Thursday, September 04, 2008

അന്യഗ്രഹ ജീവികള്‍ക്കു വേണ്ടിയുള്ള തെരച്ചിലും ഡ്രേക്ക് സമവാക്യവും

ഭൂമിയിലെ ജീവന്റെ പരിണാമം ശാസ്ത്രീയമായി പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം, നമ്മുടെ ഗാലക്സിയിലെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ചിലതിനെങ്കിലും, ഭൂമിക്കു സാമാനമായ അന്തരീക്ഷം ഉണ്ടാകുവാനും, എല്ലാ സാഹചര്യവും ഒത്തു വന്നാല്‍ അവിടെ ജീവനുണ്ടാകുവാനും ഉള്ള സാദ്ധ്യത തള്ളികളയാനാവില്ല. ഈ സാദ്ധ്യതയാ‍ണു ഭൂമിക്കു പുറത്തു വേറൊരു ജീവന്‍ തുടിക്കുന്ന സ്ഥലം ഉണ്ടോ എന്നു തെരയുവാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതു. അന്വേഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു സമവാക്യത്തെക്കുറിച്ചും, അതിനെചുറ്റിപറ്റിയുള്ള വിവാദങ്ങളെ കുറിച്ചുമാണു ഈ പോസ്റ്റ്.

നമ്മുടെ നിലവിലുള്ള സാങ്കേതികത ഉപയോഗിച്ച് ഒരു ബഹിരാകാശവാഹനം തൊട്ടടുത്ത നക്ഷത്രത്തിലേക്കു വിട്ടാല്‍ പോലും അവിടെ എത്താന്‍ വേണ്ടി വരുന്ന യാത്രാസമയം പതിനായിരക്കണക്കിനു കൊല്ലങ്ങളായിരിക്കും. അതിനാല്‍ തന്നെ ഒരു ബഹിരാകാശവാഹത്തില്‍ പോയി മറ്റു നക്ഷത്രങ്ങളുടെ ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളില്‍ പോയി പഠനം നടത്തുന്നതു മനുഷ്യനു അപ്രാപ്യമാണു. അപ്പോള്‍ പിന്നെ ശാസ്ത്രജ്ഞന്മാര്‍ക്കു ചെയ്യാനുള്ളതു ബഹിരാകാശത്തു നിന്നു വരുന്ന വിദ്യുത്കാന്തികതരംഗങ്ങളെ പഠിക്കുക എന്നതു മാത്രമാണു. വിദ്യുത് കാന്തികതതരംഗങ്ങളിള്‍ റേഡിയോ തരംഗങ്ങള്‍ക്കാണു ഇത്തരം പഠനത്തില്‍ ഏറ്റവും പ്രാധാന്യം. അതിന്റെ കാരണം നക്ഷത്രാന്തരീയ മാദ്ധ്യമത്തിലെ വിവിധതടസ്സങ്ങളെ മറി കടന്നു ഭൂമിയിലെത്താനുള്ള റേഡിയോ തരംങ്ങളുടെ കഴിവാണു (ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാകാന്‍ വിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവും എന്ന പോസ്റ്റ് കാണുക).

