Tuesday, August 22, 2006

ഞാറ്റുവേലയും നക്ഷത്രങ്ങളും

രാഹുകേതുക്കളെ കൂറിച്ച്‌ സൂച്ചിപ്പിച്ചത്‌ കൊണ്ട്‌ നമ്മള്‍ മലയാളികള്‍ നിത്യജീവിതത്തില്‍ കുറയേറെ പരാമര്‍ശിക്കുന്ന നക്ഷത്രങ്ങളെ കുറിച്ച്‌ ഒരു ചെറിയ പോസ്റ്റ്. ഇത്‌ ജ്യോതിഷവുമായി ബന്ധപ്പെട്ട ലേഖനമല്ല എന്ന്‌ ആദ്യമേ പറയട്ടെ.

നക്ഷത്രരാശികള്‍ എന്താണെന്നും അത്‌ ഏതൊക്കെയാണെന്നും രാശിചക്രം എന്താണെന്നും അതിലെ നക്ഷത്രരാശികള്‍ ഏതൊക്കെയാണെന്നും നമ്മള്‍ കഴിഞ്ഞ കുറച്ച്‌ ലേഖനങ്ങളിലൂടെ മനസ്സിലാക്കി. ഈ ലേഖനത്തില്‍ രാശിചക്രത്തെ എങ്ങനെയാണ് നക്ഷത്രങ്ങളായി വിഭജിച്ചിരിക്കുന്നത്‌ എന്ന്‌ നോക്കാം.രാശിചക്രത്തെ അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ 12 ഭാഗമായി വിഭജിച്ചതാണ് ചിങ്ങം, കന്നി മുതലായ രാശികള്‍ എന്ന്‌ നമ്മള്‍ മനസ്സിലാക്കിയല്ലോ.

രാശി ചക്രത്തിലെ നക്ഷത്രരാശികള്‍ താഴെപറയുന്നവ ആണ്

  1. ചിങ്ങം
  2. കന്നി
  3. തുലാം
  4. വൃശ്ചികം
  5. ധനു
  6. മകരം
  7. കുംഭം
  8. മീനം
  9. മേടം
  10. ഇടവം
  11. മിഥുനം
  12. കര്‍ക്കടകം

സൂര്യന്‍ ഏത്‌ നക്ഷത്ര രാശിയുടെ ഒപ്പമാണോ ഉള്ളത്‌ ആ മാസത്തെ നമ്മള്‍ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഈ രാശിചക്രത്തിലെ എല്ലാ നക്ഷത്ര രാശികളും ഒരു പ്രാവശ്യം കറങ്ങി വരാന്‍ സൂര്യന്‍ 365 ദിവസത്തോളം എടുക്കും. ഇതിനെ നമ്മള്‍ ഒരു സൌര വര്‍ഷം എന്ന്‌ വിളിക്കുന്നു. (പലതരം വര്‍ഷങ്ങളെ കുറിച്ച്‌ പിന്നിട്‌ ഒരു പോസ്റ്റില്‍ വിശദീകരിക്കാം)
അതേ പോലെ ചന്ദ്രന്‍ ഈ രാശിചക്രം ഒന്ന്‌ കറങ്ങി വരാന്‍ ഏകദേശം 27 ദിവസം എടുക്കും. (പലതരം മാസങ്ങളെ കുറിച്ച്‌ പിന്നിട്‌ ഒരു പോസ്റ്റില്‍ വിശദീകരിക്കാം) അതനുസരിച്ച്‌ നമ്മുടെ പൂര്‍വ്വികര്‍ രാശിചക്രത്തെ 27 ഭാഗമായി വിഭജിച്ച്‌ ഓരോ ഭാഗത്തിനും ആ ഭാഗത്തുള്ള ഒരു പ്രധാന നക്ഷത്രത്തിന്റെ പേര് കൊടുത്തു. അതാണ് അത്തം, ചിത്തിര, ചോതി, വിശാഖം, മുതലായ 27 നക്ഷത്രങ്ങള്‍‍‍ .

നക്ഷത്രങ്ങള്‍ താഴെ പറയുന്നവ ആണ്.

