Thursday, August 17, 2006

രാഹുവും കേതുവും എന്താണ്?

പ്ലൂട്ടോയ്ക്ക്‌ ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ രാഹുവും കേതുവും ഗ്രഹങ്ങളല്ല എന്ന്‌ പറഞ്ഞിരുന്നുല്ലോ. എന്താണ് രാഹു കേതുക്കള്‍ എന്ന്‌ ഈ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു.

രാശിചക്രത്തിലൂടെ‍ സൂര്യന്‍ സഞ്ചരിക്കുന്ന പാത (സൂര്യപഥം) ഖഗോളം നക്ഷത്രരാശികള്‍ എന്ന പോസ്റ്റില്‍ ഉള്ള ചിത്രത്തില്‍ കാണിച്ചിരുന്നുവല്ലോ. ചന്ദ്രനും രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നത്‌ എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രന്‍ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളില്‍ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മള്‍ രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. ചിത്രം ശ്രദ്ധിക്കുക. ‍



രാഹുകേതുക്കള്‍


ചന്ദ്രന്‍ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂര്‍വ്വികര്‍ രാഹു എന്ന്‌ വിളിച്ചു. ഇംഗ്ലീഷില്‍ Ascending Node . ഇതിന്റെ നേരെ എതിര്‍വശത്ത്‌ ചന്ദ്രന്‍ വടക്ക്‌ നിന്ന്‌ തെക്കോട്ട് സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂര്‍വ്വികര്‍ കേതു എന്ന്‌ വിളിച്ചു. ഇംഗ്ലീഷില്‍ Descending Node.

വിഷുവങ്ങളുടെ പുരസ്സരണം എന്ന പോസ്റ്റില്‍ സൂര്യനും ചന്ദ്രനും ഭൂമിക്ക്‌ മേലെ നടത്തുന്ന ഗുരുത്വ വലിവ്‌ മൂലം ഭൂമിയുടെ അച്ചുതണ്ട്‌ പുരസ്സരണം ചെയ്യുന്നതായും തന്മൂലം വിഷുവങ്ങളുടെ സ്ഥാനം മാറുന്നതായും നമ്മള്‍ കണ്ടുവല്ലോ. ഏതാണ്ട്‌ സമാനമായ ഒരു കറക്കം ചന്ദ്രന്റെ പഥവും കറങ്ങുണ്ട്‌. (പക്ഷെ ഇത്‌ പുരസ്സരണം മൂലം അല്ല. അതിനെകുറിച്ച്‌ അടുത്തപോസ്റ്റില്‍). ഈ കറക്കത്തിന് Regression of Moon's Orbit എന്ന്‌ പറയുന്നു. ഇത്തരം ഒരു കറക്കം പൂര്‍ത്തിയാകാന്‍ ചന്ദ്രന്റെ പഥം 18.6 വര്‍ഷം എടുക്കും. അതായത്‌ ഒരു വര്‍ഷം ഏതാണ്ട്‌ 19 ഡിഗ്രി കറങ്ങും. ഈ ഒരു കാരണം കൊണ്ട്‌ ആയിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ ഈ ബിന്ദുക്കളെ ഗ്രഹങ്ങളായി കരുതിയത്‌.

ഈ ബിന്ദുക്കളും ചന്ദ്രപഥത്തിന്റെ 5 ഡിഗ്രി ചെരിവും വളരെയധികം പ്രാധാന്യം ഉള്ളതാണ്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എല്ലാം ഈ ബിന്ദുക്കളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്. അതെല്ലാം തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വിശദീകരിക്കാം.