അന്യഗ്രഹങ്ങളിലെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഓരോ സാങ്കേകിതയും വികസിച്ചു വരുന്നതിനു ഒപ്പം തന്നെ തുടങ്ങുന്നു. റേഡിയോ ജ്യോതിശാസ്ത്രം ശക്തിപ്രാപിച്ച 1950-കളുടെ ശേഷമാണു അതു അന്യഗ്രഹങ്ങളിലെ ജീവന്‍ തെരയാന്‍ ഉപയോഗിച്ചു തുടങ്ങിയത്. അതിനു ശേഷം കഴിഞ്ഞ കുറച്ചു ദശകങ്ങളായി അന്യഗ്രഹങ്ങളില്‍ നിന്നുള്ള റേഡിയോ പ്രസരണങ്ങള്‍ തെരഞ്ഞുപിടിച്ചു പഠിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണു. അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയയിലെ നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്ക് 1961-ല്‍, റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ചു സൂര്യനോടു സാദൃശ്യമുള്ള രണ്ടു നക്ഷത്രങ്ങളായ Tau Ceti, Epsilon Eridani (നക്ഷത്രങ്ങള്‍ ഈ വിധത്തില്‍ പേരിടുന്നതു എങ്ങനെയെന്നു മനസ്സിലാക്കാന്‍ നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന്, നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട് എന്നീ പോസ്റ്റുകള്‍ വായിക്കുക) എന്നീ നക്ഷത്രങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സൂക്ഷമമായി പഠിക്കുന്നതാണു ഈ മേഖലയിലെ ആദ്യത്തെ പ്രധാന ചുവടുവെപ്പു്. പക്ഷെ പ്രതീക്ഷിച്ച ഫലം അതിനു കിട്ടിയില്ല. അതിനു ശേഷം കഴിഞ്ഞ കുറേ ദശകങ്ങളായി നിരവധി നിരീക്ഷണപഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ഈ മേഖലയില്‍ നിലവില്‍ ഏറ്റവും ഗൌരവത്തിലുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നതു SETI Institute-ന്റെ പഠനങ്ങളില്‍ ആണു. ഇതിനകം നമ്മുടെ ഗാലക്സിയില്‍, സൂര്യനെപ്പോലുള്ള 1000ത്തോളം നക്ഷത്രങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ ഇവര്‍ പഠനങ്ങള്‍ക്കു വിധേയമാക്കി. പക്ഷെ ഇതു വരെയുള്ള പരീക്ഷണങ്ങളില്‍ സന്തോഷസൂചകമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ഈ മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പരാജയത്തില്‍ മനംമടുത്ത് ഈ മേഖലയിലെ പഠനം ശാസ്ത്രജ്ഞര്‍ ഉപേക്ഷിക്കണമോ? അനന്തമായി പരന്നുകിടക്കുന്ന ബഹിരാകാശത്തു നിന്നു റേഡിയോ തരംഗങ്ങളെ പഠിക്കുന്ന ഒരു ജ്യോതിശാസ്ത്രജ്ഞനു ഒരു അന്യഗ്രഹത്തില്‍ നിന്നുള്ള റേഡിയോ തരംഗം കിട്ടാനുള്ള സാദ്ധ്യത എത്രത്തോളം ഉണ്ട്? എത്ര നക്ഷത്രങ്ങളെ പഠിച്ചുകഴിഞ്ഞാല്‍ പ്രതീക്ഷയുടെ ചെറുകണികയെങ്കിലും തരുന്ന വിധത്തില്‍ ഉള്ള റേഡിയോ തരംഗങ്ങള്‍ കിട്ടും? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ജ്യോതിശാസ്ത്രജ്ഞര്‍ അഭിമുഖീകരിച്ചു. ഈ ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കാനുള്ള ഉദ്യമം ആദ്യം നടത്തിയത് ഇപ്പോള്‍ കാലിഫോര്‍ണിയ യൂണിവേര്‍സിറ്റിയിലെ അസ്ട്രോണമി പ്രൊഫസര്‍ ആയ ഫ്രാങ്ക് ഡ്രേക്ക് ആയിരുന്നു. ഒരു ഗാലക്സിയിലെ, സാങ്കേതികമായി മുന്നേറ്റം ഉണ്ടാക്കിയ സംസ്ക്കാരങ്ങളുടെ എണ്ണം, ലളിതമായ ഒരു സമവാക്യം ഉപയോഗിച്ചു കണ്ടെത്താം എന്ന അഭിപ്രായം ഫ്രാങ്ക് ഡ്രേക്ക് മുന്നോട്ടു വെച്ചു. ആ സമവാക്യം ആണു ഇന്നു Drake equation (ഡ്രേക്ക് സമവാക്യം) എന്ന പേരില്‍ വളരെ പ്രശസ്തമായ സമവാക്യം. ഡ്രേക്ക് സമവാക്യം താഴെ പറയുന്ന വിധമാണു.

N= R* fp ne fl fi fc L

ഈ സമവാക്യത്തിലെ വിവിധ ഗണങ്ങളുടെ വിശദീകരണം താഴെ പറയുന്ന വിധമാണു.

