Monday, August 07, 2006

വിഷുവങ്ങളുടെ പുരസ്സരണം (Precession of the Equinoxes)

എന്താണ് പുരസ്സരണം?
വിഷുവങ്ങള്‍ (Equinoxes)എന്താണ് എന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ നിന്ന്‌ മനസ്സിലാക്കിയല്ലോ. വിഷുവങ്ങളുടെ പുരസ്സര‍ണത്തെ കുറിച്ചും പുരസ്സരണം കാരണം വിഷുവങ്ങളുടെ സ്ഥാനത്തിന് വര്‍ഷം തോറും 50.26'' ആര്‍ക് സെക്കന്റ്‌ മാറ്റം ഉണ്ടാകുന്നു എന്നും‌ കഴിഞ്ഞ ലേഖനത്തില്‍ സൂച്ചിപ്പിച്ചിരുന്നുവല്ലോ. എന്താണ് പുരസ്സരണം എന്നും എന്തൊക്കെയാണ് അതിന്റെ അനന്തര ഫലങ്ങള്‍ എന്നും ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നു.

കുറിപ്പ്‌:
ആര്‍ക് സെക്കന്റ്‌ കോണിന്റെ അളവാണ്. അതിന് സമയവുമായി ബന്ധമില്ല. ഒരു ഡിഗ്രിയെ 60 ഭാഗമായി തിരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ഭാഗത്തിന് ഒരു മിനിട്ട്‌ എന്ന്‌ പറയുന്നു. ഈ ഒരു മിനിട്ടിനെ 60 ഭാഗമായി ഭാഗിക്കുമ്പോള്‍ ലഭിക്കുന്ന ഒരു ഭാഗത്തിനാണ് ഒരു ആര്‍ക് സെക്കന്റ്‌ എന്ന് പറയുന്നത്‌.

ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം (Equatorial Diameter) അതിന്റെ തെക്ക്‌ വടക്ക്‌ ധ്രുവങ്ങളില്‍ നിന്നുള്ള വ്യാസത്തേക്കാള്‍ അല്പം കൂടുതല്‍ ആണ്. (ഭൂമി ആരം(radius) തുല്യമായ ഒരു ഗോളം അല്ല എന്ന്‌ അര്‍ത്ഥം.) ഭൂമധ്യരേഖാരേഖാ വ്യാസം തെക്ക്‌ വടക്ക്‌ ധ്രുവങ്ങളില്‍ നിന്നുള്ള വ്യാസത്തേക്കാള്‍ ഏകദേശം 43 കിലോമീറ്റര്‍ അധികമാണ്. അതായത്‌ ഭൂമധ്യ ഭാഗം കുറച്ച്‌ വീര്‍ത്താണ് ഇരിക്കുന്നത്‌ എന്ന്‌ സാരം. ഈ വീര്‍ത്ത ഭാഗത്ത്‌ സൂര്യനും ചന്ദ്രനും ചെലുത്തുന്ന ഗുരുത്വ ബലം മൂലം ഭൂമിയുടെ അച്ചുതണ്ടിന്റെ വിന്യാസത്തിന് ക്രമേണ മാറ്റം വന്ന്‌ കൊണ്ടിരിക്കുന്നു.

സൂര്യ ചന്ദ്രന്മാരുടെ ഭൂമിക്കു മേലെ ഉള്ള ഗുരുത്വ വലിവ്‌

സൂര്യചന്ദ്രന്മാരുടെ ഈ ഗുരുത്വ ആകര്‍ഷണം മൂലം ഭൂമി ഒരു കറങ്ങുന്ന പമ്പരത്തെ പോലെ പെരുമാറുന്നു. താഴെ കാണുന്ന ചിത്രം ശ്രദ്ധിയ്ക്കുക്ക.

