Monday, February 26, 2007

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV

നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം IV- മുഖ്യധാരാനന്തര ദശ

ഇത് ഈ ബ്ലോഗ്ഗിലെ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റാണ്. ഈ ബ്ലോഗ് ആരംഭിയ്ക്കുമ്പോള്‍ ഇത്ര ലേഖനങ്ങള്‍ എഴുതാന്‍ കഴിയും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഓരോ ലേഖനവും എഴുതാന്‍ വേണ്ടി വരുന്ന effort ആലോചിക്കുമ്പോള്‍. ഇപ്പോഴും ഇത് എത്ര നാള്‍ മുന്‍പോട്ട് പോകാന്‍ കൊണ്ടും പോകാന്‍ കഴിയും എന്നതിനെ കുറിച്ച് എനിക്ക് വലിയ ഊഹം ഇല്ല. റെഫറന്‍‌സിനുള്ള മെറ്റീരിയലുകള്‍ കിട്ടാത്താണ് പ്രശ്നം. ഈ പോസ്റ്റില്‍ ഒരു നക്ഷത്രത്തിന്റെ മുഖ്യധാര ദശയ്ക്ക് ശേഷമുള്ള ചുവന്ന ഭീമന്‍ എന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നു.ഉമേഷേട്ടന്റെ അഭ്യര്‍ഥന മാനിച്ച് ചിത്രം വരച്ചുള്ള വിശദീകരണം കുറച്ചിട്ടുണ്ട്. എന്നാലും ഒരെണ്ണം ഇതില്‍ ഉപയോഗിക്കേണ്ടി വന്നു. :)

ചുവന്ന ഭീമന്‍

ഒരു പ്രാങ്നക്ഷത്രം Hydrostatic equilibrium നേടിയെടുക്കുന്നതോടെ അതിന്റെ‍ ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഊര്‍ജ്ജ ഉല്‍‌പാദനം തുടങ്ങുകയും, അതോടെ ആ നക്ഷത്രം ഒരു മുഖ്യധാരാ നക്ഷത്രം ആയി മാറുകയും ചെയ്യുന്നു. ഈ സമയത്താണ് ഒരു നക്ഷത്രം ശരിക്കും ജനിക്കുന്നത് എന്നും ഈ അവസ്ഥയില്‍ ഉള്ള നക്ഷത്രത്തെ Zero Age Main sequence Star (ZAMS) എന്നും പറയുന്നു. ഇതൊക്കെ കഴിഞ്ഞ 3 പോസ്റ്റുകളില്‍ നിന്നു നമ്മള്‍ മനസ്സിലാക്കി. നക്ഷത്രത്തിനു ഈ Hydrostatic equilibrium കാത്തു സൂക്ഷിക്കുവാന്‍ കഴിയുന്ന കാലത്തോളം അത് മുഖ്യധാര ദശയില്‍ കഴിയുന്നു. ഒരു നക്ഷത്രം അതിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്ന ദശയും ഇതു തന്നെ. അതിനാലാണ് HR ആരേഖത്തിലെ മുഖ്യധാരാ ദശയുടെ നാടയില്‍ നമ്മള്‍ ഏറ്റവും അധികം നക്ഷത്രങ്ങളെ കാണുന്നത്.

അപ്പോള്‍ മുഖ്യധാരാ ദശ വരെയുള്ള കാര്യങ്ങള്‍ നമ്മള്‍ കഴിഞ്ഞ മൂന്നു പോസ്റ്റുകളില്‍ നിന്നു മനസ്സിലാക്കി. പക്ഷെ ഒരു നക്ഷത്രത്തിനു അനന്തമായി ഇങ്ങനെ മുഖ്യധാരാ ദശയില്‍ തുടരാന്‍ പറ്റില്ല. നമ്മള്‍ക്ക് ചിരംജീവി ആയി ഇരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് നടക്കാത്തതു പോലെ തന്നെ. മുഖ്യധാരാ ദശയുടെ അന്ത്യത്തില്‍ നക്ഷത്രത്തിന്റെ കാമ്പിലുള്ള ഹൈഡ്രജന്‍ മൊത്തം ഉപയോഗിച്ചു തീരുകയും അതോടെ അവിടുത്തെ ഹൈഡ്രജന്റെ എരിയല്‍ അവസാനിക്കുകയും ചെയ്യും.