N = ഒരു ഗാലക്സിയില്‍ ജീവനുണ്ടാവാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങളുടെ എണ്ണം.
R* = ഗാലക്സിയില്‍ പുതുനക്ഷത്രങ്ങള്‍ പിറക്കുന്നതിന്റെ തോത്. (പ്രതിവര്‍ഷത്തില്‍ എത്ര നക്ഷത്രം എന്ന തോതില്‍)
fp = ഗ്രഹങ്ങള്ള നക്ഷത്രങ്ങളുടെ ശതമാനം
ne = ഒരു നക്ഷത്രത്തില്‍, ഭൂമിയെപോലെ ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളുടെ ശരാശരി എണ്ണം
fl = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉടലെടുത്തതിന്റെ ശതമാനം
fi = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യമുള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിച്ച ജീവികളുള്ള ഗ്രഹങ്ങളുടെ ശതമാനം
fc = ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളില്‍ ബൌദ്ധികമായി പരിണമിക്കുകയും മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ചെയ്ത ഗ്രഹങ്ങളുടെ എണ്ണം
L = മറ്റൊരു ഗ്രഹവുമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ സാങ്കേതികവളര്‍ച്ച കൈവരിക്കുകയും ആ ആശയം വിനിമയം നിലനിക്ക്കുകയും ചെയ്യുന്ന പരമാവധി ദൈര്‍ഘ്യം(വര്‍ഷത്തില്‍)

ഡ്രേക്ക് സമവാക്യത്തിന്റെ പ്രത്യേകത ഒരു ഗാലക്സിയില്‍ ഭൂമിയേ പോലെ ഉള്ള ഗ്രഹങ്ങളുടെ എണ്ണത്തിന്റെ ഒരു അനുമാനക്കണക്ക് കൂട്ടിയെടുക്കാന്‍ അതു സഹായിക്കുന്നു എന്നതാണു. ഈ സമവാക്യത്തിലെ ചില ഗണങ്ങളുടെ ഉത്തരം നമുക്കു നക്ഷത്രങ്ങളുടെ പരിണാമത്തെ കുറിച്ചുള്ള പഠനത്തിലൂടെ എളുപ്പം കണ്ടെത്താവുന്നതാണു. ഉദാഹരണത്തിനു R* fp എന്നീ ഗണങ്ങള്‍.

ഡ്രേക്ക് സമവാക്യം ഉപയോഗിച്ചുള്ള കണക്കുകൂട്ടല്‍

വിവിധ ലോജിക്കുകള്‍ ഉപയോഗിച്ചു ഈ സമവാക്യം നിര്‍ദ്ധാരണം ചെയ്യാന്‍ നമുക്കൊന്നു ശ്രമിക്കാം.

R* എന്ന ഗണം പരിഗണിക്കുമ്പോള്‍ നമ്മള്‍ സൂര്യന്റെ പിണ്ഡത്തിന്റെ 1.5 ഇരട്ടിയില്‍ കൂടുതലുള്ള നക്ഷത്രങ്ങളെ ഒക്കെ ഒഴിവാക്കാം . കാരണം നക്ഷത്രത്തിന്റെ പിണ്ഡം കൂടും തോറും അതിന്റെ ജീവിതദൈര്‍ഘ്യം കുറഞ്ഞു വരും. അതിനാല്‍ പിണ്ഡം കൂടുതലുള്ള നക്ഷത്രങ്ങളീല്‍ ജീവന്‍ ഉടലെടുക്കാനുള്ള സാദ്ധ്യത തീര്‍ത്തും ഇല്ലാതാകും. അതേ പോലെ സൂര്യന്റെ പിണ്ഡത്തിനു താഴെ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ പ്രകാശം വളരെ കമ്മിയായിരിക്കും. അതിനാല്‍ അതിനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഭൌമസമാനമായ അന്തരീക്ഷത്തിനു സാദ്ധ്യത ഇല്ല. ചുരുക്കത്തില്‍ സൂര്യന്റെ പിണ്ഡത്തിന്റെ ഒന്നു മുതല്‍ 1.5 ഇരട്ടി പിണ്ഡം വരെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിലാണു ജീവന്‍ ഉടലെടുക്കാനുള്ള സാദ്ധ്യത ഉള്ളതു. വിശദമായി നടത്തിയ സൈദ്ധാന്തിക പഠനങ്ങളിലൂടെ ഒരു വര്‍ഷം ഒരു ഗാലക്സിയില്‍ പരമാവധി 1 നക്ഷത്രം അത്തരത്തില്‍ പിറവിയെടുക്കും എന്നു ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയെടുത്തു. ഇതേ പോലെയുള്ള യുക്തി ഉപയോഗിച്ച് fp യുടെ മൂല്യവും 1 തന്നെയാണെന്നു കണക്കുകൂട്ടിയെടുക്കാവുതാണു.