  1. അശ്വതി
  2. ഭരണി
  3. കാര്‍ത്തിക
  4. രോഹിണി
  5. മകയിരം
  6. തിരുവാതിര
  7. പുണര്‍തം
  8. പൂയം
  9. ആയില്യം
  10. മകം
  11. പൂരം
  12. ഉത്രം
  13. അത്തം
  14. ചിത്തിര
  15. ചോതി
  16. വിശാഖം
  17. അനിഴം
  18. തൃക്കേട്ട
  19. മൂലം
  20. പൂരാടം
  21. ഉത്രാടം
  22. തിരുവോണം
  23. അവിട്ടം
  24. ചതയം
  25. പൂരൂരുട്ടാതി
  26. ഉത്രട്ടാതി
  27. രേവതി

ഒരു വൃത്തത്തിന്റെ ആവൃത്തി 360 ഡിഗ്രി ആണല്ലോ. അപ്പോള്‍ അതിനെ 27 ഭാഗമായി വിഭജിക്കുമ്പോള്‍ ഓരോ ഭാഗത്തിനും 13° 20‘ ആണ് വലിപ്പം എന്ന്‌ കിട്ടുന്നു. അതായത്‌ ഓരോ 13° 20‘ ഭാഗത്തിനും ഒരോ നക്ഷത്രത്തിന്റെ പേര്‍.ചന്ദ്രന്‍ ഓരോ ദിവസവും ഏകദേശം 13 ഡിഗ്രി സഞ്ചരിക്കും. അതായത്‌ ചന്ദ്രന്‍ ഓരോ ദിവസവും ഒരോ നക്ഷത്രഭാഗത്തില്‍ ആയിരിക്കും. അപ്പോള്‍ ആ ദിവസത്തെ നമ്മള്‍ ആ നക്ഷത്ര ഭാഗത്തിന്റെ പേര്‍ ഇട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന് ഇന്ന്‌ ചോതി നക്ഷത്രം ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഇന്ന്‌ ചന്ദ്രന്‍ ചോതി നക്ഷത്രഭാഗത്താണ് എന്നാണ്.

രാശിചക്രത്തിന്റെ നക്ഷത്രങ്ങളായുള്ള വിഭജനം

എന്താണ് ഞാറ്റുവേല?

സൂര്യന്‍ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി സഞ്ചരിക്കുന്നു എന്ന്‌ നമ്മള്‍ രാശിചക്രത്തെകുറിച്ചുള്ള പോസ്റ്റില്‍ നിന്ന്‌ മനസ്സിലാക്കിയല്ലോ.അപ്പോള്‍ 13 ഡിഗ്രി സഞ്ചരിക്കാന്‍ ഏകദേശം 13-14 ദിവസം വേണം. അതായത്‌ ഒരു നക്ഷത്രഭാഗം കടന്ന്‌ പോകാന്‍ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഉദാഹരണത്തിന് ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല ആണെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സൂര്യന്‍ ഇപ്പോള്‍ തിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്. തിരുവാതിര ഞാറ്റുവേല ഏത്‌ മാസത്തിലാണ് സംഭവിക്കുന്നത്‌ എന്ന്‌ മുകളില്‍ ഉള്ള ചിത്രം നോക്കി കണ്ടുപിടിക്കാമോ എന്ന്‌ നോക്കൂ.
ഒരോ നക്ഷത്രവും (നക്ഷത്രകൂട്ടങ്ങള്‍) ഏത്‌ രാശിയില്‍ ആണെന്നും ഓരോ രാശിയും ഏതൊക്കെ നക്ഷത്രങ്ങള്‍ ചേര്‍ന്നതാണെന്നും ഇതോടൊപ്പം ഉള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.