Shell Hydrogen Burning

പക്ഷെ ഈ അവസ്ഥയിലും‍ നക്ഷത്രത്തില്‍ ഹൈഡ്രജന്‍ എരിയുന്നുണ്ടാകും പക്ഷെ അത് മുഖ്യധാരാ ദശയിലെ പോലെ കാമ്പിലല്ല മറിച്ച് കാമ്പിനെ ചുറ്റിയുള്ള വാതക പാളിയിലാണ്. ഇങ്ങനെ ഉള്ള എരിയലിനു Shell Hydrogen Burning എന്നാണ് പറയുന്നത്. ആദ്യം ഈ എരിയല്‍ കാമ്പിനോട് അടുത്തു കിടക്കുന്ന വാതക പാളിയില്‍ മാത്രമേ നടക്കുകയുള്ളൂ. കാമ്പിലെ ഹൈഡ്രജന്‍ എരിഞ്ഞു തീരുന്നതോടെ നക്ഷത്രത്തിന്റെ Hydrostatic equilibrium-ത്തിനു ഇളക്കം തട്ടുന്നു. ഊര്‍ജ്ജ ഉല്‍‌പാദനം നിലയ്ക്കുന്നതോടെ പുറത്തേക്കുള്ള ഊര്‍ജ്ജ കിരണങ്ങളുടെ പ്രവാഹം നിലയ്ക്കുന്നു. തന്മൂലം ഗുരുത്വആകര്‍ഷണം മേല്‍‌ക്കൈ നേടുകയും ചെയ്യുകയും നക്ഷത്രത്തിന്റെ കാമ്പ് സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കാമ്പിനു പുറത്തുള്ള വാതക പാളികളും സംങ്കോചിക്കുന്നു. കാമ്പിനോട് അടുത്തുള്ള പാളികള്‍ കൂടുതല്‍ വേഗത്തില്‍ സംങ്കോചിക്കുന്നു. ഈ സങ്കോചം മൂലം താപം വര്‍ദ്ധിച്ച് അത് പുറത്തേയ്ക്ക് പ്രവഹിക്കുന്നു. ഈ താപപ്രവാകം കാമ്പിനു ചുറ്റുമുള്ള ഹൈഡ്രജന്‍ പാളിയെ ചൂടുപിടിപ്പിക്കുകയും തന്മൂലം പുറം പാളികളിലെ ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ആയി മാറി ഈ ഹീലിയം കാമ്പിലേക്ക് കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഒരു ഹീലിയം കാമ്പും അതിനു ചുറ്റും ഹൈഡ്രജന്‍ എരിയുന്ന പാളിയുമുള്ള അവസ്ഥയിലേക്ക് നക്ഷത്രം മാറ്റപ്പെടുന്നു.

ഈ പ്രക്രിയ തുടരുമ്പോള്‍ കാമ്പില്‍ നിന്നു പുറത്തേക്ക് വരുന്ന അതിഭീമമായ താപത്തിന്റെ മര്‍ദ്ദം മൂലം നക്ഷത്രം വികസിക്കുകയും അതിന്റെ തേജസ്സ് (Luminosity) വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും നക്ഷത്രം വികസിക്കുമ്പോള്‍ അതിന്റെ ഉപരിതല താപനില കുറയുമല്ലോ. ഉപരിതല താപ നില ഏതാണ്ട് 3500 K എത്തുമ്പോള്‍ നക്ഷത്രം ചുവന്ന പ്രഭയോടെ പ്രകാശിക്കുന്നു. ഈ അവസ്ഥയില്‍ ആയ നക്ഷത്രത്തെയാണ് ചുവന്ന ഭീമന്‍ (Red Giant) എന്ന് വിളിക്കുന്നത്.