പക്ഷെ ഡ്രേക്ക് സമവാക്യത്തിലെ ബാക്കിയുള്ള ഗണങ്ങളുടെ മൂല്യം ഇതു പോലെ എളുപ്പത്തില്‍ കണക്കുകൂട്ടിയെടുക്കാന്‍ പറ്റില്ല. അതിനാല്‍ ചില അനുമാനങ്ങള്‍ വച്ച് ബാക്കിയുള്ള ഗണങ്ങളുടെ മൂല്യം കണക്കാക്കി ഡ്രേക്ക് സമവാക്യത്തിന്റെ ഉത്തരത്തില്‍ എത്താന്‍ നോക്കാം.

ഇതിനു മുന്‍പുള്ള നിയമങ്ങള്‍ ഒക്കെ പാലിക്കുന്ന ഒരു നക്ഷത്രയൂഥത്തില്‍ ജീവനു അനുയോജ്യമായ എത്ര ഗ്രഹങ്ങള്‍ ഉണ്ടാകും എന്നതു നമുക്കു ഇന്നത്തെ അറിവു വെച്ച് ഊഹിക്കാന്‍ പറ്റില്ല. നമ്മുടെ സൗരയൂഥം ഉദാഹരണം ആയി എടുത്താല്‍, ഇത്തരം നക്ഷത്രയൂഥത്തില്‍ ne യുടെ മൂല്യം 1 ആണെന്നു വരും.പക്ഷെ നമുക്കു കുറച്ചു കൂടി റെസ്ട്രിക്റ്റീവ് ആകാം. ഇത്തരം നക്ഷത്രങ്ങളില്‍ പത്തിലൊന്നിനേ ജീവനു അനുയോജ്യമായ ഗ്രഹങ്ങള്‍ നിലനിര്‍ത്താനുള്ള ശേഷി ഉള്ളൂ എനു കരുതുക. അപ്പോള്‍ ne യുടെ മൂല്യം 0.1 ആണെന്നു വരുന്നു.

നമ്മള്‍ തെരഞ്ഞെടുത്ത ഇത്തരം ജീവന്‍ നിലനിര്‍ത്താന്‍ സാഹചര്യം ഉള്ള ഗ്രഹങ്ങളില്‍ എല്ലാം ഭൂമിയിലേതു പോലെ ജീവന്‍ പരിണമിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകും എന്നു കരുതുക. അതായതു fl ന്റെ മൂല്യം 1 ആണെന്നു വരുന്നു. ഈ കണക്കുകൂട്ടല്‍ സത്യത്തില്‍ ജീവശാസ്ത്രജ്ഞന്മാര്‍ക്കു പ്രിയപ്പെട്ട ഒരു മേഖലയാണു.

ഇതേ ലോജിക്കുകള്‍ ഉപയോഗിച്ച്, ഭൂമി ഉദാഹരണം ആയി എടുത്ത് fi ന്റെ മൂല്യം 1 ആണെന്നു വയ്ക്കുക. ഇത്തരം അനുമാനം വലിയ തെറ്റില്ലാതെ നടത്താവുന്ന വിധത്തില്‍ നക്ഷത്രങ്ങളുടെ എണ്ണം നമ്മള്‍ R* എന്ന ഗണത്തിലൂടെ നമ്മള്‍ കുറച്ച് കൊണ്ടു വന്നിട്ടുണ്ട്.

ശാസ്ത്രീയമായി നിരീക്ഷിച്ചാല്‍ ഒരു സംസ്കാരം ഉയര്‍ന്നു വരികയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും തങ്ങളുടെ ഗ്രഹത്തിനു പുറത്തേക്കു ആശയവിനിമയം നടത്താനുള്ള സാങ്കേതിക ജ്ഞാനം നേടിയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ fc യുടെ മൂല്യവും 1 ആണെനു വരുന്നു.

അവസാനത്തെ ഗണമായ L ആണു ഊഹിക്കാന്‍ ഏറ്റവും ബുദ്ധിമൂട്ടുള്ളത്. അന്തരീക്ഷവും സമുദ്രവും ഒക്കെ മലീമസമാവുകയും, അണ്വായുധങ്ങള്‍ ഒക്കെ ഉപയോഗിച്ച് അന്യോന്യം നശിപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ഭൂമിയെ ഉദാഹരണം ആയി എടുത്താല്‍ L എന്നതു 100 വര്‍ഷം ആണെന്നു സങ്കല്‍പ്പിക്കാം.

ഇനി മുകളില്‍ ഊഹിച്ചെടുത്ത മൂല്യങ്ങള്‍ എല്ലാം കൂടി സമവാക്യത്തില്‍ കൊടുത്താല്‍ കിട്ടുന്ന ഉത്തരം എന്താണെണെന്നു നോക്കാം.