രാശികളെ നക്ഷത്രങ്ങളായുള്ള വിഭജനം

രാശി ചക്രത്തിലെ നക്ഷത്രരാശികള്‍ഓരോ രാശിയിലേയും നക്ഷത്രങ്ങള്‍
മേടം (Aries) അശ്വതി, ഭരണി, കാര്‍ത്തികയുടെ 1/4‍ ഭാഗം
ഇടവം (Taurus) കാര്‍ത്തികയുടെ 3/4 ഭാഗം‍, രോഹിണി, മകയിരത്തിന്റെ 1/2 ഭാഗം
മിഥുനം (Gemini) മകയിരത്തിന്റെ 1/2 ഭാഗം, തിരുവാതിര, പുണര്‍തത്തിന്റെ 3/4 ഭാഗം
കര്‍ക്കടകം (Cancer) പുണര്‍തത്തിന്റെ 1/4 ഭാഗം, പൂയം, ആയില്യം
ചിങ്ങം (Leo)മകം, പൂരം, ഉത്രത്തിന്റെ 1/4 ഭാഗം
കന്നി (Virgo)ഉത്രത്തിന്റെ 3/4 ഭാഗം, അത്തം, ചിത്തിരയുടെ 1/2 ഭാഗം
തുലാം (Libra)ചിത്തിരയുടെ 1/2 ഭാഗം, ചോതി, വിശാഖത്തിന്റെ 3/4 ഭാഗം
വൃശ്ചികം (Scorpius) വിശാഖത്തിന്റെ 1/4 ഭാഗം, അനിഴം, തൃക്കേട്ട
ധനു (Sagittarius)മൂലം, പൂരാടം, ഉത്രാടത്തിന്റെ 1/4 ഭാഗം
മകരം (Capricornus) ഉത്രാടത്തിന്റെ 3/4 ഭാഗം, തിരുവോണം, അവിട്ടത്തിന്റെ 1/2 ഭാഗം
കുംഭം (Aquarius) അവിട്ടത്തിന്റെ 1/2 ഭാഗം, ചതയം, പൂരൂരുട്ടാതിയുടെ 3/4 ഭാഗം
മീനം (Pisces) പൂരൂരുട്ടാതിയുടെ 1/4 ഭാഗം, ഉത്രട്ടാതി, രേവതി

മുകളില്‍ പറഞ്ഞ നക്ഷത്രങ്ങള്‍ മിക്കവാറും എണ്ണം ഒറ്റനക്ഷത്രങ്ങള്‍ അല്ല എന്ന്‌ പറയട്ടെ. പട്ടികയില്‍ ഉള്ളവയില്‍ തിരുവാതിര, ചോതി, ചിത്തിര, തൃക്കേട്ട എന്നീ നാല് നക്ഷത്രമൊഴിച്ച്‌ ബാക്കിയെല്ലാം അഞ്ചോ ആറോ നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രകൂട്ടങ്ങള്‍ ആണ്. മാത്രമല്ല രാശികളുടെ പുനര്‍നിര്‍ണ്ണയം ജ്യോതിശ്ശാസ്ത്രയൂണിയന്‍ നടത്തിയപ്പോള്‍ ഈ പല നക്ഷത്രങ്ങളുടേയും സ്ഥാനം രാശിചക്രത്തിന് പുറത്തുള്ള നക്ഷത്രരാശിയില്‍ ആയി.

ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ ഓരോ നക്ഷത്രത്തേയും അതത്‌ നക്ഷത്രരാശിയില്‍ ചൂണ്ടി കാണിക്കുന്ന ഒരു പോസ്റ്റ് ഇടാം.

നക്ഷത്ര രാശികളെ ഇനിയും ചെറുതായി നവാശങ്ങളായും പാദങ്ങളായും വിഭജിക്കാം. അതിനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ ഉമേഷ്ജിയുടെ പഞ്ചാഗം തിയറിയില്‍ പറയുന്നുണ്ട്‌.

നക്ഷത്ര രാശികളിലെ നക്ഷത്രങ്ങളെ നാമകരണം ചെയ്യുന്നത്‌ എങ്ങനെയാണെന്ന്‌ താമസിയാതെ ഒരു പോസ്റ്റിടാം. (ഈശ്വരാ ഇതെല്ലാം കൂടി എപ്പോഴാണാവോ പോസ്റ്റാന്‍ പറ്റുന്നത്‌‌ :).)

18 comments:

SEEYES said...

സായിപ്പിന്റെ കണക്കനുസരിച്ച് സൂര്യന്‍ നാളെ (August 23) Virgo (കന്നി) രാശിയിലേക്ക കടക്കുകയാണല്ലോ? നമ്മുടെ കണക്കനുസരിച്ച് സൂര്യന്‍ ചിങ്ങത്തില്‍ (Leo) കടന്നിട്ടേയുള്ളു. നാളെ എവിടെയാണ് സൂര്യന്‍ യഥാര്‍ത്ഥത്തില്‍? ചിങ്ങത്തിലോ, കന്നിയിലോ?

ഉമേഷ്::Umesh said...

