Friday, December 15, 2006

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം I - ആമുഖം

ഇനിയുള്ള കുറച്ചു പോസ്റ്റുകളില്‍ നക്ഷത്രപരിണാമം അഥവാ നക്ഷത്രങ്ങളുടെ ജീവചരിത്രം ആണ് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത്. പോപ്പുലര്‍ അസ്ട്രോണമി പുസ്തകങ്ങള്‍ പലപ്പോഴും നക്ഷത്രപരിണാമം തമോഗര്‍ത്തം (Black hole) എന്ന ഒരൊറ്റ വസ്തുവില്‍ കേന്ദ്രീകരിച്ച് പിന്നെ അതുമായി ബന്ധപ്പെട്ട കുറച്ച് ത്വത്വശാസ്ത്രവും പറഞ്ഞ് ഈ വിഷയത്തെ വഴിതിരിച്ചുവിടുകയാണ് പതിവ്. പൊതുവെ നക്ഷത്രപരിണാമത്തിന്റെ എല്ലാ ദശകളും ലളിതമായി വിവരിക്കുന്ന പുസ്തകങ്ങളും കുറവാണ്. ഉള്ളവ തന്നെ നക്ഷത്രത്തിന്റെ അന്ത്യദശയില്‍ കേന്ദ്രീകരിച്ച് ഒടുവില്‍ Black hole-ലേക്ക് വഴുതി വീണ് ഈ പ്രക്രിയകളുടെ പുറകിലുള്ള ശാസ്ത്രം പഠിപ്പിക്കാന്‍ വിട്ടുപോവുകയും ചെയ്യുന്നു.

എന്റെ ഉദ്ദേശം അതല്ല. നക്ഷത്രത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള ശാസ്ത്രം കുറച്ച് വിശദമായി കൈകാര്യം ചെയ്യാനാണ് എന്റെ എളിയ ശ്രമം.

അതിനു സഹായകരമായ ചില ഉപാധികള്‍ ആണ് കഴിഞ്ഞ 20 ഓളം പോസ്റ്റുകളില്‍ നമ്മള്‍ പരിചയപ്പെട്ടത്. പ്രത്യേകിച്ച് കഴിഞ്ഞ നാലഞ്ച് പോസ്റ്റുകളില്‍ പരിചയപ്പെട്ട HR ആരേഖവും നക്ഷത്രങ്ങളുടെ സ്‌പെക്ട്രല്‍ വര്‍ഗ്ഗികരണവും ഒക്കെ ഇനി നമുക്ക് ഇടയ്ക്കിടക്ക് പരാമര്‍ശിക്കേണ്ടി വരും. അതിനാല്‍ അത് വായിച്ചിട്ടില്ലാത്തവര്‍ അത് വായിച്ചിട്ട് നക്ഷത്രപരിണാമത്തിന്റെ ഈ ലേഖനപരമ്പരയിലേക്ക് വരാന്‍ അപേക്ഷ.

ബ്ലോഗ് ആയതു കൊണ്ട് നമുക്ക് പുസ്തകങ്ങള്‍ക്ക് ഇല്ലാത്ത പല സൌകര്യവും ഈ വിഷയം പഠിക്കുമ്പോള്‍ ഉണ്ട്. നമുക്ക് സമയമോ സ്ഥലമോ സൌകര്യമോ വായനക്കാരുടെ എണ്ണമോ ഒന്നും ഒരു പ്രശ്നമല്ല. മാത്രമല്ല ധാരാളം ചിത്രങ്ങളും അനിമേഷനുകളും മറ്റും ഉപയോഗിക്കാമെന്ന സൌകര്യവും ഇവിടെ ഉണ്ട്. സംശയം കമെന്റുകള്‍ ആയി ചോദിക്കുവാന്‍ ഉള്ള സൌകര്യം ഉണ്ട്. ലേഖനത്തില്‍ തെറ്റു വന്നാല്‍ അത് തിരുത്തി പുനഃ‍പ്രസിദ്ധീകരിക്കുവാന്‍ ഉള്ള സൌകര്യം ഉണ്ട്. മാത്രമല്ല പിന്നിട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണം എന്നു തോന്നിയാല്‍ അതിനുള്ള സൌകര്യവും ഉണ്ട്. അതിനാല്‍ തന്നെ നക്ഷത്രപരിണാമത്തിന്റെ എല്ലാ ദശകളും സാമാന്യം വിശദമായി എന്നാല്‍ ഗണിതം ഉപയോഗിക്കാതെ (കഴിയുന്നതും) ലളിതമായി വിവരിക്കുവാന്‍ ആണ് എന്റെ എളിയ ശ്രമം. അതിനാല്‍ തന്നെ “നക്ഷത്ര പരിണാമത്തിന്റെ” ഈ പോസ്റ്റുകള്‍ ഏഴോളം ഭാഗം വരുന്ന തുടരന്‍ ആയിരിക്കും (എത്ര പോസ്റ്റ് കൊണ്ട് ഈ വിഷയം പൂര്‍ണ്ണമായി വിശദീകരിക്കാന്‍ പറ്റും എന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ എനിക്കാവുന്നില്ല. എങ്കിലും ഒരു ഏഴു പോസ്റ്റുകൊണ്ട് തീര്‍ക്കാന്‍ പറ്റും എന്നാണ് എന്റെ അനുമാനം.)