3500 K എത്തുമ്പോള്‍ എന്തുകൊണ്ടാണ് ചുവപ്പ് നിറം വരുന്നത് എന്നറിയാനും താപനിലയും നിറവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും വിദ്യുത്കാന്തിക തരംഗങ്ങളും ജ്യോതിശാസ്ത്രവും, വിദ്യുത്കാന്തിക തരംഗങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെ, എന്നീ പോസ്റ്റുകള്‍ സന്ദര്‍ശിക്കുക.

അപ്പോള്‍ കാമ്പിലെ ഹൈഡ്രജന്‍ മൊത്തം തീര്‍ന്ന് ജീവിതത്തിന്റെ അടുത്ത ദശയിലേക്ക് കാലെടുത്തു വയ്ക്കുന്ന മുഖ്യധാരാ നക്ഷത്രത്തെ ആണ് ചുവന്ന ഭീമന്‍ എന്നു പറയുന്നത്. ഓറിയോണ്‍ രാശിയിലുള്ള തിരുവാതിര (Betelgeuse) നക്ഷത്രം ഈ ദശയില്‍ ഉള്ള നക്ഷത്രത്തിനു ഉദാഹരണം ആണ്.


തിരുവാതിര നക്ഷത്രം ഒരു ചുവന്ന ഭീമന്‍ നക്ഷത്രം ആണ്.
ചിത്രത്തിനു കടപ്പാട്: നാസയുടെ വെബ്ബ് സൈറ്റ്

സൂര്യനും ചുവന്നഭീമനാകും!

മുകളിലെ വിവരണത്തില്‍ നിന്നു ഈ ദശയില്‍ ഉള്ള നക്ഷത്രത്തെ എന്തു കൊണ്ട് ചുവന്ന ഭീമന്‍ എന്നു പറയുന്നു എന്നു മനസ്സിലാക്കാമല്ലോ. നമ്മൂടെ സൂര്യന്‍ അതിന്റെ ജീവിതത്തിന്റെ മുഖ്യധാരാ ദശയില്‍ ആണെന്നു കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അപ്പോള്‍ നമ്മൂടെ സൂര്യന്റെ കാമ്പില്‍ ഇപ്പോള്‍ ഹൈഡ്രജന്‍ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനി ഒരു 500 കോടി കൊല്ലം കൂടി എരിയാനുള്ള ഇംധനം സൂര്യന്റെ കാമ്പില്‍ ഉണ്ട്. പക്ഷെ കാമ്പിലുള്ള ഹൈഡ്രജന്‍ തീര്‍ന്നു കഴിഞ്ഞാല്‍ നമ്മുടെ സൂര്യനും മുകളില്‍ വിവരിച്ച പോലെ ഒരു ചുവന്ന ഭീമന്‍ ആകും. അതായത് സൂര്യന്റെ വ്യാസം വര്‍ദ്ധിക്കും. അതിന്റെ വ്യാസം വര്‍ദ്ധിച്ച് അത് ബുധനേയും ശുക്രനേയും ഒക്കെ വിഴുങ്ങി കളയും. ഏകദേശം ഭൂമിയുടെ അടുത്ത് വരെ അതിന്റെ വ്യാസം വര്‍ദ്ധിക്കും. സൂര്യനില്‍ നിന്നു വരുന്ന അത്യുഗ്ര ചൂടിനാല്‍ ഭൂമിലെ എല്ലാം ഭസ്മമായി പോകും സമുദ്രമൊക്കെ വറ്റിപോകും. പക്ഷെ അതിനു മുന്‍പ് തന്നെ മനുഷ്യന്‍ വേറെ ഏതെങ്കിലും ഒരു ഗ്രഹത്തിലേക്ക് ചേക്കേറും എന്ന് നമ്മള്‍ക്ക് വിവ്ഹാരിക്കാം. ചുരുക്കി പറഞ്ഞാല്‍ സൂര്യന്‍ ഒരു ചുവന്ന ഭീമനാകുന്ന ഘട്ടത്തില്‍ അതിനെ ചുറ്റുന്ന ഗ്രഹങ്ങളെ ഒക്കെ വിഴുങ്ങി കളയുകയോ അതിന്റെ അന്തരീക്ഷം ഒക്കെ ആകെ മാറ്റി മറിക്കുകയോ ചെയ്യും. താഴെയുള്ള ചിത്രം കാണുക.