സീയെസ്,

ഭാരതീയരുടെയും പാശ്ചാത്യരുടെയും കണക്കുകൂട്ടലുക്കള്‍ക്കു് ഏകദേശം 23 ഡിഗ്രിയുടെ വ്യത്യാസമുണ്ടു്. ആംഗിള്‍ അളക്കുമ്പോള്‍ എവിടെ തുടങ്ങും എന്നതാണു പ്രശ്നം. പണ്ടു പ്രമാണമായിരുന്ന നക്ഷത്രങ്ങള്‍ക്കൊക്കെ ഇന്നു സ്ഥാനചലനം സംഭവീച്ചു. ചിത്തിരനക്ഷത്രത്തെ 180 ഡിഗ്രി ആക്കിയുള്ള ഗണനമാണു ഭാരതസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതു്. ജ്യോതിശ്ശാസ്ത്രം അനുസരിച്ചു കൂടുതല്‍ സാധുതയുള്ള First point of Aries (ഷിജു പറഞ്ഞ വിഷുവം) ആണു പാശ്ചാത്യര്‍ കണക്കുകൂട്ടുന്നതു്.

കന്നിയുടെ നിര്‍വ്വചനത്തില്‍ വ്യത്യാസമില്ല. 150 ഡിഗ്രി മുതല്‍ 180 ഡിഗ്രി വരെ. ) ഡിഗ്രി എവിടെയാണു് എന്നുള്ളതിലേ വ്യത്യാസമുള്ളൂ.

താഴെപ്പറയുന്നവയും വായിക്കുക.
ഒന്നു്

രണ്ടു്

മൂന്നു്

Shiju said...

ഉമേഷേട്ടന്‍ ഇങനെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉറ്റ്ഝ്തരം കൊടുക്കുന്നത്‌ എനിക്ക്‌ വളരെ സഹായകരം ആകുന്നു. വളരെ നന്ദി ഉമേഷേട്ടാ. ഞാന്‍ ഈ വിഷയത്തിലുള്ള പോസ്റ്റുകള്‍ ഇനി നിര്‍ത്തുകയാണ്. എനിക്ക്‌ ഈ വിഷയം ഇത്രയൊക്കയേ അറിയൂ.ഇനി പറയണമെങ്കില്‍ പഠിക്കണം. പക്ഷെ അതിന് സഹായകരമായ പുസ്തകങ്ങള്‍ ഒന്നും ലഭ്യമല്ല. ഉള്ളതെല്ലാം ജ്യോതിഷ സംബന്ധിയായതാണ്. അതില്‍ പലതിലും യാഥര്‍തഥ്യവുമായി പൊരുത്തപ്പെടാത്ത ഒട്ടേറെ വിവരങ്ങള്‍ ഞാന്‍ കാണുന്നു. ഈ വിഷയത്തില്‍ അഗാധമായ അറിവ്‌ നേടിയ ഉമേഷ്ജി ഇതെല്ലാം വിശദീകരിക്കുന്ന ഒരു പുസ്തകം എഴുതാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോഴുള്ള പഞ്ചാംഗം തിയറിയെ വികസിപ്പിച്ച്‌ ചിത്രങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു മാറ്റി എഴുതിയാല്‍ പ്രസിദ്ധീകരിച്ചാല്‍ വളരെ നന്നായിരിക്കും. ‌

Sreejith K. said...

ഷിജൂ, നന്ദി ഞാന്‍ താങ്കളോടാ‍ണ് പറയേണ്ടത്. വളരെ നാളുകളായി എന്നെ കുഴക്കിയിരുന്ന പ്രശ്നമാണ്, പോസ്റ്റില്‍ ടേബിള്‍ ഇടുമ്പോള്‍ മുന്നില്‍ അനാവശ്യമായി സ്പേസ് വരുന്നത്. താങ്കളോടുള്ള സംസാരത്തില്‍ നിന്നാണ് എനിക്ക് അത് ശരിയാക്കാനുള്ള ലിങ്ക് കിട്ടിയത്. നന്ദിയുണ്ട്.

നല്ല പോസ്റ്റ് ഷിജൂ. ഇത്രയധികം വിവരങ്ങള്‍ പറഞ്ഞ് തരുന്ന ബ്ലോഗിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു.

prapra said...

