Friday, September 29, 2006

നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട്

ഇത് നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന് എന്ന ലേഖനത്തിന്റെ തുടര്‍ച്ച ആണ്. നക്ഷത്രങ്ങളെയും മറ്റ് ഖഗോള വസ്തുക്കളേയും എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നും പല തരത്തില്‍ ഉള്ള നക്ഷത്രനാമകരണ സമ്പ്രദായങ്ങളും കാറ്റലോഗുകളും ഒക്കെ‍ ഏതൊക്കെയാണെന്നും പരിചയപ്പെടുത്തുക ആണ് നാല് പോസ്റ്റുകലില്‍ ആയി ചെയ്യുന്നത്. ഈ സമ്പ്രദായങ്ങളേയും കാറ്റലോഗുകളേയും പരിചയപ്പെടുന്നത് വളരെ അത്യാവശ്യമാണ്, കാരണം ഇനി വരുന്ന പോസ്റ്റുകളില്‍ നക്ഷത്രങ്ങള്‍ക്കും മറ്റു ഖഗോള വസ്തുക്കള്‍ക്കും അതിന്റെ ഒക്കെ അതിന്റെ കാറ്റലോഗ്/നാമകരണ സമ്പ്രദായ പേരുകള്‍ ആയിരിക്കും പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണീ ഈ നാല് പോസ്റ്റുകള്‍.

ബെയറുടെ നാമകരണ സമ്പ്രദായം നക്ഷത്രങ്ങള്‍ക്ക് തനതുനാമം കൊടുക്കുന്നതിനേക്കാള്‍ കുറച്ചുകൂടെ ക്രമം ഉള്ളതാണെന്ന് നമ്മള്‍ കണ്ടു. അതോടൊപ്പം തന്നെ അതിനു ചില പരിമിതികല്‍ ഉള്ളതായും നമ്മള്‍ മനസ്സിലാക്കി. ഈ പരിമിതികള്‍ മറികടക്കുന്നതും എന്നാല്‍ അതിനോട് സാമ്യമുള്ളതുമായ ഒരു നക്ഷത്ര നാമകരണ സമ്പ്രദായം ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോണ്‍ ഫ്ലാംസ്റ്റീഡ് (John Flamsteed) 1712-ല്‍ അവതരിപ്പിച്ചു. അതിനെയാണ് നമ്മള്‍ ഈ പോസ്റ്റില്‍ പരിചയപ്പെടുന്നത്.

ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System)

ഈ സമ്പ്രദായത്തില്‍ ഫ്ലാംസ്റ്റീഡ്, ബെയറുടെ സമ്പ്രദായത്തില്‍ ഉപയോഗിക്കുന്നതു പോലെ നക്ഷത്രങ്ങളുടെ പേരിനൊപ്പം നക്ഷത്രരാശിയുടെ Latin genetive നാമം തന്നെ ഉപയോഗിച്ചു. പക്ഷെ നക്ഷത്രരാശിയുടെ Latin genetive നാമത്തോടൊപ്പം ഗ്രീക്ക് അക്ഷരങ്ങളും മറ്റും ഉപയോഗിക്കുന്നതിനു പകരം അറബിക്ക് സംഖ്യകള്‍ ഉപയോഗിച്ചു. മാത്രമല്ല നക്ഷത്രങ്ങളെ വര്‍ഗ്ഗീകരിച്ചത് അതിന്റെ പ്രഭ അനുസരിച്ചായിരുന്നില്ല. മറിച്ച് ഏത് നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ആണോ നാമകരണം ചെയ്യേണ്ടത് ആ നക്ഷത്രരാശിയുടെ പടിഞ്ഞാറേ അറ്റത്ത് നിന്ന് നക്ഷത്രങ്ങളെ എണ്ണാനാരംഭിച്ചു. നക്ഷത്രരാശിയുടേ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള നക്ഷത്രത്തെ 1, അതിന്റെ കിഴക്കുഭാഗത്തുള്ള തൊട്ടടുത്ത നക്ഷത്രത്തെ 2 എന്നിങ്ങനെ അദ്ദേഹം എണ്ണി. ഉദാഹരണത്തിന് ഓറിയോണ്‍ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം പ്രകാരം പടിഞ്ഞറേ അറ്റത്തുനിന്ന് എണ്ണി 1-orionis, 2-orionis, 3-orionis എന്നിങ്ങനെ വിളിച്ചു.

ചുരുക്കി പറഞ്ഞാല്‍ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തില്‍ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികള്‍ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകള്‍ ഉപയോക്കുന്നതിനാല്‍ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തില്‍ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉള്‍പ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയര്‍ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങള്‍ക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്.

താഴെയുള്ള ചിത്രത്തില്‍ മിഥുനം (Gemini) രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തില്‍ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തില്‍ ചില സംഖ്യകള്‍ കണ്ടെന്ന് വരില്ല. ആ ചിത്രത്തിനു താഴെ ആ നക്ഷത്രരാശിയുടെ തനത് നാമം ഉള്ള ചിത്രവും, ബേയര്‍ സമ്പ്രദായപ്രകാരം ഉള്ള ചിത്രവും കൊടുത്തിരിക്കുന്നു.

