Saturday, May 12, 2007

സൂപ്പര്‍നോവയ്ക്ക് പേരിടുന്നത് എങ്ങനെ?

"SN 2006gy - പുതിയ ഒരു സൂപ്പര്‍ നോവാ സ്ഫോടനം" എന്ന പോസ്റ്റില്‍ ശ്രീ. ചള്ളിയന്‍ ഒരു സംശയം ചോദിച്ചു

ചള്ളിയാന്‍ said...
ഈ SN, gy എന്നൊക്കെയുളള പേരിനു പിന്നിലെന്താ? ശ്രീ നാരായണ ഗുരു അല്ലല്ലോ? :)

അതായത് ഈ സൂപ്പര്‍ നോവകള്‍ക്ക് പേരിടുന്നത് എങ്ങനെയാണ് എന്ന്. അതിനുള്ള ഉത്തരം ആണ് ഈ പോസ്റ്റ്.

നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത് എങ്ങനെ?

കുറേ നാള്‍ മുന്‍പ് നക്ഷത്രങ്ങള്‍ക്കും മറ്റ് ഖഗോള വസ്തുക്കള്‍ക്കും പേരിടുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ച് നാലു ഭാഗങ്ങളായി ലേഖനം ജ്യോതിശാസ്ത്ര ബ്ലോഗില്‍ എഴുതിയിരുന്നു. അതിലേക്കുള്ള ലിങ്കുകള്‍ ഇതാ.

  1. നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന്
  2. നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം രണ്ട്
  3. ജ്യോതിശാസ്ത്രത്തിലെ കാറ്റലോഗുകള്‍-ഭാഗം ഒന്ന്
  4. ജ്യോതിശാസ്ത്രത്തിലെ കാറ്റലോഗുകള്‍-ഭാഗം രണ്ട്

ഈ ലേഖനങ്ങളില്‍ പ്രധാനമായും നക്ഷത്രങ്ങള്‍ക്ക് പേരിടുന്ന വിവിധ രീതികളെ കുറിച്ച് വിശദീകരിക്കനാണ് ശ്രമിച്ചത്. അതിനാല്‍ തന്നെ സൂപ്പര്‍ നോവ, ന്യൂട്രോണ്‍ താരം, തമോ ഗര്‍ത്തം, ഗാലക്സികള്‍ എന്നിങ്ങനെയുള്ള വിവിധ ഖഗോളവസ്തുക്കളുടെ പേരീടീലിന്റെ വിശദാംശങ്ങളിലേക്ക് നമ്മള്‍ പോയില്ല.

ഈ പോസ്റ്റില്‍ സൂപ്പര്‍ നോവകള്‍ക്ക് എങ്ങനെയാണ് പേരിടുന്നത് എന്നു മനസ്സിലാക്കാം.

സൂപ്പര്‍നോവയ്ക്ക് പേരിടുന്നത് എങ്ങനെ?

പേരിന്റെ ഒന്നാം ഭാഗം

ആദ്യമായി സൂപ്പര്‍ നോവകള്‍ക്ക് എല്ലാം അതിന്റെ പേരിന്റെ മുന്നില്‍ SN എന്നു ചേര്‍ക്കും. ഇതു Super Nova എന്നുള്ളതിന്റെ ചുരുക്കം ആണ്. അല്ലാതെ Sree Narayanaguru വോ SN ട്രസ്റ്റോ ഒന്നും ഇല്ല. :)

പേരിന്റെ രണ്ടാം ഭാഗം

രണ്ടാമതായി സൂപ്പര്‍ നോവകള്‍ക്ക് എല്ലാം പേരിന്റെ ഒപ്പം പ്രസ്തുത സൂപ്പര്‍നോവ കണ്ടെത്തിയ വര്‍ഷവും ചേര്‍ക്കും. 1987-ല്‍ കണ്ടെത്തിയ സൂപ്പര്‍ നോവയ്ക്ക് SN 1987, 2006-ല്‍ കണ്ടെത്തിയതിനു SN 2006 എന്നിങ്ങനെ. ഇപ്പോള്‍ SN 2006gy എന്ന സൂപ്പര്‍നോവയുടെ പേരിലെ SN 2006 എന്ന ആദ്യഭാഗം എങ്ങനെ വന്നു എന്നു മനസ്സിലായി കാണുമല്ലോ.

പേരിന്റെ മൂന്നാം ഭാഗം

ഇനി പേരിന്റെ ബാക്കി ഭാഗം എങ്ങനെ വന്നു എന്നു നോക്കാം.