സൂര്യന്റെ ഇപ്പോഴത്തെ വലിപ്പവും ചുവന്ന ഭീമന്‍ ആവുമ്പോഴത്തെ വലിപ്പവും
This image was copied from Nick Strobel's Astronomy Notes. But it is rendered to suite the requirements of this article.

മുഖ്യധാരാനന്തര ദശയുടെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല. അത് അടുത്ത പോസ്റ്റില്‍ തുടരും.

9 comments:

Shiju said...

ഇത് ഈ ബ്ലോഗ്ഗിലെ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റാണ്. ഈ ബ്ലോഗ് ആരംഭിയ്ക്കുമ്പോള്‍ ഇത്ര ലേഖനങ്ങള്‍ എഴുതാന്‍ കഴിയും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഓരോ ലേഖനവും എഴുതാന്‍ വേണ്ടി വരുന്ന effort ആലോചിക്കുമ്പോള്‍. ഇപ്പോഴും ഇത് എത്ര നാള്‍ മുന്‍പോട്ട് പോകാന്‍ കൊണ്ടും പോകാന്‍ കഴിയും എന്നതിനെ കുറിച്ച് എനിക്ക് വലിയ ഊഹം ഇല്ല. റെഫറന്‍‌സിനുള്ള മെറ്റീരിയലുകള്‍ കിട്ടാത്താണ് പ്രശ്നം. ഈ പോസ്റ്റില്‍ ഒരു നക്ഷത്രത്തിന്റെ മുഖ്യധാര ദശയ്ക്ക് ശേഷമുള്ള ചുവന്ന ഭീമന്‍ എന്ന അവസ്ഥയെ പരിചയപ്പെടുത്തുന്നു.ഉമേഷേട്ടന്റെ അഭ്യര്‍ഥന മാനിച്ച് ചിത്രം വരച്ചുള്ള വിശദീകരണം കുറച്ചിട്ടുണ്ട്. എന്നാലും ഒരെണ്ണം ഇതില്‍ ഉപയോഗിക്കേണ്ടി വന്നു. :)

ഉമേഷ്::Umesh said...

ഷിജൂ,

പസ്സില്‍ ബ്ലോഗില്‍ ഞാനൊരു തമാശ പറഞ്ഞുവെന്നു കരുതി പടങ്ങള്‍ കുറയ്ക്കല്ലേ. ഷിജുവിന്റെ ചിത്രങ്ങള്‍ വളരെ ഉപയോഗപ്രദമാണു്.

ഞാന്‍ വേണമെങ്കില്‍ പസില്‍ ബ്ലോഗിലെ പരാമര്‍ശം എടുത്തുകളയാം.

Anonymous said...

ഷിജൂ,

പസ്സില്‍ ബ്ലോഗില്‍ ഞാനൊരു തമാശ പറഞ്ഞുവെന്നു കരുതി പടങ്ങള്‍ കുറയ്ക്കല്ലേ. ഷിജുവിന്റെ ചിത്രങ്ങള്‍ വളരെ ഉപയോഗപ്രദമാണു്.

ഞാന്‍ വേണമെങ്കില്‍ പസില്‍ ബ്ലോഗിലെ പരാമര്‍ശം എടുത്തുകളയാം.