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള നാമകരണം

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ തനതു നാമങ്ങള്‍

മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ ബെയര്‍ സമ്പ്രദായപ്രകാരം ഉള്ള നാമകരണം

സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡ് സമ്പ്രദായം ഉപയോഗിച്ച് ഒരു രാശിയിലെ എത്ര നക്ഷത്രത്തെ വേണമെങ്കിലും നാമകരണം ചെയ്യമെങ്കിലും അത് അങ്ങനെ അനന്തമായി പോയില്ല. ഏറ്റവും ഉയര്‍ന്ന ഫ്ലാംസ്റ്റീഡ് സംഖ്യ ലഭിച്ചത് Taurus നക്ഷത്രരാശിയിലെ 140-Tauri എന്ന നക്ഷത്രത്തിനാണ്. ഫ്ലാംസ്റ്റീഡ് ഈ നാമകരണം നടത്തി വളരെയധികം വര്‍ഷം കഴിഞ്ഞാണ് 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ 88 നക്ഷത്രരാശികളെ നിര്‍വചിച്ച് അതിന്റെ അതിര്‍ത്തി രേഖകള്‍ മാറ്റി വരച്ചത്. അതിനാല്‍ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചില നക്ഷത്രങ്ങളുടെ രാശിക്ക് വ്യത്യാസം വന്നു. അങ്ങനെ പ്രശ്നം ഉള്ള നക്ഷത്രങ്ങള്‍ക്ക് ഈ നാമകരണ സമ്പ്രദായം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ബെയര്‍ സമ്പ്രദായത്തിനും ബാധകമാണ്.

ഇപ്പോള്‍ സാധാരണ നക്ഷത്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന നക്ഷത്ര ചാര്‍ട്ടുകളിലും മറ്റും ഈ മൂന്നു സമ്പ്രദായങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നു. ഒരു നക്ഷത്രരാശിയിലെ തനത് നാമം കൊണ്ട് നമുക്ക് പണ്ടേ പരിചയമുള്ള നക്ഷത്രങ്ങള്‍ക്ക് തനതു നാമവും, ഏറ്റവും പ്രകാശം കൂടിയ കുറച്ച് നക്ഷത്രങ്ങള്‍ക്ക് ബേയര്‍ സമ്പ്രദായപ്രകാരം ഉള്ള നാമവും കുറച്ച് പ്രഭ മങ്ങിയതും എന്നാല്‍ അതേ സമയം പ്രാധാന്യവുമുള്ളതുമായ നക്ഷത്രങ്ങള്‍ക്ക് ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള നാമവും കൊടുക്കുന്നു. അത്തരം ഒരു നക്ഷത്രചാര്‍ട്ടിലെ ഉര്‍സാ മേജര്‍ (സപ്തര്‍ഷി മണ്ഡലം) എന്ന നക്ഷത്ര രാശിയിലെ നക്ഷത്രങ്ങളുടെ നാമകരണം താഴെയുള്ള ചിത്രത്തില്‍ കാണാം. സന്തോഷേട്ടന്റെ നക്ഷത്രമെണ്ണുമ്പോള്‍ എന്ന പോസ്റ്റില്‍ ഈ നക്ഷത്രരാശിയുടെ കാര്യം പറയുന്നുണ്ട്.

സപ്തര്‍ഷി മണ്ഡലത്തിലെ നക്ഷത്രങ്ങളുടെ നാമകരണം

നക്ഷത്രനിരീക്ഷണം നടത്തുന്ന ഒരു സാധാരണക്കാരന് ഇത്രയും കാര്യങ്ങള്‍ അറിയാമെങ്കില്‍ പത്രങ്ങളില്‍ ഒക്കെ വരുന്ന നക്ഷത്ര ചാര്‍ട്ടുകളും മറ്റും എളുപ്പം മനസ്സിലാക്കാം. ഇനി ഒരു നക്ഷത്ര ചാര്‍ട്ടില്‍ α, β എന്നിങ്ങനെ കൂറച്ച് ഗ്രീക്ക് അക്ഷരങ്ങളോ അതല്ല കുറച്ചു സംഖ്യകളോ കണ്ടാല്‍ നിങ്ങള്‍ക്ക് അത് എന്താണെന്നു മനസ്സിലാകും എന്ന് വിശ്വസിക്കട്ടെ. ഈ രണ്ട് പോസ്റ്റ് കൊണ്ട് നിങ്ങള്‍ക്ക് അതിന് കഴിഞ്ഞാല്‍ നക്ഷത്ര നാമകരണത്തെ കുറിച്ചുള്ള കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ അതിന്റെ ലക്ഷ്യം നേടി. ഞാന്‍ കൃതാര്‍ത്ഥനുമായി. പക്ഷെ കുറച്ചു കൂടി ശാസ്ത്രീയതയും കൃത്യതയും ആവശ്യമുള്ള ജ്യോതിശാസ്ത്രപഠനങ്ങള്‍ക്ക് ഈ അറിവ് മതിയാകില്ല.