ആമുഖം

ഒരു നക്ഷത്രം എങ്ങനെ ജനിക്കുന്നു. അത് എങ്ങനെ ജീവിക്കുന്നു? അതിന്റെ അവസാനം എങ്ങനെ? നക്ഷത്രത്തിന്റെ ജീവിതകഥകളിലേക്ക് ഒരു എത്തി നോട്ടമാണ് ഇനിയുള്ള കുറച്ചു ലേഖനങ്ങള്‍.

ജീവിതകഥകളോ? അതേ നക്ഷത്രങ്ങളുടെ ജീവിത കഥ അതിന്റെ ദ്രവ്യമാനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും ഒരേ ജീവിത കഥയല്ല പറയാനുള്ളത്.

നക്ഷത്രങ്ങളെകുറിച്ചുള്ള പഠനത്തില്‍ ഏറ്റവും രസകരമായത് അവയുടെ പരിണാമത്തെ കുറിച്ചുള്ള പഠനമാണ്. ഒരു നക്ഷത്രത്തെ മാത്രം പഠിച്ച് നക്ഷത്രങ്ങളുടെ ജീവചരിത്രം ഉണ്ടാക്കാന്‍ നമുക്ക് പറ്റില്ല. കാരണം നക്ഷത്രത്തിന്റെ ജീവിത ദൈര്‍ഘ്യം മനുഷ്യവര്‍ഗ്ഗത്തിന്റേയോ നമ്മുടെ ഭൂമിയുടെ തന്നെയോ പ്രായത്തേക്കാള്‍ എത്ര എത്രയോ ഇരട്ടിയാണ്. അതിനാല്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ വിവിധ ജീവിത ഘട്ടങ്ങളില്‍ ഉള്ള പല പല നക്ഷത്രങ്ങളുടെ ജീവിതം പഠിച്ച് ഈ പഠനങ്ങള്‍ ക്രോഡീകരിച്ചാണ് അവയുടെ ജീവിത കഥ മെനഞ്ഞെടുത്തത്.

ആദ്യം നക്ഷത്രങ്ങള്‍ക്ക് എങ്ങനെയാണ് നമ്മളെപോലെ ജനനവും ജീവിതവും മരണവും ഉണ്ടെന്നും, പല തരം നക്ഷത്രങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത് എന്നും നോക്കാം. ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ഒരു അന്യഗ്രഹ ജീവി ഭൂമിയില്‍ സന്ദര്‍ശനത്തിനു വന്നു എന്നിരിക്കട്ടെ. അവര്‍ ആദ്യം കുറച്ച് ഇരു കാലികളെ ആവും കാണുക. രൂപത്തിലും ഭാവത്തിലും എല്ലാം ഒരേ പോലെ ഇരിക്കുന്നവര്‍. (സിനിമകളില്‍ അന്യഗ്രഹ ജീവികള്‍ക്കു ഒരേ രൂപവും ഭാവവും ഉള്ളതു പോലെ.) എന്നാല്‍ കുറച്ച് ശ്രദ്ധിച്ചു പഠിക്കുമ്പോള്‍ ഈ ഇരുകാലികള്‍ രണ്ട് തരം ഉണ്ടെന്ന് അവര്‍ക്ക് മനസ്സിലാകുന്നു. ആണും പെണ്ണും. പിന്നീട് അവരില്‍ കറുത്തവരും വെളുത്തവരും ഉണ്ടെന്നു മനസ്സിലാകുന്നു. കുറച്ച് കൂടി ശ്രദ്ധിച്ചു പഠിക്കുമ്പോള്‍ ഇവരില്‍ വിവിധ പ്രായത്തില്‍ ഉള്ളവര്‍ ഉണ്ടെന്ന് മനസ്സിലാകുന്നു. കുഞ്ഞുങ്ങള്‍, ബാലര്‍, കൌമാരക്കാര്‍, യൌവനക്കാര്‍, മദ്ധ്യവയസ്കര്‍, വൃദ്ധര്‍ എന്നിങ്ങനെ. വൃദ്ധര്‍ പെട്ടന്ന് മരിക്കുന്നു.ചില ഗര്‍ഭധാരണം ചാപിള്ള ആയി പോകുന്നു. വേറെ ചിലര്‍ അകാലത്തില്‍ ചരമമടയുന്നു. ഇതൊക്കെ ഓരോന്നും സൂക്ഷമായി പഠിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാക്കുന്നു.

അപ്പോള്‍ ഇത്രയും പറഞ്ഞത് ഒരു വര്‍ഗ്ഗത്തിന്റെ ജീവിത കഥ അറിയണമെങ്കില്‍ ആ വര്‍ഗ്ഗത്തെ മൊത്തമായി സൂക്ഷ്മമായി പഠിച്ചാല്‍ മതി.

