ഇതേ പോലെ തന്നെ പ്രാധാന്യം ഉള്ള രണ്ട് ബിന്ദുക്കളാണ് ദക്ഷിണ അയനാന്തവും ഉത്തര അയനാന്തവും. സെപ്റ്റമ്പര്‍ 23-നു തുലാ വിഷുവത്തില്‍ (Autumnal Equinox) നിന്ന് സൂര്യന്‍ തെക്കോട്ട് സഞ്ചരിച്ച് ഡിസംബര്‍ 22-ന് ഏറ്റവും തെക്കുഭാഗത്തെത്തുന്നു. ഈ ബിന്ദുവിനെയാണ് ദക്ഷിണ അയനാന്തം (Winter Solistic) എന്ന് പറയുന്നത്. പിന്നീട് അവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ച് മാര്‍ച്ച് 21-നു മഹാവിഷുവത്തില്‍ (മേഷാദി) (Vernal Equinox) എത്തുന്നു. പിന്നീട് അവിടെ നിന്ന് യാത്ര തുടര്‍ന്ന് ജൂണ്‍ 22-നു ഏറ്റവും വടക്ക് ഭാഗത്തുള്ള ബിന്ദുവില്‍ എത്തുന്നു. ഈ ബിന്ദുവിനെയാണ് ഉത്തര അയനാന്തം (Summer Solistic) എന്ന് പറയുന്നത്. കൂടുതല്‍ വിവരത്തിന് ചിത്രം കാണുക.

പുരസ്സരണം എന്താണെന്നും അത് മൂലം വിഷുവങ്ങള്‍ക്ക് വര്‍ഷംതോറും സ്ഥാനചലനം ഉണ്ടാകുന്നതും ആയി നമ്മള്‍ കഴിഞ്ഞ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കിയല്ലോ. ചിത്രത്തില്‍ നിന്ന് മഹാവിഷുവം, തുലാ വിഷുവം, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കളാണെന്നും മനസ്സിലാക്കാമല്ലോ. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26'' ആര്‍ക് സെക്കന്റ് വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തതിലെ ബിന്ദുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന് പറയുന്നു.
കുറിപ്പ്: ഋതുക്കളെ കുറിച്ച് പറയുമ്പോള്‍ ഈ ബിന്ദുക്കളെ കുറിച്ച് പരാമര്‍ശിക്കേണ്ടി വരും. അപ്പോള്‍ അത് വിശദീകരിക്കുന്നത് ഒഴിവാക്കാനാണ് ഈ പോസ്റ്റ്.
കടപ്പാട്: ടെബ്ലേറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായിച്ച ടെബ്ലേറ്റ് ചേട്ടന് (ശ്രീജിത്ത്) പ്രത്യേക നന്ദി.