ഇതേ പോലെ തന്നെ പ്രാധാന്യം ഉള്ള രണ്ട് ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സെപ്റ്റമ്പര്‍ 23-നു തുലാ വിഷുവത്തില്‍ (Autumnal Equinox) നിന്ന് സൂര്യന്‍ തെക്കോട്ട് സഞ്ചരിച്ച് ഡിസംബര്‍ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെയാണ് ദക്ഷിണ അയനാന്തം (Winter Solistic) എന്ന് പറയുന്നത്. പിന്നീട് അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് മാര്‍ച്ച് 21-നു മഹാവിഷുവത്തില്‍ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട് അവിടെ നിന്ന് യാത്ര തുടര്‍ന്ന് ജൂണ്‍ 22-നു ഏറ്റവും വടക്ക് ഭാഗത്തുള്ള ബിന്ദുവില്‍ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന് പറയുന്നത്. കൂടുതല്‍ വിവരത്തിന് ചിത്രം കാണുക.

പുരസ്സരണം എന്താണെന്നും അത് മൂലം വിഷുവങ്ങള്‍ക്ക് വര്‍ഷംതോറും സ്ഥാനചലനം ഉണ്ടാകുന്നതും ആയി നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കിയല്ലോ. ചിത്രത്തില്‍ നിന്ന് മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കളാണെന്നും മനസ്സിലാക്കാമല്ലോ. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26'' ആര്‍ക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തതിലെ ബിന്ദുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന് പറയുന്നു.
കുറിപ്പ്: ഋതുക്കളെ കുറിച്ച് പറയുമ്പോള്‍ ഈ ബിന്ദുക്കളെ കുറിച്ച് പരാമര്‍ശിക്കേണ്ടി വരും. അപ്പോള്‍ അത് വിശദീകരിക്കുന്നത് ഒഴിവാക്കാനാണ് ഈ പോസ്റ്റ്.
കടപ്പാട്: ടെബ്ലേറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായിച്ച ടെബ്ലേറ്റ് ചേട്ടന് (ശ്രീജിത്ത്) പ്രത്യേക നന്ദി.
11 comments:
നന്നായിട്ടുണ്ട്
ദക്ഷിണ അയനാന്തവും ഭീഷ്മ പിതാമഹന്റെ മരണവുമായി എന്തോ ബന്ധമുണ്ട്. സൂര്യന്‍ ദക്ഷിണ അയനാന്തം കടക്കുന്നത് വരെ അദ്ദേഹം മരണത്തിനായി ശരശയ്യയിയില്‍ കാത്തു കിടന്നു എന്നതാണെന്ന് തോന്നുന്നു. അത് ഒന്ന് പരിശോധിക്കാന്‍ എന്റെ മഹാഭാരതത്തിന്റെ ഒരു പരിഭാഷ പോലും ഇല്ല. ഉള്ളതൊക്കെ വീട്ടിലാണ്. ആര്‍ക്കെങ്കിലും അതിനെകുറിച്ച് അറിയാമെങ്കില്‍ അതൊന്ന് പറഞ്ഞ് തരാമോ. അതും കൂടി ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു.
ഉത്തരായനത്തില്‍ മരിച്ചാലേ സ്വര്‍ഗ്ഗപ്രാപ്തിയുള്ളൂ എന്നോ മറ്റോ ആണു പുരാണം. മരണസമയം സ്വയം തീരുമാനിക്കാം എന്ന് വരം കിട്ടിയിട്ടുള്ള ഭീഷ്മര്‍ അതുകൊണ്ടാണ്‍ ഉത്തരായനം തുടങ്ങുന്നതുവരെ ശരശയ്യയില്‍ കിടന്നത്.