ജ്യോതിശാസ്ത്രജ്ഞന്മാരും ചെയ്തത് ഇതു തന്നെയാണ്. വിവിധ ജീവിതഘട്ടങ്ങളില്‍ ഉള്ള നിരവധി നക്ഷത്രങ്ങളെ കുറിച്ച് പഠിച്ച് അവര്‍ നിഗമനങ്ങളില്‍ എത്തി ചേര്‍ന്നു. ഇങ്ങനെ പഠിച്ചപ്പോള്‍ അവര്‍ എത്തിചേര്‍ന്ന നിഗമനങ്ങള്‍ ചേര്‍ത്തു വച്ചപ്പോള്‍ നക്ഷത്ര പരിണാമത്തിനു നാലു സുപ്രധാന ഘട്ടങ്ങള്‍ ഉണ്ടെന്നു മനസ്സിലായി. അവ താഴെ പറയുന്ന ആണ്.

  1. പ്രാങ് നക്ഷത്ര ദശ (Protostar phase)
  2. മുഖ്യധാര ദശ (Main Sequence phase)
  3. മുഖ്യധാരാനന്തര ദശ (Post Main Sequence phase)
  4. അന്ത്യ ദശ (End phase)

ഇത് നമ്മുടെ ജീവിതത്തിലെ ശൈശവം, യുവത്വം, മദ്ധ്യവയസ്സ്, വാര്‍ദ്ധക്യം എന്നീ നാല് ഘട്ടങ്ങളോട് ഒരു പരിധി വരെ തുലനം ചെയ്യാം.

തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ഇവ ഒരോന്നിനേയും നമുക്ക് വിശദമായി പരിചയപ്പെടാം. പോസ്റ്റുകളില്‍ അവിടവിടെ ഭൌതീക ശാസ്ത്രത്തിലെ ചില സംജ്ഞകളെ പരാമര്‍ശിക്കേണ്ടി വരും. കഴിയുന്നതും ലളിതമായ ഭാഷയില്‍ ഗണിതമില്ലാതെ ഓരോന്നും നമുക്ക് പരിചയപ്പെടാം.

32 comments:

saptavarnangal said...

നക്ഷത്രങ്ങളുടെ ജീവിതകഥ പഠിക്കുവാന്‍ ഞാനും ക്ലാസ്സില്‍ കയറിയിട്ടുണ്ടേ, ലളിതമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില്‍ ഞാന്‍ നക്ഷത്രങ്ങളെ കുറിച്ച് മനസ്സിലാ‍ക്കട്ടെ!:)

Peelikkutty!!!!! said...

ഹായ്..നച്ചത്തരം..എനിച്ചും പഠിക്കണം!!!

മാഷെ,അവസാനം എന്നെ കൊണ്ട് നക്ഷത്രമെണ്ണിക്കരുത് :)

Reshma said...

അറിയാന്‍ കാത്തിരിക്കുന്നു.

qw_er_ty

chithrakaranചിത്രകാരന്‍ said...

ഇവിടെ ചിത്രകാരന്‍ ആദ്യമായി വരികയാണ്‌. വളരെ ലളിതമായും ഹൃദ്യമായും വിരസമായെക്കാവുന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്തുകാണുന്നതില്‍ സന്തോഷിക്കുന്നു. വിദ്യാര്‍ത്ഥിയായി ഇവിടെ ചിത്രകാരന്‍ പ്രവേശിക്കട്ടെ !!!

കല്ലേച്ചി|kallechi said...

മാഷേ, എനിക്കൊരു സംശയമുണ്ട്. കൊറേകാലമായി കൊണ്ടു നടക്കുന്നു. ഓരോന്നിനും അതേപറ്റി വിവരമുള്ളവരോടു ചോദിക്കുന്നതാണല്ലോ നല്ലത്.
ആല്ബര്ട്ട് ഐൻസ്റ്റൈന്റെ വിഖ്യാതമായ ഇക്വേഷനുണ്ടല്ലോ. E=MC2. ഇതിൽ സി എന്നാൽ പ്രകാശവേഗം. ഈ വേഗത്തിനപ്പുരം കടക്കാൻ ഒന്നിനും സാധയമല്ല എന്ന് അദ്ദേഹം സ്ഥാപിച്ചിട്ടുണ്ടല്ലൊ. എൻകിൽ c2 എന്ന ഒരിക്കലും സംഭവിക്കാത്ത ഒരു വേഗം കൊണ്ട് അദ്ദേഹം എങനേയയിരിക്കും ആപേക്ഷിക സിദ്ധാന്തം തെളിയിച്ചിട്ടുണ്ടാവുക

ഷിജു അലക്സ്‌‌: :Shiju Alex said...

നല്ല ചോദ്യം. ഇതിനുള്ള വിശദമായ ഉത്തരം പിന്നീട് ആപേക്ഷിക സിദ്ധാന്തത്തെ പറ്റി ഒരു പോസ്റ്റ് ഇടുമ്പോള്‍ വിശദീകരിക്കാം.