ദൂരദര്‍ശിനിയുടെ വരവോടെ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായവും ഉപയോഗശൂന്യമായി. പല പുതിയ നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്തണം എങ്കില്‍ ആദ്യം തൊട്ട് എണ്ണണം എന്ന സ്ഥിതി ആയി. അതിനാല്‍ ജ്യോതിശാസ്തജ്ഞര്‍ക്ക് മറ്റ് രീതികള്‍ ഉപയോഗിക്കേണ്ടി വന്നു.

സത്യം പറഞ്ഞാല്‍ നക്ഷത്രങ്ങളെയും വിവിധ ഖഗോള വസ്തുക്കളേയും നാമകരണം ചെയ്യുന്ന ചില പ്രധാന സമ്പ്രദായങ്ങളെ കൂടി ഇനി പരിചയപ്പെടുത്താനുണ്ട്. BD, NGC തുടങ്ങിയ കാറ്റലോഗുകളെ പരിചയപ്പെടുത്താനുണ്ട്. ഇനി ഒരു രണ്ട് പോസ്റ്റിലേക്കുള്ള വക കൂടിയുണ്ട്. പക്ഷെ ബൂലോഗത്തില്‍ ആരും ഇതിനു വലിയ താല്പര്യം കാണിക്കാത്തതു കൊണ്ട് ഞാന്‍ അതിനെ കുറിച്ച് എഴുതി നിങ്ങളെ മുഷിപ്പിക്കുന്നില്ല.

22 comments:

Shiju said...

കഴിഞ്ഞ പോസ്റ്റില്‍ നക്ഷ്ത്രങ്ങളുടെ തനതു നാമത്തെ കുറിച്ചും ബെയര്‍ നാമകരണ സമ്പ്രദായത്തെ കുറിച്ചും മനസ്സിലാക്കിയല്ലോ. ഈ പോസ്റ്റില്‍ മറ്റൊരു നാമകരണ സമ്പ്രദായമായ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നു.

P Das said...

വളരെ നന്നായിരിക്കുന്നു..ഷിജു, പിന്നെ ഒരു സംശയം..ഈ പോസ്റ്റുമായി ബന്ധപ്പെട്ടതല്ല കേട്ടൊ.. ഈയിടെ ഒരു പ്രോഗ്രാമ്മില്‍ ഗ്രഹങ്ങള്‍ ഉള്ള നക്ഷത്രങ്ങള്‍,അവയുടെ ഗുരുത്വാകര്‍ഷണം കാരണം വോബിള്‍ ചെയ്യുമെന്നും, അതു നോക്കിയാണ്‌ അവയ്ക്ക്‌ ഗ്രഹങ്ങളുണ്ടൊ എന്നു ഉറപ്പിക്കുന്നതെന്നും പറയുകയുണ്ടായി. എന്റെ സംശയം, നമ്മുടെ സൗര്യയൂധം പോലെ പല ഗ്രഹങ്ങളുള്ള നക്ഷത്രമാണെങ്കില്‍, തീര്‍ച്ചയായും അവ ഓര്‍ബിറ്റില്‍ പലയിടത്താവുകയും, നക്ഷത്രത്തെ വോബിള്‍ ചെയ്യിക്കുകയും ഇല്ലല്ലോ? അപ്പോള്‍ ആ തീയറി അത്ര ശരിയാകുമോ?

Shiju said...

ചക്കരേ നക്ഷത്രങ്ങള്‍ അതിന്റെ ഗ്രഹങ്ങളുടെ കാരണം ഗുരുത്വാകര്‍ഷണം കാരണം wobble ചെയ്യുമെന്ന് എഴുതിയത്‌ ശരിയാണ്. നമ്മുടെ സൂര്യനും ഇങ്ങനെ wobble ചെയ്യുന്നുണ്ട്. പെട്ടന്ന് തിരഞ്ഞപ്പോള്‍ നെറ്റില്‍ നിന്ന് കിട്ടിയ ഒരു ലിങ്ക് ഇതാ.


നക്ഷത്രങ്ങള്‍ക്ക്‌ മാത്രമല്ല പരസ്പരം ഉള്ള ഗുരുത്വാകര്‍ഷണം മൂലം ഗ്രഹങ്ങളും ഇങ്ങനെ wobble ചെയ്യുന്നുണ്ട്.നമ്മുടെ ഭൂമിയും wobble ചെയ്യുന്നുണ്ട്. വിഷുവങ്ങളുടെ പുരസ്സരണം (Precession of the Equinoxes) ഒക്കെ സംഭവിക്കുന്നത് ഭൂമിയുടെ ഇപ്രകാരം ഉള്ള wobbling മൂലമാണ്.

P Das said...

നന്ദി ഷിജു..“Life may be close to us in space, but not in time." sounds very optimistic അല്ലേ?

ആനക്കൂടന്‍ said...

ഞാന്‍ ഹാജര്‍ വച്ചിരിക്കുന്നു. ഷിജൂ, പ്ലീസ് പൂര്‍ത്തിയാക്കൂ. ഞങ്ങള്‍ വായിക്കുന്നുണ്ട്.

ഡാലി said...