അയ്യോ മാറ്റരുത്, ഞാനും ഒരു തമാശ പറഞതല്ലേ ഉമേഷേട്ടാ. ഉമേഷേട്ടന്റെ ഒരു പോസ്റ്റിലെ പ്രധാന കഥാപാത്രം ആവാന്‍ കഴിയുക എന്നത് ചിന്ന കാര്യമാണോ? :)

മാത്രമല്ല പലരും ഉമേഷേട്ടനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യങ്ങള്‍ ചോദിക്കാനും എനിക്കു പറ്റിയല്ലോ. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

തപസ്സുതന്നെയാണ് താങ്കള്‍ ചെയ്യുന്നത്‌:-)
കറങ്ങിക്കൊണ്ടിരിയ്ക്കുന്ന മനസ്സിനെക്കൊണ്ട്, ഞാന്‍ പറ്റാവുന്നതൊക്കെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്നു.
ലളിതമായും വ്യക്തമായും ഉള്ള എഴുത്ത്‌. നന്ദി.

ഒരു സംശയം- ഉത്തരം അര്‍ഹിക്കുന്നുവെങ്കില്‍ പറഞ്ഞുതരൂ. ഇല്ലെങ്കില്‍ വിട്ടുകളയൂ:-)

സൂര്യന്‍ ചുവന്നഭീമനാവുമ്പോഴുള്ള വലിപ്പം കാണിച്ചുവല്ലോ. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാണുന്നതല്ലേ അത്? വ്യാഴത്തില്‍ നിന്നും നോക്കിക്കണ്ടാല്‍, ഭൂമിയെക്കൂടി സൂര്യന്‍ വിഴുങ്ങിയതായിക്കാണുമോ?
ശുക്രനില്‍ നിന്നും നോക്കിയാല്‍ ബുധനെ വിഴുങ്ങിനില്‍ക്കുന്ന സൂര്യനെ കാണുമോ?

(ചോദ്യത്തെ/സംശയത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും താങ്കള്‍ക്ക് അധികാരമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു)

ജ്യോതി

Shiju said...

ജ്യോതി ടീച്ചറേ ഈ കമെന്റ് ഇപ്പോഴാ ശ്രദ്ധിച്ചത്.

ടീച്ചറേ പോസ്റ്റ് സന്ദര്‍ശിച്ചതിനു വളരെ നന്ദി. നിങ്ങളുടെ ഒക്കെ സഹകരനവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാകും എന്നു വിചാരിക്കുന്നു.

ഒരു സംശയം- ഉത്തരം അര്‍ഹിക്കുന്നുവെങ്കില്‍ പറഞ്ഞുതരൂ. ഇല്ലെങ്കില്‍ വിട്ടുകളയൂ:-)

അതെന്താ അങ്ങനെ പറഞ്ഞത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടല്ലോ. ഉത്തരം അറിയാത്ത ചോദ്യം ആണെങ്കില്‍ “ഉത്തരം അറിയില്ല“ എന്നതാണ് ഉത്തരം. :)

സൂര്യന്‍ ചുവന്നഭീമനാവുമ്പോഴുള്ള വലിപ്പം കാണിച്ചുവല്ലോ. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ കാണുന്നതല്ലേ അത്? വ്യാഴത്തില്‍ നിന്നും നോക്കിക്കണ്ടാല്‍, ഭൂമിയെക്കൂടി സൂര്യന്‍ വിഴുങ്ങിയതായിക്കാണുമോ?
ശുക്രനില്‍ നിന്നും നോക്കിയാല്‍ ബുധനെ വിഴുങ്ങിനില്‍ക്കുന്ന സൂര്യനെ കാണുമോ?