പിന്നെ E=MC^2 = ആപേക്ഷികത സിദ്ധാന്തം അല്ല. അങ്ങനെ ഒരു തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ടെന്നു തോന്നുന്നു. ഒരു നിശ്ചിത അളവ് പിണ്ഡത്തില്‍ നിന്നു എത്ര ഊര്‍ജ്ജം ലഭിക്കും എന്നു കാണുന്നതിനുള്ള സമവാക്യം ആണ് അത്. അതായത് ഊര്‍ജ്ജത്തെ പിണ്ഡമായും, പിണ്ഡത്തെ ഊര്‍ജ്ജമായും മാറ്റാം. അവിടെ ഈ c (പ്രകാശ വേഗം) എന്ന constant-ന്റെ പ്രാധാന്യം പോസ്റ്റില്‍ വിശദീകരിക്കാം. ആപേക്ഷികസിദ്ധാന്തത്തില്‍ c യ്ക്കുള്ള പ്രാധാന്യവും അപ്പോള്‍ വിശദീകരിക്കാം.

ഈ വേഗത്തിനപ്പുരം കടക്കാൻ ഒന്നിനും സാധ്യയമല്ല എന്ന് അദ്ദേഹം സ്ഥാപിച്ചിട്ടുണ്ടല്ലൊ.
നമ്മുടെ സുദര്‍ശന്‍ ഒക്കെ പറ്റുന്നത് കടക്കാന്‍ സാധിക്കും എന്നാണ്. ഇത്തരം കണികകളെ ടാക്കിയോണുകള്‍ എന്നാണ് വിളിക്കുന്നത്. അതൊക്കെ പിന്നീട് വിശദീകരിക്കാം

വിശ്വേട്ടാ, ഡാലി നമുക്ക് ഒരു കൂട്ടായ്മ ബ്ലോഗ് തുടങ്ങിയാലോ. എല്ലാം കൂടി കവര്‍ ചെയ്യാന്‍ എന്നേം കൊണ്ട് പറ്റില്ലേ. ജോലിരാജി വെച്ച് ബോഗ് എഴുത്ത് ഫുള്‍ ടൈം ആക്കേണ്ടി വരും.

താര said...

ഈ പോസ്റ്റ് വായിച്ചില്ലെങ്കില്‍പ്പിന്നെ ഞാന്‍ താരാ താരാന്ന് പറഞ്ഞ് നടന്നിട്ടെന്തിനാ? താരങ്ങളുടെ ജീവചരിത്രം എനിക്കും പഠിക്കണം!!!

ഷിജുവിന്റെ ബ്ലോഗ് ഈ ബൂലോകത്തിലെ ഏറ്റവും വിജ്ഞാനപ്രദമായ ബ്ലോഗുകളിലൊന്നാണ്. ഒരുപാട് സമയം കിട്ടുമ്പോള്‍ നല്ലോണം ഇരുന്ന് വായിക്കണമെന്ന് ആഗ്രഹിച്ചിട്ടുള്ള ഒന്ന്. എന്നെങ്കിലും അതിന് കഴിയുമെന്ന് വിചാരിക്കുന്നു. :)

Sunil said...

"ജോലിരാജി വെച്ച് ബോഗ് എഴുത്ത് ഫുള്‍ ടൈം ആക്കേണ്ടി വരും."- shiju, anganeyenkil oru sukhavumuNTaakillya vaayanakk~. appO athEppati chinthikkENTaa. People will ask questions, natural. That shows your quality.
Keep it up. Hope you are keeping bakcup of you blog posts. (Dont trust blogger) Like VM's book, we should make this as a ebook. ITLokam magazine is distrubuting a CD with their magazine and we should try to include some part of this or full ebook. This CD mainly for school kids (IT@school)
thaankaL ethra mahaththaaya kaaryamaaN~ cheyyunnathennaRiyumO? blOg saarthhakamaakunnathinganeyokkeyaaN~. (Sorry ofr manglish-No malayalam in this computer) -S-

Vempally|വെമ്പള്ളി said...

ഷിജൂ, ഷിജൂന്‍റെ ലേഖനങ്ങളൊക്കെ വളരെ ഇന്‍ററസ്റ്റിങ്ങ് ആണല്ലൊ. നല്ല ശ്രമം
പണ്ട് വീടിന്‍റെ മുന്‍പില്‍ കൂടിയുള്ള വഴിയില്‍ 8 മണിക്കു ശേഷം വണ്ടികളൊന്നും പൊകാനില്ലാതിരുന്ന കാലം ടാര്‍ റൊഡില്‍ മലന്നു കിടന്നും കലുങ്കിന്‍റെ മുകളില്‍ കിടന്നും നക്ഷത്ര നിരീക്ഷണം നടത്തിയിട്ടുള്ളതല്ലാതെ കൂടുതല്‍ പഠിക്കാനൊന്നും നോക്കീട്ടില്ല.അന്നു ഇടക്കിടക്ക് മര്‍മ്മസ്ഥാനങ്ങളില്‍ കുത്തുതന്നിരുന്ന പഴുതാരകളെ ശല്യപ്പെടുത്താനുണ്ടായിരുന്നുള്ളു ഇന്നിപ്പൊ നൂറുകൂട്ടം പ്രശ്നങ്ങള്‍ എന്നാലും ഷിജൂന്‍റെ ലേഖനങ്ങള്‍ സമയമുണ്ടാക്കി വായിക്കണം.