N= R* fp ne fl fi fc = 1 X 0.1 X 1 X 1 X 1 X 100 = 10

അതായത് N= 10.

ചുരുക്കത്തില്‍ നമ്മുടെ ഗാലക്സിയില്‍ കോടി കോടികണക്കിനു നക്ഷത്രങ്ങളുണ്ടെങ്കിലും, അത്രയും നക്ഷത്രങ്ങളില്‍ വെറും പത്തെണ്ണത്തില്‍ മാത്രമേ ജീവന്റെ കണിക ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങള്‍ ഉണ്ടാവൂ. ഈ നക്ഷ്ത്രസാഗരത്തില്‍ നിന്നു ജീവന്‍ നിലനില്ക്കുന്ന ഗ്രഹങ്ങള്‍ ഉള്ള നക്ഷത്രങ്ങളെ തേടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് എന്നു അനുമാനിക്കാവുന്നതേ ഉള്ളൂ. ഡ്രേക്ക് സമവാക്യം ശരിയാണെന്നു വന്നാല്‍ ഈ ഒരു കാരണം കൊണ്ടു തന്നെയാണു വിജയതീരത്തടുക്കാന്‍ പ്രയാസവും.

ഡ്രേക്ക് സമവാക്യത്തിലെ ഗണങ്ങള്‍ക്ക് വിവിധതരത്തിലുള്ള മൂല്യങ്ങള്‍ ഉപയോഗിച്ച് പല ശാസ്ത്രജ്ഞര്‍ പല വിധ സംഖ്യകള്‍ നിര്‍ധാരണം ചെയ്തെടുത്തു. ഒരു ഗാലക്സിയില്‍ ഒരു നക്ഷത്രയൂഥത്തിനു മാത്രമേ ഭൂമിയെപ്പോലെയുള്ള നിലകൈവരിക്കാന്‍ പറ്റൂ എന്നും, ആകാശഗംഗാ ഗാലക്സിയില്‍ അതു നമ്മളായതു കൊണ്ട് ഇനി നമ്മുടെ ഗാലക്സിയില്‍ തെരയുന്നതില്‍ കാര്യമില്ല എന്നും വാദിക്കുന്ന ചില ശാസ്ത്രജ്നമാര്‍ ഉണ്ട്. അവരുടെ അഭിപ്രായത്തില്‍ നമ്മുടെ ഗാലക്സിക്കു പുറത്താണു ഇതിനുള്ള അന്വേഷണം നടത്തേണ്ടതു. മറ്റു ഗാലക്സികളിലെ നക്ഷത്രങ്ങളെ പഠിക്കുക എന്നതു അതീവ പ്രയാസകരമായ കാര്യമാണു. ചുരുക്കത്തില്‍ അന്യഗ്രഹജീവികളെ തേടിയുള്ള നമ്മുടെ യാത്ര ഇപ്പോഴും തുടരുകയാണു.

വിമര്‍ശനങ്ങള്‍

ഈ സമവാക്യം ഉപയോഗിച്ച് വിവിധ ലോജിക്കുകള്‍ ഉപയോഗിച്ച് പല ഉത്തരങ്ങളില്‍ എത്തിച്ചേരാം . അതു കൊണ്ടു തന്നെ ഇതു ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവരുണ്ട്. SETI Institute-ന്റെ പഠനങ്ങളും ഡ്രേക് സമവാക്യവും എല്ലാം കപട ശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരുടെ സ്രൃഷ്ടിയാണെന്നും വാദിക്കുന്നവര്‍ ഉണ്ട്.

The Drake equation cannot be tested and therefore SETI is not science. SETI is unquestionably a religion.

എന്നാണു പ്രശസ്ത്നായ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടതു.


പക്ഷെ പൊതുധാരയില്‍ നിന്നു വേറിട്ടു ചിന്തിക്കുന്ന ചിലരാണു പല പ്രധാന ശാസ്ത്രകണ്ടെത്തലുകളൂടേയും പിറകില്‍ എന്നത് ആലോചിക്കുമ്പോള്‍ വേറൊരു സാദ്ധ്യത മുന്നോട്ടു വയ്ക്കുന്നതു വരെ SETI Institute-പോലുള്ള സ്ഥാപനങ്ങളുടെ പഠനങ്ങളും, ഡ്രേക് സമവാക്യവും ഒക്കെ സജീവമായി ഇവിടെത്തന്നെ കാണും.