ഷിജു: പുതിയ പോസ്റ്റ് കണ്ടാല്‍ നോക്കറുണ്ട്. ഒന്നു ഓടിച്ച് വായിക്കാറുണ്ട്. അതിനപ്പുറത്തേയ്ക്ക് കമന്റിടാന്‍ എന്തെങ്കിലും മണ്ടക്കുള്ളില്‍ വേണ്ടേ?
ഇതെല്ലാം ഇന്നു വായിച്ച് എറിഞ്ഞു കളയുന്ന ലേഖനങ്ങള്‍ അല്ലല്ലോ? റെഫറന്‍സിനു ആളുകള്‍ വരുന്നതു തീര്‍ച്ചയായും ഇത്തരം ആധികാരിക ലേഖനങ്ങള്‍ തേടി മാത്രമായിരിക്കും. അതു കൊണ്ട് എഴുതണം എന്നു വിചാരിച്ചതെല്ലാം പോസ്റ്റാക്കുക.
എന്റെ വക ഒരു ഒപ്പ് സ്മൈലി രൂപത്തില്‍ അവിടെ കാണും.

Santhosh said...

ഷിജൂ, മറ്റൊരു നല്ല ലേഖനം.
കമന്‍റുകള്‍ = താല്പര്യം എന്ന് ദയവായി വിചാരിക്കരുത്.

ദേവന്‍ said...

ഡാലി പറഞ്ഞപോലെ റെഫറന്‍സിനു ആളുകള്‍ തേടി വരുന്ന ബ്ലോഗാകും ഇത്‌ ഷിജൂ.
(സന്തോഷേ, ലതിന്റെ കാര്യം വേരൊന്നുമല്ല, കമന്റുകള്‍ -അവനവന്റെ ഒപ്പീനിയനു സ്കോപ്പ്‌ ഉള്ളയിടത്തേ കുമിഞ്ഞു കൂടൂ. ഈ കളിയുടെ ഉസ്താദ്‌ കുട്ട്യേടത്തി ആണ്‌ അവരിങ്ങനെ അഭിപ്രായം ആളുതോറും മാറുന്ന ടോപ്പിക്കുകള്‍ ( കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത്‌ ശരിയോ മാതിരി) ഹോസ്റ്റ്‌ ചെയ്ത്‌ നൂറടിക്കും, പക്ഷേ സീയെസ്സിന്റെ വൈദ്യുതിയില്‍ ഖണ്ഡിക്കാനോ നിഷേധിക്കാനോ സ്കോപ്പ്‌ ഇല്ലാത്ത ഒരു കമ്പ്ലീറ്റ്നെസ്സ്‌ ഉണ്ടല്ലോ, അപ്പോ അധികം കമന്റ്‌ വരില്ല. നന്നായി നന്നായി എന്ന് എത്ര തവണ എഴുതാന്‍ പറ്റും...)

Manjithkaini said...

ഷിജു കമന്റുകള്‍‌വച്ച് പോസ്റ്റിന്റെ പ്രാധാന്യവും പ്രസക്തിയുമളക്കാന്‍ ശ്രമിച്ചാല്‍ ഒന്നും ശരിയാകില്ല.

ബ്ലോഗില്‍ കമന്റുകൂടുന്നുണ്ടെങ്കില്‍ ആശങ്കപ്പെടുകയാണുവേണ്ടത്. ഒന്നുകില്‍ അവിടെ കൊച്ചുവര്‍ത്തമാനമാകും, അല്ലെങ്കില്‍ ബോറടിപ്പിക്കുന്ന ഗൂഗിള്‍ വിജ്ഞാനവും.

ഷിജുവിന്റെ ലേഖനങ്ങള്‍ പാഠപുസ്തകങ്ങളാണ്. അതില്‍ കമന്റെഴുതാന്‍ താളുകളില്ല. ഇതിലെ ഏതെങ്കിലുമൊരു വാക്കെടുത്തുകൊണ്ടുപോയി കാര്‍‌ഷെഡിലിരുന്നു സംസാരം നിയന്ത്രിക്കുന്നവന്മാര്‍ക്കുകൊടുത്താല്‍ അവന്മാര്‍ പോലും മനുഷ്യനു മനസിലാകുന്നതൊന്നും തരില്ല. അതു മനസിലാക്കാന്‍ വീണ്ടും ഷിജുവിന്റെ ബ്ലോഗില്‍ വരണം.

ചുരുക്കത്തില്‍ ഈ എഴുത്ത് നിര്‍ത്തരുത് എന്നു പറയുകയായിരുന്നു. ആളുകള്‍ ഇവിടെ വരുന്നുണ്ട്. വന്നുകൊണ്ടിരിക്കും. വെറുതെ വായിച്ചിട്ട് മീന്‍‌പൊതിയാനെടുക്കേണ്ട (കമന്റുകളെ അങ്ങനെ കണ്ടാലും മതി) പത്രക്കടലാസല്ല താങ്കളുടെ ബ്ലോഗ്.

വിശ്വപ്രഭ viswaprabha said...

ഷിജൂ,

നിര്‍ത്തരുതേ, അളവുകുറയ്ക്കരുതേ!
ദയവു ചെയ്ത്!

ഓരോന്നും സശ്രദ്ധം നിശ്ശബ്ദം വായിച്ചുപഠിച്ചുകൊണ്ടിരിക്കുകയാണ്....

Anonymous said...