ഉമേഷ്ജീയെക്കൂടി കൂട്ടിക്കോളൂ ഒരുപാടു കാര്യങ്ങള്‍ തലക്കുള്ളില്‍ വച്ചു കൊണ്ടു നടക്കുന്ന ആളാണ് തീര്‍ച്ചയായും ഇതിനും കൂട്ടാം.

ഡാലി said...

ഷിജു പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്ട്ടൊ. ജ്യോതിശാസ്ത്രം മനസ്സിലാക്കാന്‍ എനിക്ക് ഭയങ്കര പാടാ. ഇത് നല്ല ലളിതമായി എഴുതിയിരിക്കുന്നു. ഏറ്റവും സമ്മതിക്കണ്ട ഒരു കാര്യം പദങ്ങളെ മലയാളീകരിച്ച് എഴുതാനുള്ള ഷിജുവിന്റെ കഴിവാണ്. വളരെ വളരെ അഭിനന്ദനീയം.

കല്ലേച്ചി, ‍തിയറി ഓഫ് റിലേറ്റിവിറ്റിയിലെ c പ്രകാശത്തിന്റെ വാക്വം (ശൂന്യത)യിലുള്ള വേഗതയാണ്. അത് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ്ട് റിലേറ്റിവിറ്റി തിയറിയില്‍ തെറ്റ് വരുന്നത് എന്ന് തോന്നുന്നു (അല്ലെങ്കില്‍ മനസ്സിലക്കനിള്ള പ്രയാസം). ഇന്നാളൊരിക്കല്‍ ഒരാള്‍ ഇതേ സംശയം ചോദിച്ചിരുന്നു. പ്രകാശത്തിനു ഓരോ മാധ്യമത്തിലും ഓരോ വേഗത ആയിരിക്കും. വെള്ളത്തില്‍ ഒന്ന്, വായുവുല്‍ മറ്റൊന്ന് എന്നിങ്ങനെ. ഇതൊക്കെ ആ മാധ്യമത്തില്‍ മാത്രം സ്ഥിരമയിരിക്കും. ഏറ്റവും കൂടിയ വേഗത വാക്വത്തിലാണ്. അതാണ് നമ്മള്‍ സമവാക്യങ്ങളില്‍ ഉപയോഗിക്കുന്ന പ്രകാശവേഗത c.

“എൻകിൽ c2 എന്ന ഒരിക്കലും സംഭവിക്കാത്ത ഒരു വേഗം കൊണ്ട് അദ്ദേഹം എങനേയയിരിക്കും ആപേക്ഷിക സിദ്ധാന്തം തെളിയിച്ചിട്ടുണ്ടാവുക“

സി എന്നാല്‍ ഒരിക്കലും സംഭവിക്കാത്ത വേഗമല്ല എന്നു മനസ്സിലായല്ലോ. അതു ശൂന്യതയിലെ വേഗമാണ്.

(തിയറി ഓഫ് റിലേറ്റിവിറ്റി അറിയാം എന്ന് കരുതിയാണ് ഇതെഴുതിയിരിക്കുന്നത്. അല്ലെങ്കില്‍ ആദ്യമേ അത് പറയണം. അത് ഷിജു പറയും ;))

സു | Su said...

ഷിജൂ :) ലേഖനം വായിക്കുന്നുണ്ട്. കുറേയൊന്നും മനസ്സിലാവില്ല. എന്നാലും. ഇവിടെ ബ്ലോഗില്‍ ആയതുകൊണ്ട് മാത്രം ആണ് ഞാന്‍ വായിക്കുന്നത്.
എനിക്ക് വായിച്ചാല്‍ മനസ്സിലാവുമെന്ന് കരുതിക്കൊണ്ട് അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു.

നന്ദി.

ജ്യോതിര്‍മയി said...

ഡാലീ, ഷിജൂ

പ്രകാശവേഗം c ഒരിയ്ക്കലും സംഭവിയ്ക്കാത്ത വേഗമാണെന്ന് ആരും പറഞ്ഞില്ല. പ്രകാശത്തിന്റെ ഏറ്റവും കൂടിയ വേഗം ശൂന്യത എന്നു നമ്മള്‍ വിളിയ്ക്കുന്ന തലത്തില്‍ ആണെന്നു പറഞ്ഞു. പിന്നെ അതിനേക്കാല്‍ കൂടിയ ഒന്നിനെ c^2 എന്നു പറയുമ്പോള്‍ എന്താണ്‌ അര്‍ഥമാക്കേണ്ടത്‌ എന്നൊരു ചോദ്യം എന്റെ മനസ്സിലും ഉണ്ടായിരുന്നു.