ഞാന്‍ ഭൂമിയില്‍ നിന്നു നോക്കുംപ്പോഴുള്ള ദൃശ്യമല്ലല്ലോ കാണിച്ചിരിക്കുന്നത്. സൌരയൂഥത്തിനു പുറത്തുനിന്ന് നമ്മളെ വീക്ഷിക്കുന്ന ഒരു ദൃശ്യം. സൌകര്യത്തിനു വേണ്ടി ഭൂമിയ്ക്ക് ശേഷമുള്ള ഗ്രഹങ്ങള്‍ ഒഴിവാക്കി എന്നു മാത്രം.

വ്യാഴത്തില്‍ നിന്നും നോക്കിക്കണ്ടാല്‍, ഭൂമിയെക്കൂടി സൂര്യന്‍ വിഴുങ്ങിയതായിക്കാണുമോ?

അതിനുള്ള ഉത്തരം ഞാന്‍ ഒരു ചോദ്യം ആയി ചോദിക്കാം. ഇപ്പോള്‍ ഭൂമിയില്‍ നിന്നു ബുധനെ നോക്കുമ്പോള്‍ ഉള്ള ദൃശ്യം എന്താണ്? അതേ പോലെ തന്നെയായിരിക്കും സൂര്യന്‍ ചുവന്ന ഭീമന്‍ ആകുമ്പോഴുള്ള ഭൂമിയുടെ അവസ്ഥ. അതായത് വിഴുങ്ങിയതായി കാണില്ല. പിന്നെ അത് എത്രത്തോളം നന്നായി കാണാന്‍ പറ്റും എന്നുള്ളത് വ്യാഴത്തില്‍ നിന്നു ഭൂമിയെ നോക്കുന്നവരുടെ നിരീക്ഷണ സംവിധാനം അനുസരിച്ച് ഇരിക്കും.

ശുക്രനില്‍ നിന്നും നോക്കിയാല്‍ ബുധനെ വിഴുങ്ങിനില്‍ക്കുന്ന സൂര്യനെ കാണുമോ?


ശുക്രനെ അടക്കമല്ലേ സൂര്യന്‍ ചുവന്ന ഭീമന്‍ ആകുമ്പോള്‍ വിഴുങ്ങുന്നത്. അതേ പോലെ വിഴുങ്ങി കഴിഞ്ഞാല്‍ ആ രണ്ട് ഗ്രഹങ്ങള്‍ ഇല്ല. അത് സൂര്യന്റെ ഭാഗമാകും. വിഴുങ്ങി കഴിഞ്ഞാലും സൂര്യന്റെ ഉള്ളില്‍ ഈ ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റും എന്നൊന്നും ഞാന്‍ ലേഖനത്തില്‍ പറഞ്ഞിട്ടില്ല എന്നു വിചാരിക്കുന്നു. വിഴുങ്ങുന്ന ഗ്രഹങ്ങള്‍ സൂര്യന്റെ ഭാഗമായി. വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന പഞ്ചസാര പോലെ. അലിഞ്ഞു ചേര്‍ന്നാല്‍ പിന്നെ പഞ്ചസാര എവിടെ.

ഇപ്പോഴും അങ്ങനെ കാണില്ല. അതൊക്കെ നമ്മുടെ നിരീക്ഷണ സംവിധാനത്തിന്റെ ശക്തി അനുസരിച്ച് ഇരിക്കും.

(ചോദ്യത്തെ/സംശയത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും താങ്കള്‍ക്ക് അധികാരമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു)

ചോദ്യത്തെ അവജ്ഞയോടെ തള്ളികളയുകയോ? അത്രയ്ക്ക് അഹംകാരം എനിക്ക് വേണോ :)

Vssun said...

തിരുവാതിര നക്ഷത്രം എന്നു കുറേ കേട്ടിട്ടുണ്ടെങ്കിലും അത് ഓറിയോ‍ണിലുള്ള ഒന്നാണെന്നും അത് ഒരു ചുവപ്പു ഭീമനാണെന്നതും എനീക്ക് ഒരു പുതിയ അറിവാണ്.ജ്യോതിശാസ്ത്രം പുസ്തകത്തില്‍ വായിച്ചുള്ള അറിവേയുള്ളൂ ആകാശത്ത് നോക്കിയുള്ള പരിചയം വളരെ കുറവാണ്.. പോരട്ടെ നക്ഷത്രങ്ങളുടെ അടുത്ത ദശ..