ഷിജു മാഷേ
ബൂലോഗര്‍ക്കിഷ്ടമുള്ളത് എഴുതണം എന്ന് വിചാരിക്കരുതേ. താങ്കള്‍ എഴുതിയ പോലെ താങ്കള്‍ക്ക് കിട്ടുന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ എഴുതണേ. ഇന്നല്ലെങ്കില്‍ നാളെ ചുവട് വെച്ചു തരുന്ന കുട്ടികള്‍ക്കെല്ലാം ഈ ബ്ലോഗ് ആയിര്‍ക്കും വേണ്ടത്. അതുകൊണ്ട് ദയവു ചെയ്ത് ബൂലോഗര്‍ക്ക് വേണ്ടിയല്ല, താങ്കളുടെ അറിവിന്റെ ഒരു താള്‍ പോലെ എഴുതണേ. അപേക്ഷിക്കുന്നു.
qw_er_ty

myexperimentsandme said...

ഷിജൂ, ദയവായി നിര്‍ത്തരുതേ. ബ്ലോഗ് അതിന്റെ അടുത്ത തലത്തിലേക്ക് പോകുമ്പോള്‍ ഷിജുവിന്റെ ലേഖനങ്ങള്‍ക്കൊക്കെ അതിന്റേതായ പ്രാധാന്യമുണ്ടാവും.. ഡാലി പറഞ്ഞതുപോലെ എന്തെങ്കിലും കമന്റാനുള്ള അറിവില്ലായ്‌മ മാത്രമാണ് കമന്റെഴുതാനുള്ള തടസ്സം.

ഷിജുവിന്റെ ബ്ലോഗില്‍ കുറച്ച് നാളുകളായി വരാറില്ലായിരുന്നു. പക്ഷേ ഇതൊക്കെ (പിന്നെയും ഡാലി പറഞ്ഞത് പോലെ) ആവശ്യമുള്ളപ്പോള്‍ നോക്കാനുള്ള റഫറന്‍‌സുകളാണല്ലോ. ഷിജു ഇപ്പോള്‍ ചെയ്യുന്നതിന്റെ പ്രയോജനം മനസ്സിലാവുന്നത് കുറച്ച് കഴിയുമ്പോളായിരിക്കും. ദയവായി ഈ ബ്ലോഗ് ഈ രീതിയില്‍ തന്നെ തുടരണേ.

ഓഃടോ- മന്‍‌ജിത്ത് പറഞ്ഞതുപോലെ ഗൂഗിള്‍ വിജ്ഞാനം ബോറടിപ്പിക്കാന്‍ തുടങ്ങി എന്ന് തോന്നുന്നു. വന്ന് വന്ന് ഗൂഗിളില്‍ ആയിരം ഹിറ്റില്ലാത്ത ഒരു കാര്യം കാര്യമേ അല്ല എന്ന നിലവരെയായി കാര്യങ്ങള്‍. ഒരു ചര്‍ച്ചയില്‍ രണ്ടുപക്ഷത്തിനും വേണ്ട കാര്യങ്ങള്‍ ഗൂഗിളില്‍ കിട്ടുന്നതു കാരണം എല്ലാവര്‍ക്കും വലിയ കാര്യം. നമ്മുടെ മനസ്സിലുള്ളതുപോലത്തെ പത്ത് ഹിറ്റുകള്‍ ഗൂഗിളില്‍ ഉണ്ടെങ്കില്‍ പിന്നെ അത് തന്നെ ഗൂഗിള്‍ ശരിയും. ഇപ്പോള്‍ രണ്ടു തരം ശരികള്‍- ശരിയായ ശരിയും ഗൂഗിള്‍ ശരിയും :)

പാപ്പാന്‍‌/mahout said...

എനികേറ്റവുമിഷ്ടമുള്ള 5 ബ്ലോഗുകളെടുത്താല്‍ ഒരെണ്ണം ഇതായിരിക്കും. ഒന്നുരണ്ടുതവണ വായിക്കാനുള്ള സംഗതിയുണ്ട് ഓരൊ പോസ്റ്റിലും. കമന്റിട്ടാല്‍ മണ്ടത്തരമായാലോ എന്നു കരുതിയാണ് പൊതുവെ ഇടാത്തത്‌ :)

എത്രപേരു വായിക്കുന്നു എന്നറിയാനാണു കൌതുകമെങ്കില്‍ ഒരു കൌണ്ടറോ മറ്റോ പിടിപ്പിക്കൂ...

Unknown said...

ഷിജൂ,
മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്, എല്ലാം വിജ്ഞാനപ്രദമായ പോസ്റ്റുകള്‍!

കമറ്റ്നുകളുടെ കുറവിനെ കുറിച്ചു ആലോചിക്കണ്ടാ ഷിജുവേ, ദേവരാഗം പറഞ്ഞതു തന്നെ കാര്യം!

അപ്പോ പറഞ്ഞുവന്നതു,
‘ അയ്യോ ഷിജുവേ നിര്‍ത്തല്ലേ,
അയ്യോ ഷിജുവേ നിര്‍ത്തല്ലേ!‘

( ചിന്താവിഷ്ടയായ ശ്യാമള രീതിയില്‍!)

ഇടിവാള്‍ said...