ജ്യോതിശാസ്ത്രജ്ഞന്മാര്‍ സൂപ്പര്‍നോവകളെ കുറിച്ചുള്ള നിരന്തര ഗവേഷണത്തിലാണ്. എല്ലാ വര്‍ഷവും നൂറുകണക്കിനു പുതിയ സൂപ്പര്‍ നോവകളെ നമ്മുടെ ഗാലക്സിയായ ആകാശഗംഗയിലും മറ്റു സമീപ ഗാലക്സികളിലും കണ്ടെത്തുന്നു. ഇപ്പോള്‍ NGC 1260 എന്ന ഗാലക്സിയില്‍ സൂപ്പര്‍നോവയെ കണ്ടെത്തിയതു പോലെ തന്നെ. നമ്മുടെ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുന്നതു കൊണ്ട് ഓരോ വര്‍ഷവും കണ്ടെത്തുന്ന സൂപ്പര്‍ നോവകളുടെ എണ്ണവും കൂടി കൊണ്ടിക്കുകയാണ്.

പക്ഷെ നൂറുകണക്കിനു സൂപ്പര്‍ നോവകള്‍ക്ക് പേരിടുമ്പോള്‍ പ്രശ്നം ആകും. അതിനാല്‍ സൂപ്പര്‍നോവയ്ക്ക് പേരിടാന്‍ ജ്യോതിശാസ്ത്രജ്ഞന്മാര്‍ നമ്മുടെ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടി. :)

ഒരു വര്‍ഷം ആദ്യമായി കാണുന്ന നക്ഷത്രത്തിനു പേരിന്റെ ഒപ്പം A എന്നു ചേര്‍ത്തു. അപ്പോള്‍ 2006-ല്‍ ആദ്യമായി കണ്ടെത്തിയ സൂപ്പര്‍നോവയെ SN2006A എന്നു വിളിച്ചു. രണ്ടാമതു കണ്ടെത്തിയതിനെ SN2006B എന്നു വിളിച്ചു. മൂന്നാമതു കണ്ടെത്തിയതിനെ SN2006C എന്നു വിളിച്ചു അങ്ങനെ.

പക്ഷെ അപ്പോള്‍ ഒരു പ്രശ്നം ഉണ്ട്. ഒരു വര്‍ഷം 26 സൂപ്പര്‍നോവയെ കണ്ടെത്തി അതിനു SN2006Z എന്നു പേരിട്ടു കഴിഞ്ഞാല്‍ ഇങ്ങനെ പേരിടാനുള്ള അക്ഷരങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ജ്യോതിശാസ്ത്രജ്ഞന്മാര്‍ വണ്ടികള്‍ക്ക് പേരിടുന്നതു പോലെ സൂപ്പര്‍നോവകള്‍ക്കും പേരിടാന്‍ തുടങ്ങിയത്.

SN2006Z നു ശേഷം കണ്ടെത്തുന്ന സൂപ്പര്‍ നോവയ്ക്ക് (അതയത് ആ വര്‍ഷത്തെ 27ആമത്തെ സൂപ്പനോവയെ) SN2006aa എന്നു പേര്‍ വിളിച്ചു. 28ആമത്തെ സൂപ്പര്‍നോവയെ SN2006ab എന്നു വിളിച്ചു.അങ്ങനെ ഈ സീരീസ് aa,ab, ac........az വരെ. അതു കഴിഞ്ഞാല്‍ ba,bb,bc...bz വരെ. അങ്ങനെ 182 സൂപ്പര്‍നോവകളെ കണ്ടെത്തിയാല്‍ പിന്നെ g series ആരംഭിക്കും. SN2006ga, SN2006gb.... എന്നിങ്ങനെ.

അങ്ങനെ നമ്മുടെ കഥാനായകന്‍ SN 2006gy എന്ന സൂപ്പര്‍ നോവയെ കണ്ടെത്തിയത് 2006 സെപ്റ്റംബറില്‍ ആയിരുന്നു. അപ്പോഴേക്ക്അതിനു മുന്‍പ് 206 സൂപ്പര്‍നോവയെ കണ്ടെത്തിരുന്നു. അതിനാല്‍ നമ്മുടെ കഥാനായകനു SN 2006gy എന്ന പേര്‍ കിട്ടി.