Vssun said...

ഓറിയോണ്‍ രണ്ടാം ക്ലാസിലോ മറ്റോ ഉള്ള പാഠ പുസ്തകത്തിലുള്ളതുകൊണ്ട് അത് അന്നേ തിരിച്ചറിഞ്ഞ ഒരു നക്ഷത്രക്കൂട്ടമാണ്. പറ്റിയാല്‍ അതിലെ നക്ഷത്രങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് മറ്റേ ബ്ലോഗില്‍ ഇടാമോ.. അതിലെ നക്ഷത്രങ്ങളുടെ മലയാളം പേരും ഉള്‍പ്പെടുത്തണം..

ജ്യോതിര്‍മയി /ज्योतिर्मयी said...

ഷിജു ജി :-)

“ഞാന്‍ ഭൂമിയില്‍ നിന്നു നോക്കുംപ്പോഴുള്ള ദൃശ്യമല്ലല്ലോ കാണിച്ചിരിക്കുന്നത്. സൌരയൂഥത്തിനു പുറത്തുനിന്ന് നമ്മളെ വീക്ഷിക്കുന്ന ഒരു ദൃശ്യം. സൌകര്യത്തിനു വേണ്ടി ഭൂമിയ്ക്ക് ശേഷമുള്ള ഗ്രഹങ്ങള്‍ ഒഴിവാക്കി എന്നു മാത്രം“

ഈ വരികളില്‍, എന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയായി. [പിന്നീടു പറഞ്ഞത്, ചോദ്യത്തെ വിഘടിപ്പിച്ചപ്പോള്‍ ചോദ്യത്തിന്റെ ആശയബലം കുറയുകയും ബലം കുറഞ്ഞ മറുപടിയാവുകയും ചെയ്തു:-)]

ഇപ്പോള്‍ നിരീക്ഷിക്കാനുള്ള എല്ലാ സംവിധാനവും ഉപയോഗിച്ച്, മറ്റൊരു രെഫെരെന്‍സ് സ്പേസില്‍ വെച്ച്‌ നിരീക്ഷിച്ചാല്‍, പോസ്റ്റില്‍ക്കാണിച്ച ചിത്രം പോലെ തന്നെ ഇരിക്കുമോ എന്നായിരുന്നു, എന്റെ സംശയം.
(ഇപ്പോള്‍ ഉള്ള കണ്ണിന്റെ ശക്തികൊണ്ട്, ഒരു ആളെ ഞാന്‍ സാധാരണമനുഷ്യരൂപത്തില്‍ കാണുന്നു. എന്നാല്‍ എന്റെ കണ്ണിന് x റേ യുടെ ശക്തിയുണ്ടായിരുന്നെങ്കില്‍ അസ്ഥികൂടമായിട്ടായിരിക്കില്ലേ ഞാനൊരു മനുഷ്യനെ കാണുക.. എന്നൊരു വിഡ്ഢിസ്സംശയം മനസ്സില്‍ക്കിടന്നുകളിക്കുന്നതിന്റെ കുഴപ്പമാണ്).
:-)

ലേഖനം തുടരൂ...

Shiju said...

പിന്നീടു പറഞ്ഞത്, ചോദ്യത്തെ വിഘടിപ്പിച്ചപ്പോള്‍ ചോദ്യത്തിന്റെ ആശയബലം കുറയുകയും ബലം കുറഞ്ഞ മറുപടിയാവുകയും ചെയ്തു:-)


അതേ ശരിയാ ടീച്ചറുടെ ചോദ്യം ശരിയായി ഞാന്‍ മനസ്സിലാക്കിയില്ല. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ...