. വൃദ്ധര്‍ പെട്ടന്ന് മരിക്കുന്നു.ചില ഗര്‍ഭധാരണം ചാപിള്ള ആയി പോകുന്നു. വേറെ ചിലര്‍ അകാലത്തില്‍ ചരമമടയുന്നു. ഇതൊക്കെ ഓരോന്നും സൂക്ഷമായി പഠിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാക്കുന്നു.

അപ്പോള്‍ ഇത്രയും പറഞ്ഞത് ഒരു വര്‍ഗ്ഗത്തിന്റെ ജീവിത കഥ അറിയണമെങ്കില്‍ ആ വര്‍ഗ്ഗത്തെ മൊത്തമായി സൂക്ഷ്മമായി പഠിച്ചാല്‍ മതി.

ജ്യോതിശാസ്ത്രജ്ഞന്മാരും ചെയ്തത് ഇതു തന്നെയാണ്. വിവിധ ജീവിതഘട്ടങ്ങളില്‍ ഉള്ള നിരവധി നക്ഷത്രങ്ങളെ കുറിച്ച് പഠിച്ച് അവര്‍ നിഗമനങ്ങളില്‍ എത്തി ചേര്‍ന്നു. ഇങ്ങനെ പഠിച്ചപ്പോള്‍ അവര്‍ എത്തിചേര്‍ന്ന നിഗമനങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ നക്ഷത്ര പരിണാമത്തിനു നാലു സുപ്രധാന ഘട്ടങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. അവ താഴെ പറയുന്ന ആണ്.

  1. പ്രാങ് നക്ഷത്ര ദശ (Protostar phase)
  2. മുഖ്യധാര ദശ (Main Sequence phase)
  3. മുഖ്യധാരാനന്തര ദശ (Post Main Sequence phase)
  4. അന്ത്യ ദശ (End phase)

ഇത് നമ്മുടെ ജീവിതത്തിലെ ശൈശവം, യുവത്വം, മദ്ധ്യവയസ്സ്, വാര്‍ദ്ധക്യം എന്നീ നാല് ഘട്ടങ്ങളോട് ഒരു പരിധി വരെ തുലനം ചെയ്യാം.

തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ഇവ ഒരോന്നിനേയും നമുക്ക് വിശദമായി പരിചയപ്പെടാം. പോസ്റ്റുകളില്‍ അവിടവിടെ ഭൌതീക ശാസ്ത്രത്തിലെ ചില സംജ്ഞകളെ പരാമര്‍ശിക്കേണ്ടി വരും. കഴിയുന്നതും ലളിതമായ ഭാഷയില്‍ ഗണിതമില്ലാതെ ഓരോന്നും നമുക്ക് പരിചയപ്പെടാം.