പമ്പരത്തിന്റെ അച്ചുതണ്ടിന്റെ പുരസ്സരണം

പമ്പരം കറങ്ങുന്നില്ലെങ്കില്‍ ഗുരുത്വബലം അതിനെ താഴേക്ക്‌ വലിച്ചിടും. പമ്പരം കറങ്ങുമ്പോള്‍ അതിന്റെ സ്വാഭാവിക കറക്കത്തിനു പുറമേ ഗുരുത്വബലം മൂലം അതിന്റെ അച്ചുതണ്ട്‌ അന്തരീക്ഷത്തില്‍ ഒരു വൃത്തം രചിച്ച് കൊണ്ട്‌ കറങ്ങും. ഈ രണ്ടാമത്‌ പറഞ്ഞ കറക്കത്തിനാണ് പുരസ്സരണം അഥവാ Precission എന്ന്‌ പറയുന്നത്‌. പുരസ്സരണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ ബഹിരാകാശത്ത്‌ ഒരു വൃത്തവും വരച്ച്‌ കൊണ്ട്‌ കറങ്ങുന്നു. ഈ കറക്കത്തിനിടയിലും അച്ചുതണ്ട്‌ ലംബത്തില്‍ നിന്ന്‌ 23.5 ഡിഗ്രി (ഇത്‌ സ്ഥിരമാണ്) ചരിഞ്ഞു കൊണ്ട്‌ തന്നെയാണ് കറങ്ങുന്നത്‌. ഒരു വര്‍ഷം ഏകദേശം 50.26 ആര്‍ക്ക് സെക്കന്റ്‌ ആണ് ഭൂമിയുടെ അച്ചുതണ്ട് ഈ പുരസ്സര കറക്കത്തിലൂടെ സഞ്ചരിക്കുന്നത്‌. അതിനാല്‍ ഭൂമിയുടെ അച്ചുതണ്ടിന് ഒരു പുരസ്സരകറക്കം പൂര്‍ത്തിയാക്കാന്‍ 26,000 വര്‍ഷങ്ങള്‍ വേണം.

ഭൌമ അച്ചുതണ്ടിന്റെ പുരസ്സരണം

പുരസ്സര കറക്കത്തിന്റെ ഫലങ്ങള്‍

ഇനി ഈ കറക്കത്തിന്റെ ഫലങ്ങള്‍ എന്തൊക്കെ ആണെന്ന്‌ നോക്കാം.

1. വിഷുവങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനചലനം

ഭൂമധ്യ രേഖ ഖഗോളവുമായി ഛേദിക്കുമ്പോള്‍ ലഭിക്കുന്ന മഹാവൃത്തമാണ് ഘടികാമാണ്ഡലം (Celestial equator) എന്ന്‌ കഴിഞ്ഞ ലേഖത്തില്‍ പറഞ്ഞിരുന്നുവല്ലോ. പുരസ്സരണം കാരണം ഈ വൃത്തത്തിന്റെ വിന്യാസത്തില്‍ മാറ്റം വരും. അപ്പോള്‍ അതിന്റെ അര്‍ഥം ഈ വൃത്തം ക്രാന്തിവൃത്തവുമായി (ecliptic) മുട്ടുന്ന ബിന്ദുക്കള്‍ക്കും മാറ്റം ഉണ്ടാകും എന്നാണല്ലോ. ഘടികാമാണ്ഡലം ക്രാന്തിവൃത്തവുമായി കൂട്ടിമുട്ടുന്ന ബിന്ദുക്കളാണ് വിഷുവങ്ങള്‍ (Equinox) എന്ന്‌ നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ നിന്ന്‌ മനസ്സിലാക്കി. അപ്പോള്‍ വിഷുവങ്ങള്‍ അതിന്റെ സ്ഥാനം ക്രമേണ മാറുന്നു എന്ന്‌ അര്‍ത്ഥം. ഒരു വര്‍ഷം ഏതാണ്ട്‌ 50.26'' ആര്‍ക് സെക്കന്റ്‌ വ്യത്യാസം ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ഭൂമിയുടെ അച്ചു തണ്ടിനുണ്ടാകുന്ന പുരസ്സരണത്തെ നമ്മള്‍ വിഷുവ പുരസ്സരണം എന്ന്‌ പറയുന്നത്‌. (യഥാര്‍ത്ഥത്തില്‍ ഇത്‌ അച്ചു തണ്ടിനുണ്ടാകുന്ന പുരസ്സരണം ആണ്).