ഷിജു, വിജ്ഞാനപ്രദമായ്യ ലേഖനങ്ങളെഴുതുന്ന ഷിജുവിനോട് സത്യത്തില്‍ അസൂയ തോന്നാറുണ്ട്.. നമുക്കിതുപോലുള്ളവയൊന്നും എഴുതാനുള്ള വിവരമില്ലല്ലോയെന്നോര്‍ത്ത്!

ഷിജിവിന്റെ ഞാണ്‍ വായിച്ചിട്ടുള്ള പോസ്റ്റുകളൊക്കെ ( എല്ലാം വായിച്ചിട്ടിലെങ്കിലും) വളരെ താല്പര്യമുള്ള വിഷയങ്ങളായിരുന്നു.

കമന്റിടാത്തത്, അറിവില്ലാത്തതിനെപറ്റി വിഡ്ഡിത്തരം പരാമര്‍ശിക്കണ്ടല്ലോയെന്നോര്‍ത്താണു കേട്ടോ !

ഇനിയും നല്ല പോശ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

ഉമേഷ്::Umesh said...

ഷിജൂ,

എല്ലാ ലേഖനങ്ങളുടെയും താഴെ എന്റെ വക “വായിച്ചു, നന്നായിട്ടുണ്ടു്” എന്നൊരു കമന്റ് ഉള്ളതായി സങ്കല്പിച്ചോളൂ. ദേവന്‍ പറഞ്ഞതു തന്നെ കാര്യം.

പിന്നെ, സീരിയസ് വായന ആവശ്യമുള്ളതു് (പെരിങ്ങോടന്റെ കഥകള്‍, ഷിജുവിന്റെ ലേഖനങ്ങള്‍, ദേവന്റെ പോസ്റ്റുകള്‍ തുടങ്ങിയവ) അല്പം താമസിച്ചേ വായിക്കാറുള്ളൂ. അഞ്ചു മിനിട്ടു കിട്ടുമ്പോള്‍ ഓടിച്ചു വായിക്കാറില്ല എന്നര്‍ത്ഥം. അതുകൊണ്ടു് അവ നല്ലതല്ലെന്നോ ഇഷ്ടമല്ലെന്നോ അര്‍ത്ഥമില്ല.

കമന്റു കിട്ടിയില്ലെങ്കില്‍ എഴുത്തു നിര്‍ത്താനാണെങ്കില്‍ ഞാന്‍ പണ്ടേ നിര്‍ത്തിയേനേ. അമ്പതിലധികം പോസ്റ്റുകള്‍ക്കു ശേഷമാണു രണ്ടു കമന്റില്‍ കൂടുതല്‍ കിട്ടിത്തുടങ്ങിയതു്.

എന്റെ ബ്ലോഗിന്റെ മെയിന്‍ പേജിന്റെ സൈഡ്‌ബാറില്‍ "20 most commented posts" എന്നൊരു ലിസ്റ്റ് ചേര്‍ത്തിട്ടുണ്ടു്. അതു നോക്കിയാല്‍ മനസ്സിലാകും (കുറഞ്ഞ പക്ഷം എന്റെ ബ്ലോഗിന്റെ കാര്യത്തിലെങ്കിലും) പോസ്റ്റിന്റെ ഗുണത്തിനും കമന്റുകളുടെ എണ്ണത്തിനും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു്.

പിന്നെ, വിഷയത്തില്‍ താത്‌പര്യമില്ലാത്തവര്‍ വായിക്കില്ല. അതു സ്വാഭാവികം. ഞാന്‍ ചന്ദ്രേട്ടന്റെ കാര്‍ഷികലേഖനങ്ങളും ദേവന്റെ ചില ആരോഗ്യലേഖനങ്ങളും വായിക്കാറില്ല. എന്റെ പോസ്റ്റുകളില്‍ വായിക്കുന്നതു സുഭാഷിതവും സ്മരണകളും മാത്രമാണെന്നു് ഒരുപാടു സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടു്. ഒരാളെങ്കിലും വായിച്ചാല്‍ (ഷിബുവിന്റെ കാര്യത്തില്‍ വായനക്കാരുടെ എണ്ണം ഒരുപാടുണ്ടു്) പോസ്റ്റിന്റെ ലക്ഷ്യം നടന്നു എന്നാണു് എന്റെ അഭിപ്രായം.

എഴുതൂ. വിക്കിപീഡിയയില്‍ എഡിറ്റിംഗ് കൂടാതെ ചേര്‍ക്കാവുന്ന പോസ്റ്റുകള്‍ എഴുതുന്ന ഒരേയൊരു ബ്ലോഗര്‍ ഷിജുവാണെന്നും കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടേ.

അതുല്യ said...