ജ്യോതിര്‍മയി said...

ഷിജൂജീ,

താരേടേം സൂന്റേം ഡാലീടെം ഒക്കെ പിന്നില്‍ ഞാനിരിയ്ക്കുന്നുണ്ട്‌, ക്ലാസ്സില്‍, ട്ടോ.
അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു. മുന്‍പുള്ള പോസ്റ്റുകളൊന്നും വായിച്ചിട്ടില്ല(മനസ്സിലാവുമോ എന്നു സംശയമാണേ). തുടര്‍ലേഖനങ്ങളില്‍ ലിങ്കുകൊടുത്താല്‍ അപ്പോള്‍ വായിച്ചുനോക്കാം ഓരോന്നായി, എന്തെങ്കിലുമൊക്കെ മനസ്സിലാവേര്‍ക്കും.
നന്ദി

Vempally|വെമ്പള്ളി said...

ജ്യൊതിര്‍മയീ, ഇതെന്താ വിമന്‍സ് കോളെജാണോ?
ഷിജൂ ഓ.മാ.

ജ്യോതിര്‍മയി said...

വെമ്പള്ളീ,

അല്ലല്ല, 'ലേഡീസ്‌ ഫസ്റ്റ്‌' എന്നല്ലേ. താര, സൂ, ഡാലി, രേഷ്മ, പീലീസ്‌,ഞാന്‍... പിന്നെ നിങ്ങളൊക്കെ :)

(ഓ.പു:))

വല്യമ്മായി said...

ഞാനും വരട്ടെ ലാസ്റ്റ് ബെഞ്ചിലിരുന്നു പൂജ്യം വെട്ടി കളിക്കാം

ഷിജൂ ഓഫിന്‌ മാപ്പ്,എല്ലാം വായിക്കുന്നുണ്ട്ട്ടാ

ഡാലി said...

ജ്യോതി, സത്യമായും ചോദ്യം മനസ്സിലായില്ല :(

പ്രകാശവേഗത്തേക്കാള്‍ (ശ്യൂന്യതിയിലെ വേഗത്തേക്കാള്‍) സഞ്ചരിക്കുന്ന കണങ്ങളും ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. അതാണ് ഷിജു പറഞ്ഞ ടാക്കിയോണ്‍സ് (അങ്ങനെയല്ലേ ഷിജു?)

ഇവിടെ സി സ്വകര്‍ എന്ന് പറയുമ്പോള്‍ അത് ഒരു വേഗത ആയല്ല, പകരം E=MC^2 എന്ന സമവക്യത്തിലെ ഒരു കോണ്‍സ്റ്റന്റ് എന്നാണ് മനസ്സിലക്കേണ്ടത്. നമ്മുടെ പ്ലങ്ക്സ് കൊണ്‍സ്റ്റന്റ് ഒക്കെ പോലെ. സി ഒരു നിശ്ചിത സംഖ്യ (കോണ്‍സ്റ്റന്റ്) ആണല്ലോ. അതുപോലെ C^2 ഉം ഒരു കോണ്‍സ്റ്റന്റ് ആണ് ഇവിടെ

ചോദ്യം ഒന്നൂടെ വ്യകതമാക്കിയാല്‍ ഉത്തരവും വ്യക്തമാക്കാന്‍ ശ്രമിക്കാം

saptavarnangal said...

വെമ്പള്ളീ,
ഏറ്റവും ആദ്യം ക്ലാസ്സില്‍ കയറിയതു ഞാനാ.. കണ്ടിലായിരുന്നോ?:(

ഈശ്വരാ, ഇതു എന്റെ പഴയ MSc ക്ലാസ്സു പോലെ ആകുമോ? 14 പെണ്‍പിള്ളേരും ഞാന്‍ ഒരൊറ്റ ആണും! അതു കൊണ്ടാണെന്നും തോന്നുന്നു പണ്ട് പഠിച്ചതാ ഇതൊക്കെ, ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല!

ഓ മാ

ഷിജു അലക്സ്‌‌: :Shiju Alex said...

പ്രകാശവേഗത്തേക്കാള്‍ (ശ്യൂന്യതിയിലെ വേഗത്തേക്കാള്‍) സഞ്ചരിക്കുന്ന കണങ്ങളും ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. അതാണ് ഷിജു പറഞ്ഞ ടാക്കിയോണ്‍സ് (അങ്ങനെയല്ലേ ഷിജു?)

ടാക്കിയോണ്‍സ് ഇപ്പോളും തിയറക്ടിക്കലാണ്. കണത്തെ കണ്ടെത്തിയിട്ടൊന്നും ഇല്ല എന്നാണ് എന്റെ അറിവ്. (ഞാന്‍ M.Sc ഒക്കെ പഠിച്ചതിനു ശേഷം ആ പുഴയിലൂടെ ഒരു പാട് വെള്ളം ഒഴുകി പോയിരിക്കുന്നു.) പക്ഷെ എന്റെ അറിവില്‍ അങ്ങനെ ഒരു കണത്തെ ഇതു വരെ കണ്ടെത്തിയിട്ടില്ല.

ഷിജു അലക്സ്‌‌: :Shiju Alex said...

ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട് “പിണ്ഡം” ഉള്ള ഒരു കണികയ്ക്കും പ്രകാശവേഗം പ്രാപിക്കാന്‍ പറ്റില്ല. അതാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്. അല്ലാതെ പ്രകാശവേഗത്തേക്കാള്‍ ഒരു കണികയ്ക്കും സഞ്ചരിക്കാന്‍ പറ്റില്ല എന്നല്ല.

കലേഷ്‌ കുമാര്‍ said...

ഷിജു, വെരി ഗുഡ്!

കല്ലേച്ചി|kallechi said...

എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേഗത്തെകുറിച്ചല്ല. ശൂന്ന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന വേഗം ഏതണ്ട് 299714 കി മി പര് സെക്കന്റ് എന്നതാണല്ലൊ. ശൂന്ന്യതയിൽ സഞ്ചരിക്കുന്ന ഈ വേഗത്തെ ഏതു മധ്യമത്തിലൂടെ അധികരിപ്പിക്കനാവും? ആവില്ല. അതായത് പ്രകാശത്തിനു കൂടിയാൽ മേല്പരഞ വേഗതയേ കൈവരിക്കാനാവൂ. മാത്രമല്ല ബീറ്റാകണ പ്രതിപ്രവർത്തനം മൂലം മറ്റൊന്നിനും വിശേഷിച്ചും പിണ്ടമുള്ള, ഈവേഗം മറികടക്കാനാവില്ല. ടോക്കിയോണുക്കളും സുദറ്ശനനും തൽക്കാലം അവിടെ നിൽക്കട്ടെ. എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?

കല്ലേച്ചി|kallechi said...

അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം)അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ.

ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.

വക്കാരിമഷ്‌ടാ said...

എത്ര authentic ആണെന്നറിയില്ല, ഈ ലിങ്ക് ഒന്ന് വായിച്ച് നോക്കിക്കേ

ഷിജു അലക്സ്‌‌: :Shiju Alex said...

കല്ലേച്ചി|kallechi said...
എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേഗത്തെകുറിച്ചല്ല. ശൂന്ന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന വേഗം ഏതണ്ട് 299714 കി മി പര് സെക്കന്റ് എന്നതാണല്ലൊ. ശൂന്ന്യതയിൽ സഞ്ചരിക്കുന്ന ഈ വേഗത്തെ ഏതു മധ്യമത്തിലൂടെ അധികരിപ്പിക്കനാവും? ആവില്ല. അതായത് പ്രകാശത്തിനു കൂടിയാൽ മേല്പരഞ വേഗതയേ കൈവരിക്കാനാവൂ. മാത്രമല്ല ബീറ്റാകണ പ്രതിപ്രവർത്തനം മൂലം മറ്റൊന്നിനും വിശേഷിച്ചും പിണ്ടമുള്ള, ഈവേഗം മറികടക്കാനാവില്ല. ടോക്കിയോണുക്കളും സുദറ്ശനനും തൽക്കാലം അവിടെ നിൽക്കട്ടെ. എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?

Saturday, December 16, 2006 6:19:42 PM
കല്ലേച്ചി|kallechi said...
അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം)അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ.

ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.

Saturday, December 16, 2006 6:31:58 PM


Kallechi

I will give a detailed reply on monday when I am back in office. Hope I am able to answer all your questions in that reply. Right now I am checking the blog from a browsing centre where I cannot type malayalam

Shiju

കല്ലേച്ചി|kallechi said...

thank you shiju

കൈയൊപ്പ്‌ said...

കല്ലേച്ചി, ഈ സമവാക്യത്തിലെ c എന്നതിനെ പ്രകാശവേഗതയുടെ Unit ല്‍ എടുക്കുന്നതു കൊണ്ടാണു ആശയക്കുഴപ്പം ഉണ്ടായത്‌ എന്നു തോന്നുന്നു. c^2 ന്റെ കേവല മൂല്യം മാത്രമാണു ഇവിടെ പരിഗണിക്കുന്നത്‌.

'അസംഭാവ്യ വേഗം' കാവ്യാത്മക സങ്കല്‍പ്പം 'വേഗത' എന്ന 'ഗുണത്തെ' മാറ്റി നിര്‍ത്തിയാല്‍ തീര്‍ന്നില്ലേ കല്ലേചി.

Lorentz transformation equations ലും Doppler effect ലും ഈ പരാമീറ്ററിനെ ഫലപ്രദമായി ഉപയോഗിക്കുന്നുട്‌.

Ref: http://www.serve.com/herrmann/einx.htm

കല്ലേച്ചി|kallechi said...