ഷിജൂ, ഇത് നിര്‍ത്തിയിട്ട് പോവല്ലേ.
മാതൃഭൂമി എല്ലാ മാസവും കാലവസ്ഥ പേജിന്റെ കൂടെ നല്കി വരുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഈ മാസം "ആഗസ്തിലെ ആകാശം" എന്ന പംക്തിയിലും കുറേ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പലപ്പോഴും സാധാരണക്കാരന്‌ മനസ്സിലാവുന്ന കാര്യങ്ങള്‍ അല്ല അവിടെയൊക്കെ വരുന്നത്. ഷിജുവും ഉമേഷ്ജിയും ഒക്കെ പറഞ്ഞ് തരുന്ന കാര്യങ്ങള്‍ അതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാകാന്‍ തുടങ്ങിയിട്ടുണ്ട്.

Shiju said...

prapra said...
ഷിജൂ, ഇത് നിര്‍ത്തിയിട്ട് പോവല്ലേ.
മാതൃഭൂമി എല്ലാ മാസവും കാലവസ്ഥ പേജിന്റെ കൂടെ നല്കി വരുന്ന വിവരങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഈ മാസം "ആഗസ്തിലെ ആകാശം" എന്ന പംക്തിയിലും കുറേ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പലപ്പോഴും സാധാരണക്കാരന്‌ മനസ്സിലാവുന്ന കാര്യങ്ങള്‍ അല്ല അവിടെയൊക്കെ വരുന്നത്. ഷിജുവും ഉമേഷ്ജിയും ഒക്കെ പറഞ്ഞ് തരുന്ന കാര്യങ്ങള്‍ അതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാകാന്‍ തുടങ്ങിയിട്ടുണ്ട്.


ചേട്ടാ ബ്ലോഗ്ഗ് സന്ദര്‍ശിച്ച‍തിന് വളരെ നന്ദി. ഞാന്‍ ജ്യോതിശാസ്ത്രത്തിലെ സങ്കീര്‍ണ്ണമായ പല വിഷയങ്ങളും വളരെ ലളിതമായി പറയാന്‍ ശ്രമിക്കുക ആണ്. പക്ഷെ ബൂലോകര്‍ക്ക്‌ ഇത്‌ വളരെ കടുകട്ടിയായ വിഷയമായി തോന്നുന്നോ എന്ന്‌ സംശയം. മറ്റ്‌ ചിലര്‍ക്ക്‌ ഇത്‌ വളരെ ബേസിക്ക്‌ ആയ കാര്യമായും തോന്നുന്നു. അതിനാല്‍ ആണ് ഞാന്‍ ഒരു പുനര്‍ വിചിന്തനത്തിന് മുതിര്‍ന്നത്‌. (എനിക്ക്‌ മാത്രം വായിക്കാനാണെങ്കില്‍ ബ്ലൊഗ്ഗില്‍ ഇടേണ്ട കാര്യമില്ലല്ലോ.)

Active participation ഉണ്ടെങ്കിലേ എനിക്ക്‌‌ ഇത്‌ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിന് താല്പര്യം ഉള്ളൂ. അധികം ആള്‍ക്കാര്‍ക്ക്‌ താല്പര്യം ഇല്ലാത്ത വിഷയം ആയത്‌ കൊണ്ട്‌ വായിക്കുന്നവര്‍ ദയവായി അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ചില വിഷയങ്ങളെക്കുറിച്ചൊക്കെ ചര്‍ച്ച വേണ്ടി വരും.

ഞാന്‍ ഈ വിഷയത്തിന്റെ വിജ്ഞാന കോശം ഒന്നും അല്ല. വായിച്ച്‌ നേടിയ അറിവാണ് എന്റേതും. അതില്‍ തെറ്റുകള്‍ ഉണ്ടാകാം. ഞാന്‍ തെറ്റുകള്‍ വരുത്തിയാല്‍ ചൂണ്ടികാണിക്കണം. അത്‌ തിരുത്തണം. പല കാര്യങ്ങളിലും എനിക്ക്‌ സംശയങ്ങള്‍ ഉണ്ട്‌ . ഒരു പോസ്റ്റിലെ വിഷയത്തെ കുറിച്ച്‌ നിങ്ങള്‍ക്കും സംശയങ്ങളോ, പുതിയ അറിവുകളോ ഒക്കെ ഉണ്ടാകാം. അത്‌ എല്ലാം പങ്കു വെയ്ക്കുക. ഇവിടെ വരുന്ന പോസ്റ്റുകള്‍ മലയാളം വിക്കിയിലേക്ക്‌ ഒരു മുതല്‍ കൂട്ട്‌ ആവണം എന്നാണ് എന്റെ ആഗ്രഹം. ജ്യോതി ശസ്ത്രത്തില്‍ ഉപയോഗിക്കുന്ന പല സങ്കേതിക പദങ്ങള്‍ക്കും തത്തുല്യമായ മലയാളം പദം കണ്ടെത്താന്‍ നിങ്ങളുടെ ഒക്കെ സഹായം വേണ്ടി വരും. ഇത്‌ വരെ നിങ്ങള്‍ എല്ലാവരും തന്ന സഹകരണത്തിന് വളരെ നന്ദി.