ഷിജൂ, ഇതും നന്നായിരിക്കുന്നു. ഇവിടെ രണ്ട് Equinox -കള്‍ക്കും പൊതു അവധിയാണ്. അതെന്താണ് കാരണം എന്നറിയില്ല. അല്ലെങ്കില്‍ തന്നെ ഇവിടുത്തെ പല അവധികളുടെയും കാരണം ഇവിടുത്തുകാര്‍ക്കുപോലും വലിയ പിടിയില്ല :)
അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാലം വരുന്നുണ്ടോ? ഉത്തരായനകാലത്ത് സൂര്യൻ നേരേ മുകളിൽ വരുമ്പോഴും (ഏപ്രിൽ/മെയ്?)പിന്നെ ദക്ഷിണായനകാലത്ത് (ജൂലൈ/ഓഗസ്റ്റ്?) തിരിച്ച് വരുമ്പോഴും.
സീയെസ്,
സിബു മൂന്നു കൊല്ലം മുമ്പെഴുതിയ ഈ പോസ്റ്റു വായിക്കൂ.
ഷിജൂ, വായിക്കുന്നുണ്ടു്. പോസ്റ്റുകളെല്ലാം കൂടി ഒരു വഴിക്കാകട്ടേ, എന്നിട്ടു് ഒന്നിച്ചു് അഭിപ്രായം പറയാം എന്നു കരുതിയിട്ടാണു്.
അതുപോലെ, സൂര്യന്റെ ഡിസംബർ 22 മുതൽ ജൂൺ 22 വരെ ഉള്ള പ്രദിക്ഷണം വരച്ചാൽ ഭൂമിക്ക് 47 ഡിഗ്രി വീതിയിൽ ഒരു സ്പ്രിങ് വള ഇട്ട പോലെ ഉണ്ടാവും അല്ലേ?
ശരി തന്നെ സീയെസ് :-)
പ്രദിക്ഷണം അല്ല, പ്രദക്ഷിണം.
http://malayalam.usvishakh.net/blog/spelling-mistakes/.
ഉമേഷിന് ഇരട്ട ‘നിന്ദ‘. പ്രദിക്ഷിണം എന്നെഴുതിയത് വളരെ ആലോചിച്ച് തിരുത്തിയതായിരുന്നു.
സീയെസ്സേ, താങ്കളുടെ ചില്ല് ഇപ്പോഴും ചതുരമായാണ് കാണുന്നത്. മുമ്പ് പലപ്പോഴും പറയണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഈ ലിങ്ക് നോക്കൂ.
Seeyes said...
അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാലം വരുന്നുണ്ടോ?
സീയെസ്സ് ചേട്ടാ ഇതിനുള്ള ഉത്തരം ഋതുക്കളെക്കുറിച്ച് ഉള്ള പോസ്റ്റില്‍ പറയാം. ഋതുക്കളെക്കുറിച്ച് ഉള്ള പോസ്റ്റ് താമസിയാതെ തന്നെ ഇടും. അതിന് മുന്‍പ് അതിന് ആവശ്യമായ വിവരങ്ങള്‍ പരിചായപ്പെടുത്തുകയാണ്.
ഉമേഷേട്ടാ, സന്തോഷേട്ടാ നിങ്ങള്‍ക്കൊക്കെ ഇപ്പോള്‍ വരുന്ന പോസ്റ്റുകള്‍ വിരസമായി തോന്നാം. നിങ്ങള്‍ക്ക് ഈ വിഷയം അറിയുന്നത് കൊണ്ട് പ്രത്യേകിച്ച്. ക്ഷമിക്കുക. എന്തെങ്കിലും കാര്യപ്പെട്ടത് പറയുന്നതിന് മുന്‍പ് ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഒന്ന് പറഞ്ഞ് പോകാം എന്നു വിചാരിച്ചിട്ടാണ്. അല്ലെങ്കില്‍ ലിങ്ക് കൊടുക്കണം. അതോടെ പലരും വായന ഒഴിവാക്കും. കാരണം ലിങ്കുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആയിരിക്കും. മാത്രമല്ല അത് വിവരിച്ചിരിക്കുന്ന രീതി പോസ്റ്റുമായി പൊരുത്തപെട്ടെന്ന് വരില്ല. Genuine interest ഇല്ലാത്തവര്‍ അതോടെ ആ ഭാഗം ഒഴിവാക്കും. ക്ഷമിക്കുക.
Post a Comment