ഷിജു, ഒരു തര്‍ക്കുത്തരമോ, ഒരു സൂപ്പര്‍ കമന്റോ ഒക്കെ വച്ച്‌ പോകുവാന്‍ തീരെ സ്കോപ്പില്ലാത്ത വിജ്നാനപ്രദായകമായ പോസ്റ്റാകുന്നത്‌ കൊണ്ടാണു വായിച്ച ശേഷം "ഫെവറേറ്റ്സില്‍" കൂട്ടിയ ശേഷം വിന്‍ഡോ അടച്ച്‌ പോകുന്നത്‌. ദയവായി അതിനെ വായനക്കാരുടെ ഉപേക്ഷയായി കാണരുത്‌. വിദ്യ പങ്കുവെയ്കപെടേണ്ടത്‌ തന്നെയാണു. അതിനു താങ്കള്‍ എടുക്കുന്ന പരിശ്രമങ്ങള്‍ക്ക്‌ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എപ്പോഴുമുണ്ടാവും. പിന്നെ ഇംഗ്ലീഷിലായാല്‍ അതെനിയ്ക്‌ കൂടുതല്‍ പ്രയോജനപ്പെടുമായിരുന്നു എന്ന അത്യാഗ്രഹം കൂടി പറയട്ടെ. വക്കാരിയുടെ ട്രെയിന്‍ പോസ്റ്റ്‌ ഇംഗ്ലീഷില്‍ കിട്ടിയത്‌ അപ്പുവിനു ഒരുപാട്‌ ഉപകാരമായി എന്നും ഇത്തരുണത്തില്‍ പറയട്ടേ.

പക്ഷെ നല്ല പോസ്റ്റിന്റെ വായനക്കാര്‍ എന്ന നിലയില്‍ വിസിറ്റേഴ്സ്‌ ബുക്കിലേ ഒരൊപ്പ്‌ എഴുത്തുകാരനു ഒരുപാട്‌ ആശ്വാസം നല്‍കുമെന്നു എനിക്ക്‌ തോന്നുന്നു.

Adithyan said...

ഷിജുവേ
എന്താണിത്...
ആഡംബരം പോസ്റ്റുകള്‍ പോരട്ടെ... :)

Shiju said...

വിശദീകരണം
സത്യം പറഞ്ഞാല്‍ നിങ്ങളൊക്കെ എന്നെ തെറ്റുദ്ധരിച്ചിരിക്കുക ആണ്. ഞാന്‍ ബ്ലോഗ്ഗിങ് നിര്‍ത്തുക ആണെന്നുന്നും പൊസ്റ്റില്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഇതാണ്.സത്യം പറഞ്ഞാല്‍ നക്ഷത്രങ്ങളെയും വിവിധ ഖഗോള വസ്തുക്കളേയും നാമകരണം ചെയ്യുന്ന ചില പ്രധാന സമ്പ്രദായങ്ങളെ കൂടി ഇനി പരിചയപ്പെടുത്താനുണ്ട്. BD, NGC തുടങ്ങിയ കാറ്റലോഗുകളെ പരിചയപ്പെടുത്താനുണ്ട്. ഇനി ഒരു രണ്ട് പോസ്റ്റിലേക്കുള്ള വക കൂടിയുണ്ട്. പക്ഷെ ബൂലോഗത്തില്‍ ആരും ഇതിനു വലിയ താല്പര്യം കാണിക്കാത്തതു കൊണ്ട് ഞാന്‍ അതിനെ കുറിച്ച് എഴുതി നിങ്ങളെ മുഷിപ്പിക്കുന്നില്ല.

ഞാന്‍ ഉദ്ദേശിച്ചത് ഈ വിഷയത്തെ കുറിച്ച് കുറച്ചുകൂടി ഗഹനമായി എഴുതാനുണ്ട്. പക്ഷെ നിങ്ങള്‍ക്ക് ഇത് മന്‍സ്സിലാകാതെ പോകുന്നുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. അതിനാല്‍ ഈ വിഷയത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞു. ഇനി ഈ വിഷയത്തിന്റെ അകത്തളങ്ങളിലേക്ക് പോകാതെ ഞാന്‍ അടുത്ത വിഷയത്തിലേക്ക് പോവുക ആണ് എന്നാണ്.

നിങ്ങള്‍ എല്ലാവരും ചുറ്റും നിന്ന് പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഞാന്‍ ഈ വിഷയത്തിന്റെ ബാക്കി രണ്ട് പോസ്റ്റുകള്‍ കൂടി തീര്‍ച്ചയായും ഇടും.

അതുല്യചേച്ചി പറഞ്ഞു “വിസിറ്റേഴ്സ്‌ ബുക്കിലേ ഒരൊപ്പ്‌ എഴുത്തുകാരനു ഒരുപാട്‌ ആശ്വാസം നല്‍കുമെന്നു എനിക്ക്‌ തോന്നുന്നു.“