എല്ലാ കണ്ടെത്തലും ശരിയാവണം എന്നില്ല

ചിലപ്പോള്‍ ആദ്യം സൂപ്പര്‍നോവയായി നാമകരണം ചെയ്യപ്പെടുന്ന ചില ഖഗോളവസ്തുക്കള്‍ പിന്നീട് വേറെ എന്തെങ്കിലും ഖഗോളവസ്തുകളാണ് എന്നു തിരിച്ചറിയപ്പെടാറുണ്ട്. അങ്ങേനെയുള്ള അവസരത്തില്‍ അത്തരം വസ്തുക്കളെ സൂപ്പര്‍നോവകയുടെ പട്ടികയില്‍ നിന്നു ഒഴിവാക്കും. പക്ഷെ അപ്പോള്‍ നിലവിലുള്ള പട്ടിക റീ നമ്പര്‍ ചെയ്യുകയില്ല. അത് നിലവിലുള്ള സംഖ്യയില്‍ നിന്നു തന്നെ മുന്നോട്ട് എണ്ണും.

പഴയകാലത്ത് കണ്ടെത്തിയ ഒരു സൂപ്പര്‍നോവ

സൂപ്പര്‍ നോവയെ കുറിച്ചുള്ള പോസ്റ്റില്‍പരിയപ്പെടുത്തിയ SN 1054 എന്ന സൂപ്പര്‍ നോവ ഇതേ പോലെ ക്രിസ്തുവര്‍ഷം 1054-ല്‍ പൊട്ടിത്തെറിച്ചതാണ്. ഇതിനെ കുറിച്ച് ചൈനീസ്, അറബ് ജ്യോതിശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിറയിട്ടുണ്ട്. അതിനാല്‍ അതിനെ SN 1054 എന്നു വിളിച്ചു.

2006ലെ സൂപ്പനോവകളുടെ പട്ടിക

2006-ല്‍ കണ്ടെത്തിയ പ്രധാനപ്പെട്ട സൂപ്പര്‍ നോവകളുടെ ഒരു പട്ടിക ഈ ലിങ്കില്‍ ഉണ്ട്.

ഉപസംഹാരം

ചുരുക്കത്തില്‍ ഒരു സൂപ്പര്‍നോവയെ നാമകരണം ചെയ്യുന്നത് പ്രസ്തുത സൂപ്പര്‍ നോവയെ ഭൂമിയില്‍ നമ്മള്‍ ഏതു വര്‍ഷം ആദ്യമായി കണ്ടു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അല്ലാതെ സ്ഫോടനം എപ്പോള്‍ നടന്നു എന്നതിനെ ആധാരമാക്കി അല്ല. ഇപ്പോള്‍ സൂപ്പര്‍നോവയെ നാമകരണം ചെയ്യുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി എന്നു വിശ്വസിക്കട്ടെ.

5 comments:

മൂര്‍ത്തി said...

നന്ദി ഷിജു..വിശദീകരണത്തിന്. അല്പം വിവരം വെച്ചപോലെ തോന്നുന്നു..മറ്റു നാമകരണപോസ്റ്റുകളും വായിച്ചു.

Santhosh said...

അതു ശരി. കാര്യങ്ങള്‍ ഇങ്ങനെയാണല്ലേ:)

തമനു said...

ശ്ശെടാ .... SN എന്നുള്ളത്‌ സൂപ്പര്‍ നോവ എന്നുള്ളതിന്റെ ചുരുക്കപ്പേരായിരുന്നൂന്ന്‌ എനിക്കിതുവരെ തോന്നിയില്ല.

ഷിജുവിന്റെ വിശദീകരണങ്ങള്‍ എല്ലാം വളരെ ലളീതം ആണ്. എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

Anonymous said...

കൊച്ചു കള്ളാ. നമ്മുടേ മോട്ടോ വാഹന വകുപ്പെല്ലാം കാശു കൊടുത്താല്‍ എന്ത് നമ്പറും തരും. അതു മാതിരി ആരെങ്കിലും കാശ് കൊടുത്ത് ഈ സു.ന.കള്‍ക്ക് പേര്‍ മാറ്റിയിട്ടിരിക്കുമോ. എനി ഫീബിള്‍ ചാന്‍സ്? :)

ചള്ളിയാന്‍

Unknown said...

ഇത്രയധികം സൂപ്പര്‍ നോവകളൊരു വര്‍ഷം കണ്ടു പിടിയ്ക്കും എന്നൊരു ധാരണ പോലും ഇല്ലായിരുന്നല്ലോ!