കയ്യൊപ്പേ പ്രശ്നം അതല്ല. നാം ഭൌതികശാസ്ത്രത്തില് പരിഗണിക്കുന്ന മുഴുവന് ദത്തങളും (datas)ഉള്ളതായിരിക്കണം. സന്കല്പം പോലും ഉള്ളതിനെ വെച്ചാണ്. രൂപ എന്നതുകണ്ടു പിടിക്കാത്ത് ആദാമിന്റെ കാലത്തെ ഒരുമനുഷ്യനെ പണം കട്ടു എന്ന പേരിൽ അറസ്റ്റു ചെയ്യരുത്. ഇതിന്റെ വിശദീകരണം അന്വേഷണം എന്ന ബ്ലോഗിൾ നമ്മുടെ മാഷ് ഇട്ടിറ്റുണ്ട്. ഞാനത് കോപ്പി എടുത്തിട്ടേയുള്ളൂ. വായിച്ചു നോക്കണം. ബ്ലോഗു പോലെ തന്നെ ഇതിൽ വരുന്ന കമണ്ടുകളും വളറ്രെ പ്രാധാനപ്പെട്ടതാണ് എന്നതിനാൾ എന്റെ ചോദ്യത്തിന് ഉത്തരം പറയുന്ന എല്ലാവരോറ്ടും എനിക്ക് കടപ്പാടുണ്ട്. ഈ ചോദ്യവുമായി ഞാൻ സ്റ്റീഫൻ ഹോകിങ്സിനെ തന്നെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

പിണ്ടം ഇല്ലാത്ത ഒരു സാധനമാണ് ഈ പ്രകാശം എന്നു പറയുന്നത്. ഇതിനെ ഉരളിലിട്ടിടിച്ചാൽ എന്തൊക്കെ കിടുമായിരിക്കും. ഞാൻ അറിയാൻ ശ്രമിച്ചത് പ്രകാശത്തിന്റെ വേഗതയായ c അതിനപ്പുറം അതായത് c xc ഈ അവസ്ഥയെന്തായിരിക്കും. സി തന്നെ അപ്രാപ്യമായ സ്ഥിതിക്ക് സി ക്ക് അപ്പുറമുള്ളതിനെ എങനേ പരിഗണിക്കും?

സി യെ അതിക്രമിക്കാൻ പിണ്ടമുള്ള ഒന്നും ശ്രമിക്കേണ്ടതില്ല. അപ്പോള് ബീറ്റാ പ്രതിപ്രവർത്ത്നം അതിന് സ്പീഡ് ഗവേർണറ് സ്ഥാപിക്കും. അതിനാൽ പിണ്ഡം നാം പരിഗണിക്കേണ്ടതില്ല.

ഒരുപക്ഷേ എന്റെ വിവരക്കേടാകാം. പലറ്ക്കും ഇതൊക്കെ അറിയുമായിരിക്കും.

ഷിജു അലക്സ്‌‌: :Shiju Alex said...

ഈ പോസ്റ്റില്‍ കല്ലേച്ചിയും മറ്റുള്ളവരും ഉന്നയിച്ച സംശയങ്ങളും അഭിപ്രായങ്ങള്‍ക്കും ഉള്ള മറുപടി ആയി എഴുതിയ ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്. ഈ വിഷയത്തിലുള്ള എല്ലാ സംവാദങ്ങളും അവിടെ നടത്താന്‍ അപേക്ഷ. നന്ദി.

പുഴയോരം said...

ഷിജു,
ഈ പോസ്റ്റ് വായിച്ചപ്പോഴാണ്, തൊട്ടു മുന്‍പത്തെ പോസ്റ്റിലെ എച്.ആര്‍. ആരേഖത്തിന്റെ പ്രത്യേകത കൃത്യമായി മനസില്ലായത്.

നക്ഷത്രങ്ങള്‍ പ്രായത്തിനനുസരിച്ചാണ് എച്. ആര്‍. ആരേഖത്തില്‍ ഓരോ ഗ്രൂപ്പുകളായി നില്‍ക്കുന്നതെന്ന് എനിക്ക് അനുമാനിക്കാമല്ലോ അല്ലേ?

ഷിജു അലക്സ്‌‌: :Shiju Alex said...

പുഴയോരം,

അതെ വളരെ ശരിയാണ്. കുറച്ച് പേരെങ്കിലും പോസ്റ്റുകള്‍ കൃത്യമായും മനസ്സിലാക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. HR ആരേഖം നമ്മളുടെ പഠനത്തിനു അത്യാവശ്യം വേണ്ട ഒന്നാണ്. അതിനാലാണ് അതിനെ ഈ പോസ്റ്റിനു മുന്‍പ് പരിചയപ്പെടുത്തിയത്.

Joymon said...

ഇത് മലയാളത്തിൽ ഒരു ബുക്ക്‌ ആക്കിക്കൂടെ? പ്രസാധകരുടെ കയ്യും കാലും ഇപ്പോൾ പിടിക്കേണ്ട. ഓൺലൈൻ വഴി പബ്ലിഷ് ചെയ്യാം. gitbook.com, leanpub.com തുടങ്ങി കുറെ സൈറ്റുകൾ ഉണ്ട്.