അച്ചുതണ്ടിന്റെ പുരസ്സരണം

വിഷുവങ്ങളുടെ ഈ പുരസ്സരണം ആദ്യമായി മനസ്സിലാക്കിയത്‌ ഗ്രീക്ക്‌ ജ്യോതിശാസ്ത്രഞ്ജനായ ഹിപ്പാര്‍ക്കസ്‌ ആണ് (BC രണ്ടാം നൂറ്റാണ്ടില്‍). 2000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മേഷാദി (Vernal Equinox) മേടം രാശിയില്‍ ആയിരുന്നു. ഇപ്പോള്‍ മീനത്തില്‍ ആണ്. A.D 2600 നോടടുത്ത്‌ അത്‌ കുംഭത്തിലേക്ക്‌ മാറും.

2. ധ്രുവ നക്ഷത്രത്തിനുണ്ടാകുന്ന സ്ഥാനചലനം

പുരസ്സരണം കാരണം വിഷുവങ്ങള്‍ക്ക്‌ മാത്രമല്ല ധ്രുവനക്ഷത്രത്തിനും വ്യത്യാസം ഉണ്ടാകുന്നുണ്ട്‌.
ഭൂമിയുടെ അച്ചുതണ്ട്‌ ഏത്‌ നക്ഷത്രത്തിന് നേരെയാണോ ചൂണ്ടിയിരിക്കുന്നത്‌ അതിനെയാണല്ലോ നമ്മള്‍ ധ്രുവനക്ഷത്രം എന്ന്‌ പറയുന്നത്‌. അപ്പോള്‍ അച്ചുതണ്ട്‌ പുരസ്സരണം ചെയ്യുമ്പോള്‍ ധ്രുവനക്ഷത്രത്തിനും വ്യത്യാസം വരും. ഇപ്പോള്‍ അച്ചുതണ്ട്‌ Ursa Minor (ലഘു ബാലു) എന്ന നക്ഷത്രരാശിയില്‍ ഉള്ള പോളാരിസ് (Polaris) എന്ന നക്ഷത്രത്തിന് നേരെയാണ് ഇരിക്കുന്നത്‌. അതിനാല്‍ അതാണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. BC 3000ത്തില്‍ അത്‌ Draco (വ്യാളം) എന്ന നക്ഷത്രരാശിയില്‍ ഉള്ള Thuban എന്ന നക്ഷത്രത്തെ ആയിരുന്നു അച്ചുതണ്ട്‌ അഭിമുഖീകരിച്ചിരുന്നത്‌. അന്ന്‌ അതായിരുന്നു ധ്രുവ നക്ഷത്രം. AD 7500 നോടടുത്ത്‌ Cepheus (കൈകവസ്‌ ) എന്ന നക്ഷത്രരാശിയില്‍ ഉള്ള Aderamin എന്ന നക്ഷത്രം ആയിരിക്കും ധ്രുവനക്ഷത്രം.

താഴെ കാണുന്ന പടത്തില്‍ അച്ചുതണ്ടിന്റെ പുരസ്സരണം കാരണം ധ്രുവനക്ഷത്രത്തിനുണ്ടാകുന്ന മാറ്റം ചിത്രീകരിച്ചിരിക്കുന്നു.

ധ്രുവ നക്ഷത്രത്തിനുണ്ടാകുന്ന സ്ഥാനചലനം

ധ്രുവനക്ഷത്രത്തെകുറിച്ച്‌ കുറച്ച്‌ കാര്യങ്ങള്‍ സന്തോഷേട്ടന്റെ ഈ ലേഖനത്തില്‍ നിന്ന്‌ വായിക്കാം.