Friday, September 29, 2006

നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട്

ഇത് നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന് എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്. നക്ഷത്രങ്ങളെയും മറ്റ് ഖഗോള വസ്തുക്കളേയും എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നും പല തരത്തില്‍ ഉള്ള നക്ഷത്രനാമകരണ സമ്പ്രദായങ്ങളും കാറ്റലോഗുകളും ഒക്കെ‍ ഏതൊക്കെയാണെന്നും പരിചയപ്പെടുത്തുക ആണ് നാല് പോസ്റ്റുകലില്‍ ആയി ചെയ്യുന്നത്. ഈ സമ്പ്രദായങ്ങളേയും കാറ്റലോഗുകളേയും പരിചയപ്പെടുന്നത് വളരെ അത്യാവശ്യമാണ്, കാരണം ഇനി വരുന്ന പോസ്റ്റുകളില്‍ നക്ഷത്രങ്ങള്‍ക്കും മറ്റു ഖഗോള വസ്തുക്കള്‍ക്കും അതിന്റെ ഒക്കെ അതിന്റെ കാറ്റലോഗ്/നാമകരണ സമ്പ്രദായ പേരുകള്‍ ആയിരിക്കും പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണീ ഈ നാല് പോസ്റ്റുകള്‍.

ബെയറുടെ നാമകരണ സമ്പ്രദായം നക്ഷത്രങ്ങള്‍ക്ക് തനതുനാമം കൊടുക്കുന്നതിനേക്കാള്‍ കുറച്ചുകൂടെ ക്രമം ഉള്ളതാണെന്ന് നമ്മള്‍ കണ്ടു. അതോടൊപ്പം തന്നെ അതിനു ചില പരിമിതികല്‍ ഉള്ളതായും നമ്മള്‍ മനസ്സിലാക്കി. ഈ പരിമിതികള്‍ മറികടക്കുന്നതും എന്നാല്‍ അതിനോട് സാമ്യമുള്ളതുമായ ഒരു നക്ഷത്ര നാമകരണ സമ്പ്രദായം ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോണ്‍ ഫ്ലാംസ്റ്റീഡ് (John Flamsteed) 1712-ല്‍ അവതരിപ്പിച്ചു. അതിനെയാണ് നമ്മള്‍ ഈ പോസ്റ്റില്‍ പരിചയപ്പെടുന്നത്.

ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System)

ഈ സമ്പ്രദായത്തില്‍ ഫ്ലാംസ്റ്റീഡ്, ബെയറുടെ സമ്പ്രദായത്തില്‍ ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷെ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകള്‍ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വര്‍ഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോണ്‍ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.

ചുരുക്കി പറഞ്ഞാല്‍ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തില്‍ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികള്‍ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകള്‍ ഉപയോക്കുന്നതിനാല്‍ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തില്‍ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉള്‍പ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയര്‍ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങള്‍ക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്.

താഴെയുള്ള ചിത്രത്തില്‍ മിഥുനം (Gemini) രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തില്‍ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തില്‍ ചില സംഖ്യകള്‍ കണ്ടെന്ന് വരില്ല. ആ ചിത്രത്തിനു താഴെ ആ നക്ഷത്രരാശിയുടെ തനത് നാമം ഉള്ള ചിത്രവും, ബേയര്‍ സമ്പ്രദായപ്രകാരം ഉള്ള ചിത്രവും കൊടുത്തിരിക്കുന്നു.

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള നാമകരണം

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ തനതു നാമങ്ങള്‍

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ ബെയര്‍ സമ്പ്രദായപ്രകാരം ഉള്ള നാമകരണം

സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയര്‍ന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വര്‍ഷം കഴിഞ്ഞാണ് 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ 88 നക്ഷത്രരാശികളെ നിര്‍വചിച്ച് അതിന്റെ അതിര്‍ത്തി രേഖകള്‍ മാറ്റി വരച്ചത്. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നം ഉള്ള നക്ഷത്രങ്ങള്‍ക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ബെയര്‍ സമ്പ്രദായത്തിനും ബാധകമാണ്.