myexperimentsandme said...

യ്യോ ഷിജൂ, തീര്‍ച്ചയായും. ഇതിനെപ്പറ്റി അഭിപ്രായം പറയാന്‍ മാത്രമുള്ള വിവരമില്ലാത്തതുകൊണ്ട് മാത്രവും കൊള്ളാം ഷിജൂ എന്ന് എപ്പോഴും പറയുന്നതിന്റെ ആവര്‍ത്തനവിരസതകൊണ്ടും മാത്രമാണ് ചിലപ്പോഴൊക്കെ മിണ്ടാണ്ടിരിക്കുന്നത്.

അതുകൊണ്ട് നിര്‍ത്തരുതേ. ഈയിടെയായി ഒരു വാലുണ്ടായിരുന്നെങ്കില്‍ ഒന്ന് തീപിടിക്കാമായിരുന്നു എന്ന രീതിയില്‍ കുറെയേറെ പരിപാടികള്‍ വന്നുപെട്ടതുകാരണം ബ്ലോഗാഗ്രത കിട്ടുന്നില്ല. അതുമൊരു കാരണം.

എല്ലാ മുന്‍‌തുണയും.

Anonymous said...

“ആകാശത്ത്‌ രാശിചക്രം വരച്ചതാര് “എന്ന പേരില്‍ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു പുതകം കണ്ടു. വലിയ താല്‍പ്പര്യമില്ലാത്തതിനാല്‍ വാങിയില്ല് സുഹൃത്തേ. പക്ഷെ ന്നാളൊരുദിവസം ആരോ അതിനെപ്പറ്റി എഴുതിയും കണ്ടു.
ഷിജൂ, ഇത്തരം കാര്യങള്‍ നമുക്ക്‌ വേണ്ടിയല്ല കുട്ടികള്‍‌ക്കു വേണ്ടിയാണ് എന്ന വിചാരിച്ച്‌ തുടരൂ. വായിക്കുണ്ണ്ട്‌‌. -സു-

Santhosh said...

സുനില്‍ പറഞ്ഞത് എത്ര ശരി. ഇന്നത്തെ ബൂലോഗത്തിലെ പാര്‍ടിസിപേഷന്‍ ഒരു മാനദണ്ഡമാക്കി ഇത്തരം വിജ്ഞാനപ്രദമായ ബ്ലോഗുകള്‍ നിര്‍ത്തുരുതെന്ന അപേക്ഷയാണ്. ഇതൊക്കെ വായിക്കാനും ചര്‍ച്ച ചെയ്യാനും ഇന്നല്ലെങ്കില്‍ നാളെ ആള്‍ക്കാരുണ്ടാവും ഷിജൂ. ധൈര്യമായിട്ട് തുടരൂ.

viswaprabha വിശ്വപ്രഭ said...

ഷിജൂ, ചതിക്കല്ലേ,

എഴുത്തും അവതരണവും നൂറുമാര്‍ക്കോടെ നന്നാവുന്നതുകൊണ്ടാണ് കമന്റൊന്നും ഇടാത്തത്. പക്ഷേ എഴുത്തുനിര്‍ത്തിയാല്‍....grrr.....