അത് ഒരു പരിധി വരെ ശരിയാണ്. കാരണം ഈ വിഷയത്തിലെ ലേഖനങ്ങള്‍ എഴുതുന്നതിന് ഒരു പാട് വായനയും ഗവേഷണവും ആവശ്യമാണ്. ഇതിന്റെ ഒക്കെ പുസ്തകങ്ങല്‍ ഒക്കെ കിട്ടാന്‍ ഭയങ്കര വിഷമം ആണ്. ഗൂഗിളിന്റെ കാര്യം വക്കാരി പറഞ്ഞ പോലെ “വന്ന് വന്ന് ഗൂഗിളില്‍ ആയിരം ഹിറ്റില്ലാത്ത ഒരു കാര്യം കാര്യമേ അല്ല എന്ന നിലവരെയായി കാര്യങ്ങള്‍“ നമ്മള്‍ ഒരു വിഷയത്തെകൂരിച്ചുള്ള കാര്യം ഗൂഗിളില്‍ തിരയുമ്പോള്‍ കുറഞ്ഞത് ഒരു പത്തു സൈറ്റിലെങ്കിലും പോകാതെ ആ വിഷയത്തിന്റെ നിജസ്ഥിതി അറിയില്ല. ഈ ബ്ലോഗ്ഗില്‍ എഴുതുന്നതിനു വായിക്കാനും റെഫറന്‍സിനുവേണ്ടിയും വേണ്ടി ഞാന്‍ IUCAA ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ സഘടിപ്പിക്കുന്നുണ്ട്. ഞാന്‍ പഠിച്ച സമയത്തു നിന്നും ഈ ശാസ്ത്രം വളരെ മുന്നോട്ട് പോയിരിക്കുന്നു. പല കാരത്തിലും അപ് ഡേറ്റ് ആവശ്യമാണ്. അതിനാല്‍ വായന ഇല്ലാതെ പറ്റില്ല.വായിച്ച് മനസ്സിലാക്കി ഇതെല്ലാം കൂടി ക്രോഡീകരിച്ചു കൊണ്ട് വരുന്നത് നല്ല വിഷമം ആണ്. ലേഖനത്തിനു അനുയോജ്യമായ ചിത്രങ്ങള്‍ തേടിപ്പിടിക്കുന്നതും വരച്ചുണ്ടാക്കുന്നതും നല്ല പണിയാണ്. അപ്പോള്‍ അങ്ങനുള്ള പരിശ്രമം ആരും ശ്രദ്ധിക്കാതെ പോയാല്‍ വിഷമം ആകും അതു കൊണ്ടാണ് ഞാന്‍ അങ്ങനെ എഴുതിയത്.

സഹായം വേണം

1. ഇപ്പോള്‍ ഈ ബ്ലോഗ്ഗില്‍ എതാണ്ട് 15 പോസ്റ്റ് ആയി. ഇപ്പോള്‍ പഴയ പല പോസ്റ്റുകളിലും സംശയവുമായി ആരെങ്കിലും ഒക്കെ കമെന്റ് ഇടാറുണ്ട്. പലപ്പോഴും പഴയ പോസ്റ്റുകളില്‍ വരുന്ന ആ കമെന്റുകള്‍‍ ശ്രദ്ധിക്കാതെ പോകുന്നു. അതിനു ഒരു പരിഹാരം എന്ന നിലയില്‍ ഏത് പോസ്റ്റില്‍ കമെന്റ് വന്നാലും അതിന്റെ ഒന്നു രണ്ട് വരികള്‍ പ്രധാന പേജിന്റെ സൈഡ് ബാറില്‍ വരുന്ന വിധത്തില്‍ ഒരു സംവിധാനം ഒരുക്കാന്‍ പറ്റുമോ. ഉമേഷേട്ടന്റെ ബ്ലൊഗ്ഗില്‍ ഞാന്‍ ഈ സന്വിധാനം കണ്ടിട്ടുണ്ട്. പക്ഷെ അത്‌ WordPress ആണെന്ന് അറിയാം. ബ്ലൊഗ്ഗറില്‍ അങ്ങനെ ഒരു സവിധാനം ഉണ്ടാക്കാന്‍ പറ്റുമൊ. പറ്റുമെങ്കില്‍ അതിന്റെ html കോഡ് ഒന്നു അയച്ചു തരാമോ.
2.തിരുവനതപുരത്തുനിന്നുള്ള ബ്ലോഗ്ഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കാമോ. ഒരു ചെറിയ സഹായം ആവശ്യമുണ്ട്. എന്റെ ഇ മെയില്‍ വിലാസം shijualex@hotmail.com എന്നാണ്.

നിങ്ങള്‍ തരുന്ന സഹകരണത്തിന് വളരെ നന്ദി.

Manjithkaini said...

ഷിജൂ,

വേഡ് പ്രസിലെപ്പോലെ റീസന്റ് കമന്റ്സ് ബ്ലോഗറില്‍ എളുപ്പമല്ല. ബ്ലോഗര്‍ ഹെല്‍‌പില്‍ ഒരു പരിഹാരം അവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടും പ്രയോജനമില്ല. പിന്നെയുള്ളത് ഇതും ഇതുമാണ്. വായിച്ചുനോക്കിയാല്‍ വല്ലതും തടയും.

Shiju said...

നന്ദി മഞ്ജിത്ത്,
തല്‍ക്കാലം ഇതിരിക്കട്ടെ. ഒന്നും ഇല്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലും ഒന്ന് ഉള്ളത്. ബ്ലോഗ്ഗര്‍ ബീറ്റയില്‍ സംഗതി നടക്കുമെന്നാണല്ലോ പറയുന്നത്. എന്തായാലും കത്തിരിക്കാം. തല്‍ക്കാലം ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം.

Vssun said...

Dear Shiju, I am not even a blogger.. But I regularyly read your two blogs... Anveshanam and Jyothisasthram.. (Only them)

Continue as like this

With thanks