ഇപ്പോള്‍ സാധാരണ നക്ഷത്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന നക്ഷത്ര ചാര്‍ട്ടുകളിലും മറ്റും ഈ മൂന്നു സമ്പ്രദായങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നു. ഒരു നക്ഷത്രരാശിയിലെ തനത് നാമം കൊണ്ട് നമുക്ക് പണ്ടേ പരിചയമുള്ള നക്ഷത്രങ്ങള്‍ക്ക് തനതു നാമവും, ഏറ്റവും പ്രകാശം കൂടിയ കുറച്ച് നക്ഷത്രങ്ങള്‍ക്ക് ബേയര്‍ സമ്പ്രദായപ്രകാരം ഉള്ള നാമവും കുറച്ച് പ്രഭ മങ്ങിയതും എന്നാല്‍ അതേ സമയം പ്രാധാന്യവുമുള്ളതുമായ നക്ഷത്രങ്ങള്‍ക്ക് ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള നാമവും കൊടുക്കുന്നു. അത്തരം ഒരു നക്ഷത്രചാര്‍ട്ടിലെ ഉര്‍സാ മേജര്‍ (സപ്തര്‍ഷി മണ്ഡലം) എന്ന നക്ഷത്ര രാശിയിലെ നക്ഷത്രങ്ങളുടെ നാമകരണം താഴെയുള്ള ചിത്രത്തില്‍ കാണാം. സന്തോഷേട്ടന്റെ നക്ഷത്രമെണ്ണുമ്പോള്‍ എന്ന പോസ്റ്റില്‍ ഈ നക്ഷത്രരാശിയുടെ കാര്യം പറയുന്നുണ്ട്.

സപ്തര്‍ഷി മണ്ഡലത്തിലെ നക്ഷത്രങ്ങളുടെ നാമകരണം

നക്ഷത്രനിരീക്ഷണം നടത്തുന്ന ഒരു സാധാരണക്കാരന് ഇത്രയും കാര്യങ്ങള്‍ അറിയാമെങ്കില്‍ പത്രങ്ങളില്‍ ഒക്കെ വരുന്ന നക്ഷത്ര ചാര്‍ട്ടുകളും മറ്റും എളുപ്പം മനസ്സിലാക്കാം. ഇനി ഒരു നക്ഷത്ര ചാര്‍ട്ടില്‍ α, β എന്നിങ്ങനെ കൂറച്ച് ഗ്രീക്ക് അക്ഷരങ്ങളോ അതല്ല കുറച്ചു സംഖ്യകളോ കണ്ടാല്‍ നിങ്ങള്‍ക്ക് അത് എന്താണെന്നു മനസ്സിലാകും എന്ന് വിശ്വസിക്കട്ടെ. ഈ രണ്ട് പോസ്റ്റ് കൊണ്ട് നിങ്ങള്‍ക്ക് അതിന് കഴിഞ്ഞാല്‍ നക്ഷത്ര നാമകരണത്തെ കുറിച്ചുള്ള കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ അതിന്റെ ലക്ഷ്യം നേടി. ഞാന്‍ കൃതാര്‍ത്ഥനുമായി. പക്ഷെ കുറച്ചു കൂടി ശാസ്ത്രീയതയും കൃത്യതയും ആവശ്യമുള്ള ജ്യോതിശാസ്ത്രപഠനങ്ങള്‍ക്ക് ഈ അറിവ് മതിയാകില്ല.

ദൂരദര്‍ശിനിയുടെ വരവോടെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായവും ഉപയോഗശൂന്യമായി. പല പുതിയ നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്തണം എങ്കില്‍ ആദ്യം തൊട്ട് എണ്ണണം എന്ന സ്ഥിതി ആയി. അതിനാല്‍ ജ്യോതിശാസ്തജ്ഞര്‍ക്ക് മറ്റ് രീതികള്‍ ഉപയോഗിക്കേണ്ടി വന്നു.

സത്യം പറഞ്ഞാല്‍ നക്ഷത്രങ്ങളെയും വിവിധ ഖഗോള വസ്തുക്കളേയും നാമകരണം ചെയ്യുന്ന ചില പ്രധാന സമ്പ്രദായങ്ങളെ കൂടി ഇനി പരിചയപ്പെടുത്താനുണ്ട്. BD, NGC തുടങ്ങിയ കാറ്റലോഗുകളെ പരിചയപ്പെടുത്താനുണ്ട്. ഇനി ഒരു രണ്ട് പോസ്റ്റിലേക്കുള്ള വക കൂടിയുണ്ട്. പക്ഷെ ബൂലോഗത്തില്‍ ആരും ഇതിനു വലിയ താല്പര്യം കാണിക്കാത്തതു കൊണ്ട് ഞാന്‍ അതിനെ കുറിച്ച് എഴുതി നിങ്ങളെ മുഷിപ്പിക്കുന്നില്ല.