മലയാളം വിക്കിയില്‍ ഏറ്റവും ആദ്യത്തെ പേജുകളില്‍ ഒന്നായി ഈ വിഷയം പണ്ടു തുടങ്ങിവെച്ചിട്ടുണ്ടായിരുന്നു. തക്കതായ ഒരാള്‍ വന്നു മുഴുമിക്കുമെന്ന ആശയില്‍, കാത്തിരിക്കുകയായിരുന്നു. ഉമേഷിനോടു പറഞ്ഞുനോക്കി. സമയക്കുറവും ഗുരുകുലത്തിലെ തിരക്കും കൊണ്ട് ഇപ്പോഴൊന്നും ആശാന്‍ ഏല്‍ക്കുമെന്നു തോന്നുന്നില്ല.മറ്റു പലരും സഹകരിക്കുന്നുണ്ടെങ്കിലും ഷിജുവായിരിക്കും ആ ലേഖനവും വിഷയവും ഏറ്റെടുക്കാനും മേല്‍നോട്ടം വഹിക്കുവാനും ഏറ്റവും അനുയോജ്യന്‍!

ആദ്യം ഈ ബ്ലോഗില്‍ ഇടുക.ഇവിടത്തെ ചര്‍ച്ചകളും വിശദീകരണങ്ങളും കഴിഞ്ഞു പാകപ്പെടുത്തിയാല്‍ വിക്കിയിലേക്കു പറ്റിയ ഒന്നാന്തരം ലേഖനങ്ങളാവും അതൊക്കെ!

അതുകൊണ്ട് നിര്‍ത്തരുതേ, തുടര്‍ന്നുകൊണ്ടേ ഇരിക്കണം.

വേണ്ടത്ര ആധികാരികതയും അത്ര തന്നെ ലാളിത്യവുമുണ്ട് ഷിജുവിന്റെ ലേഖനങ്ങള്‍ക്ക്, സത്യം!

മുല്ലപ്പൂ said...

ആഹാ , ഇതു കൊള്ളാല്ലോ.
പഞ്ചാംഗം കിട്ടുമ്പോള്‍ നൊക്കുമ്പോള്‍ പലകാര്യങ്ങളും (ജ്യൊതിഷം അല്ല) ഇവിടെ.
എഴുത്തു തുടരൂ. വായിക്കാന്‍ എല്ലരും ഉണ്ടു.

Shiju said...

ദയവായി എല്ലാവരും ക്ഷമിക്കണം. ആരേയും പ്രകോപിക്കാന്‍ വേണ്ടി അല്ല ഞാന്‍ അങ്ങനെ പറഞ്ഞത്‌. എനിക്ക്‌ ഈ അടുത്ത്‌ ഒരു ഇ മെയില്‍ കിട്ടി. അതില്‍ പറയുന്നത്‌ എന്തിനാണ് ഇത്രയും അടിസ്ഥാനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ന്നത്‌. കുറച്ച്‌ കൂടി സീരിയസ്സായ വിഷയങ്ങള്‍ പോസ്റ്റ് ചെയ്ത്‌ കൂടെ എന്ന്‌. എതരം അടിസ്ഥാന പരമായ വിഷയങ്ങള്‍ ക്ക്‌ വിക്കിയിലേക്ക്‌ മറ്റോ ലിങ്കിയാല്‍ പോരേ എന്ന്‌. അതോടെ ഞാന്‍ സംശയത്തിലായി. വേണമെങ്കില്‍ Naked Singularity of Black Holes എന്നോ Grand Unified Theory എന്നൊക്കെ പറഞ്ഞ്‌ വെടിക്കെട്ട്‌ സാധനങ്ങള്‍ എഴുതാം. പക്ഷെ അത്‌ എത്ര പേര്‍ക്ക്‌ മനസ്സിലാകും. ഇനി ഇപ്പോള്‍ ചില അടിസ്ഥാന വിവരങ്ങള്‍ക്ക്‌ ലിങ്കിയാല്‍ തന്നെ ആ ലേഖനം എത്ര പേര്‍ വായിക്കും. ഇതൊക്കെ കൊണ്ടാണ് അടിസ്ഥാനപരമായ കാര്യങ്ങളില്‍ തുടങ്ങി പതുക്കെ ജ്യോതി ശാസ്ത്രത്തിലെ വിവിധ മേഖലകളിലേക്ക്‌ കടക്കാം എന്ന്‌ തീരുമാനിച്ചത്‌. പലര്‍ക്കും ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വിഷയം അറിയാമായിരിക്കും. കൂറച്ച്‌ കൂടി ക്ഷമിക്കൂ. പതുക്കെ ജ്യോതി ശാസ്ത്രത്തിന്റെ അല്‍ഭുത പ്രപഞ്ചത്തിലേക്ക്‌ നമ്മള്‍ക്ക്‌ യാത്ര തുടരാം.

സീയെസ്സും, ഉമേഷേട്ടനും, ശ്രീജിത്തും, ദിലീപും, പ്രപ്രയും, വക്കാരിയും, സുനിലും, സന്തോഷേട്ടനും, വിശ്വേട്ടനും, മുല്ലപ്പൂവും ഒക്കെ തരുന്ന സഹകരണത്തിന് വളരെ നന്ദി.

myexperimentsandme said...

ഷിജൂ, കടിച്ചാല്‍ പൊട്ടാത്ത പോലെ ആര്‍ക്കും മനസ്സിലാവാത്തതുപോലെയുള്ള എഴുത്തുകള്‍ ധാരാളമുണ്ടല്ലോ. ലളിതമായ വിവരണം, അതും അടിസ്ഥാനപരമായ കാര്യങ്ങളില്‍, ആണ് ഇപ്പോള്‍ നമുക്കില്ലാത്തത്. ഷിജു ആ കുറവാണ് നികത്തുന്നത്. നേരത്തെ പലയിടത്തും പറഞ്ഞതുപോലെ സ്കൂളിലൊക്കെ പഠിച്ചപ്പോള്‍ ഇത്രയും ലളിതമായി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പഠനം വളരെ ആസ്വാദ്യകരമായേനെ.

അതുകൊണ്ട് അടിസ്ഥാനപരമായ കാര്യങ്ങളുടെ ലളിതമായ വിവരണം ഷിജു ഇപ്പോള്‍ ചെയ്യുന്നതുപോലെ തുടര്‍ന്നും ചെയ്യണം. ഇത് ജ്യോതിശാസ്ത്രം അറിയുന്നവരെക്കാളധികമായി അറിവില്ലാത്തവര്‍ക്കും അത് എന്താണെന്ന് മനസ്സിലാക്കാന്‍ വളരെ ഉപകരിക്കും എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.

കരിപ്പാറ സുനില്‍ said...

സൂര്യന്‍ കറങ്ങുന്ന രാശീചക്രവും ചന്ദ്രന്‍ കറങ്ങുന്ന രാശീചക്രവും വ്യത്യസ്തമാണ്.ഈ വസ്തുത ലേഖനത്തില്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണുതാനും.(സൂര്യന് 365 ദിവസവും ചന്ദ്രന് 27 ദിവസവും രാശീചക്രം ഒന്നു കറങ്ങാന്‍ വേണ്ടി വരുമെന്നകാര്യം)പക്ഷെ,സാധാരണയായി സൂര്യരാശീചക്രവും ചന്ദ്രരാശീചക്രവുമൊന്നുതന്നെയാണെന്ന് തെറ്റിദ്ധരിക്കറുള്ള കാര്യം ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ!അതിനു കാരണമായി പറയുന്നത്,ഭൂമിയില്‍ നിന്നു വീക്ഷിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു എന്നതാണ്.
ഇനിയും ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു
വളരേ ഉപകാരപ്രദമാണ് താങ്കളുടെ ലേഖനങ്ങള്‍
ആശംസകളോടെ
കരിപ്പാറ സുനില്‍

Anoop Technologist (അനൂപ് തിരുവല്ല) said...

ഷിജു,

ഒന്നാന്തരമായി എഴുതിയിരിക്കുന്നു.

ആര്‍ക്കും മനസിലാകുന്ന വിധം ലാളിത്യമുള്ള ലേഖനങ്ങളാണ് വായനക്കാര്‍ക്കുവേണ്ടത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയഷിജൂ,
താങ്കളുടെ ഈ ബ്ലോഗ്‌ വായിക്കുവാന്‍ താമസിച്ചതില്‍ ക്ഷമിക്കുക. ഇനി സാവധാനം താങ്കളുടെ എല്ലാ പോസ്റ്റുകളും ഒന്നു വായിക്കട്ടെ

ഒരു “ദേശാഭിമാനി” said...

നല്ലൊരു പോസ്റ്റു, കാണാന്‍ വൈകിപ്പോയി!

സന്തോഷ്‌ said...

സൂര്യന്‍ സഞ്ചരിക്കുന്ന രാശിചക്രവും ചന്ദ്രന്‍ സഞ്ചരിക്കുന്ന രാശിചക്രവും ഒന്നാണ് ...യാതൊരു സംശയവും വേണ്ട